'ഇപ്പോള്‍ എല്ലാവര്‍ക്കും എന്നെ അറിയാം, പുഷ്പ കാരണം കൂടുതൽ പരിചിതനായി-അല്ലു അർജുൻ

8 months ago 8

Allu Arjun

അല്ലു അർജുൻ | ഫോട്ടോ: PTI

മുംബൈ: ഇന്ത്യൻ സിനിമ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ആഗോള ബോക്സ് ഓഫീസിൽ വലിയ സ്വാധീനം ചെലുത്തുമെന്നും നടൻ അല്ലു അർജുൻ. ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയുടെ (വേവ്സ് സമ്മിറ്റ് 2025) ഭാഗമായി നടന്ന 'ടാലന്റ് ബിയോണ്ട് ബോർഡേഴ്സ്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ അതിർവരമ്പുകൾ നിരന്തരം ഭേദിച്ചുകൊണ്ട് ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാനുള്ള തൻ്റെ ആഗ്രഹവും അല്ലു അർജുൻ പങ്കുവെച്ചു.

നമുക്ക് വളരെ വലിയൊരു ചലച്ചിത്ര വ്യവസായമുണ്ടെന്ന് ഇന്ത്യൻ സിനിമയ്ക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ അല്ലു അർജുൻ പറഞ്ഞു. പതിറ്റാണ്ടുകളായി നമ്മൾ ഇവിടെയുണ്ടെങ്കിലും ആഗോള ബോക്സ് ഓഫീസിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള സമയമായി എന്ന് തോന്നുന്നു. ഇന്ത്യ അവിടേക്ക് എത്തുകയാണ്. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ വളരുകയാണ്. വരുന്ന വർഷങ്ങളിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായം ആഗോളതലത്തിൽ മുദ്ര പതിപ്പിക്കുമെന്നും അല്ലു അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ഇത് ഇപ്പോൾ സംഭവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റ് മേഖലകളിലും, മെഡിക്കൽ രംഗത്തും മറ്റ് എക്സ്പോകളിലും പല സമ്മേളനങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്. വിനോദ വ്യവസായത്തിനും ഇത് സംഭവിക്കണമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു, അത് യഥാർത്ഥത്തിൽ സംഭവിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ കരിയർ എങ്ങനെ വികസിച്ചു എന്ന് അല്ലു അർജുൻ ഓർത്തെടുത്തു, ഒരുകാലത്ത് താൻ ഒരു പ്രാദേശിക നടനായി സ്വയം കരുതിയിരുന്നെങ്കിലും പുഷ്പ ഫ്രാഞ്ചൈസിയുടെ വിജയം അത് മാറ്റിമറിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്ക് സിനിമയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും താൻ ഇതിനകം സുപരിചിതനായിരുന്നുവെങ്കിലും, പുഷ്പ തന്നെ വിശാലമായ ദേശീയ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയെന്ന് അദ്ദേഹം പങ്കുവെച്ചു. “ഇപ്പോൾ എല്ലാവർക്കും എന്നെ തിരിച്ചറിയാം... ഞാൻ തെലുങ്ക് സിനിമകളിൽ അഭിനയിക്കുകയും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ തരക്കേടില്ലാത്ത ജനപ്രീതി നേടുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ 'പുഷ്പ' കാരണവും മുഴുവൻ ഇന്ത്യൻ പ്രേക്ഷകരുടെയും അനുഗ്രഹം കൊണ്ടും ഞാൻ കൂടുതൽ പരിചിതനായി. അതുകൊണ്ട് ഇതൊരു നീണ്ട യാത്രയാണ്, ഈ യാത്ര ആരംഭിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്," അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രമാണ് അല്ലു അർജുന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ചിത്രത്തേക്കുറിച്ച് സമ്മിറ്റിൽ അല്ലു അർജുൻ പ്രതികരിച്ചത്. പൂർണ്ണമായും ഇന്ത്യൻ ഭാവുകത്വത്തോടെയുള്ള ഒരു അന്താരാഷ്ട്ര അവതരണ ശൈലിയിലുള്ള സിനിമയായിരിക്കും ഇതെന്നും താരം കൂട്ടിച്ചേർത്തു. സൂപ്പർ ഹീറോ ആയാണ് അല്ലു അർജുൻ ചിത്രത്തിലെത്തുകയെന്ന് റിപ്പോർട്ടുണ്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2025 ഓഗസ്റ്റിൽ ആരംഭിക്കും.

Content Highlights: Allu Arjun discusses Indian cinema`s planetary potential, his vocation evolution

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article