Published: January 20, 2026 08:05 PM IST
1 minute Read
ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർക്കെതിരെ രൂക്ഷവിമർശനവുമായി വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി. ന്യൂസീലൻഡിനെതിരെ മൂന്നാം ഏകദിനത്തിലെ സെഞ്ചറി ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർക്കെതിരെ വികാസ് രംഗത്തെത്തിയത്. മഞ്ജരേക്കറുടെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസ രൂപേണയുള്ള വിമർശനം.
‘‘ഏറ്റവും എളുപ്പമുള്ള ക്രിക്കറ്റ് ഫോര്‍മാറ്റിനെക്കുറിച്ച് മിസ്റ്റർ എക്സ്പെർട്ട് ഓഫ് ക്രിക്കറ്റിന് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും, അത് ചെയ്യാൻ നിങ്ങൾ ഇവിടെ വേണം. ഞാൻ മുൻപു പറഞ്ഞതുപോലെ, പറയുന്നതുപോലെ എളുപ്പമല്ല ചെയ്തു കാണിക്കാൻ.’’– മഞ്ജരേക്കറെ പരോക്ഷമായി പരിഹസിച്ച് വികാസ് കോലി തന്റെ ഔദ്യോഗിക ത്രെഡ്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്, ഏകദിനത്തിൽ മാത്രം തുടരാനുള്ള കോലിയുടെ തീരുമാനത്തെ നേരത്തെ മഞ്ജരേക്കർ എതിർത്തിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പോലുള്ളവർ ടെസ്റ്റില്‍ സെഞ്ചറികള്‍ വാരിക്കൂട്ടുമ്പോള്‍ വിരാട് കോലി കടുപ്പമേറിയ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച് എളുപ്പമുള്ള ഫോര്‍മാറ്റായ ഏകദിനത്തില്‍ മാത്രം തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്നായിരുന്നു മഞ്ജരേക്കറുടെ കുറ്റപ്പെടുത്തൽ. ഏകദിനം എളുപ്പമുള്ള ഫോർമാറ്റാണെന്നു പറഞ്ഞ മഞ്ജരേക്കർക്കെതിരെ അന്നുമുതൽ തന്നെ ഒട്ടേറെ വിമർശനം ഉയർന്നിരുന്നു.
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 108 പന്തിൽ 124 റൺസാണ് കോലിയെടുത്തത്. രാജ്യാന്തര കരിയറിലെ കോലിയുടെ 85–ാം സെഞ്ചറിയായിരുന്നു ഇത്. മത്സരം ഇന്ത്യ തോറ്റെങ്കിലും രോഹിത് ശർമ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ പരാജയപ്പെട്ട സ്ഥാനത്താണ് വീറോടെ പൊരുതി വിരാട് കോലി സെഞ്ചറി നേടിയത്. ഇതാണ് വികാസ് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്.
English Summary:








English (US) ·