മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മോശം ഫോമിൽ തുടരുന്ന സൂപ്പർതാരം രോഹിത് ശർമയ്ക്ക് രൂക്ഷ വിമർശനം. സീസണിലെ മൂന്നാം മത്സരത്തിലും കാര്യമായ സംഭാവന കൂടാതെ പുറത്തായതോടെയാണ് താരത്തിനെതിരായ വിമർശനം കടുത്തത്. രോഹിത് ശർമ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമിൽ തുടരുന്നതെന്നും അല്ലെങ്കിൽ എപ്പോഴേ പുറത്താകുമായിരുന്നുവെന്നും ഇംഗ്ലണ്ടിന്റെ മുൻ താരവും കമന്റേറ്ററുമായ മൈക്കൽ വോൺ പരിഹസിച്ചു. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രോഹിത് 12 പന്തിൽ 13 റൺസെടുത്ത് പുറത്തായിരുന്നു.
ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽനിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശർമയുടെ സ്കോറുകൾ. മൂന്നു കളികളിൽനിന്ന് ആകെ നേടാനായത് 21 റൺസ് മാത്രം. ഇതിൽ ആദ്യത്തെ രണ്ടു കളികൾ ടീം തോൽക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ഐപിഎൽ സീസണുകൾ പരിഗണിച്ചാലും രോഹിത് 400 റൺസിനു മുകളിൽ സ്കോർ ചെയ്തത് ഒരേയൊരു സീസണിൽ മാത്രമാണ്.
‘രോഹിത് ശർമ’ എന്ന പേരിന്റെ വലിപ്പം കൊണ്ടു മാത്രമാണ് ഇപ്പോഴും അദ്ദേഹം ടീമിൽ തുടരുന്നതെന്ന് മൈക്കൽ വോൺ തുറന്നടിച്ചു. രോഹിത്തിൽനിന്ന് പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം ഉടനെ വന്നേ തീരൂവെന്നും വോൺ അഭിപ്രായപ്പെട്ടു. കൊൽക്കത്തയ്‍ക്കെതിരായ മത്സരത്തിൽ രോഹിത് ശർമ ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്.
‘‘രോഹിത് ശർമ സ്കോർ ചെയ്ത റൺസ് നോക്കൂ. രോഹിത് ശർമയുടെ ബാറ്റിങ് അടിസ്ഥാനമാക്കി മാത്രമേ ഈ ഘട്ടത്തിൽ അദ്ദേഹത്തെ വിലയിരുത്താനാകൂ. കാരണം അദ്ദേഹം ഇപ്പോൾ ടീമിന്റെ ക്യാപ്റ്റനല്ല. രോഹിത്തിന്റെ പ്രകടനം ശരാശരി മാത്രമായി ഒതുങ്ങുകയാണ്. രോഹിത് ശർമ എന്ന പേരുകൂടി ഇല്ലായിരുന്നെങ്കിൽ എന്നേ ടീമിനു പുറത്തുപോകേണ്ട പ്രകടനമാണ് അദ്ദേഹത്തിന്റേത്. രോഹിത് ശർമയേപ്പോലൊരു താരത്തിൽനിന്ന് ഉണ്ടാകേണ്ട പ്രകടനമല്ല ഇതുവരെ സംഭവിച്ചിരിക്കുന്നത്’ – മൈക്കൽ വോൺ പറഞ്ഞു.
‘‘പക്ഷേ, അദ്ദേഹം ക്യാപ്റ്റനായിക്കൂടി കളിച്ചിരുന്നെങ്കിൽ ഈ നമ്പറുകൾ മാത്രം നോക്കി വിലയിരുത്താൻ ഞാൻ മുതിരുമായിരുന്നില്ല. അപ്പോൾ തന്റെ നേതൃപരമായ കഴിവുകളും തന്ത്രങ്ങളും പരിചയസമ്പത്തും ടീമിനായി ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. ഇന്ത്യൻ ടീമിലും മുൻപ് മുംബൈ ഇന്ത്യൻസിലും അതു നമ്മൾ കണ്ടിട്ടുള്ളതുമാണ്. പക്ഷേ, ഇപ്പോൾ അദ്ദേഹം ബാറ്റർ മാത്രമായതിനാൽ, ബാറ്റിങ്ങിലെ പ്രകടനം നോക്കിയല്ലേ തീരൂ. അദ്ദേഹം റൺസ് കണ്ടെത്തിയേ തീരൂ’ – മൈക്കൽ വോൺ പറഞ്ഞു.
‘‘ഇതുകൊണ്ടു മാത്രം അവർ രോഹിത്തിനെ ടീമിൽനിന്ന് തഴയുമെന്നല്ല ഞാൻ പറയുന്നത്. ഞാനാണെങ്കിലും അദ്ദേഹത്തെ തഴയില്ല. പക്ഷേ, അദ്ദേഹം പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ഒരു ടീമിനെ സംബന്ധിച്ച്, രോഹിത് ശർമയേപ്പോലുള്ള താരങ്ങൾ അവരുടെ പരിചയസമ്പത്ത് പരമാവധി വിനിയോഗിച്ചേ തീരൂ’ – മൈക്കൽ വോൺ പറഞ്ഞു.
അതേസമയം, ഇപ്പോഴും ഇന്ത്യൻ ടീമിന്റെ നായകനായി തിളങ്ങുന്ന രോഹിത്തിനെ, മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത് എന്തിനാണെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും മൈക്കൽ വോൺ വ്യക്തമാക്കി. കഴിഞ്ഞ സീസണിലാണ് രോഹിത് ശർമയെ നീക്കി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയെ മുംബൈ നായകനായി അവരോധിച്ചത്.
‘‘രോഹിത് ശർമ മുംബൈയുടെ നായകനാകാത്തത് എന്തുകൊണ്ടാണെന്ന് സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇപ്പോഴും ഇന്ത്യൻ ടീമിനെ നയിക്കാനുള്ള മികവ് രോഹിത്തിനുണ്ട്. പിന്നെ എന്തുകൊണ്ടാണ് മുംബൈയെ നയിക്കാൻ അവസരം നൽകാത്തത്? ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ എത്രയോ മികച്ച പ്രകടനമാണ് രോഹിത്തിന്റേത്. പക്ഷേ, ഇവിടെ അദ്ദേഹത്തെ തഴഞ്ഞിരിക്കുന്നു’ – വോൺ പറഞ്ഞു.
‘‘ദേശീയ ടീമിന് കിരീടങ്ങളും തുടർവിജയങ്ങളും സമ്മാനിച്ച് തിളങ്ങിനിൽക്കുന്ന ഒരു ക്യാപ്റ്റന്, ഇതുപോലുള്ള ഒരു ലീഗിൽ തന്റെ ടീമിനെ നയിക്കാനാകില്ലേ? ഈ സീസണിലുടനീളം അദ്ദേഹം ടീമിലുണ്ടാകുമെന്ന് ഓർക്കണം. കഴിഞ്ഞ വർഷം മുതൽ വന്നിരിക്കുന്ന ഈ മാറ്റം എനിക്ക് ഇപ്പോഴും ഉൾക്കൊനാകുന്നില്ല’ – വോൺ പറഞ്ഞു.
English Summary:








English (US) ·