‘ഇപ്പോൾ ബോംബ് വീഴുമെന്ന് എല്ലാവരും അലറുന്നു’: ഐപിഎൽ വേദിയിലെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങളുമായി ചിയർ ലീഡർ– വിഡിയോ

8 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: May 09 , 2025 10:59 AM IST

1 minute Read

വിഡിയോ പങ്കുവച്ച യുവതി, ധരംശാലയിലെ സ്റ്റേഡിയത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു (Photo by Shammi MEHRA / AFP)
വിഡിയോ പങ്കുവച്ച യുവതി, ധരംശാലയിലെ സ്റ്റേഡിയത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു (Photo by Shammi MEHRA / AFP)

ധരംശാല∙ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎലിലെ പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിയർ ലീഡേഴ്സ് സംഘത്തിൽപ്പെട്ട യുവതി പങ്കുവച്ച വിഡിയോ. സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം ഉപേക്ഷിക്കുകയും കളിക്കാരെയും കാണികളെയും ഉൾപ്പെടെ അടിയന്തരമായി സ്റ്റേഡിയത്തിൽനിന്ന് മാറ്റുകയും ചെയ്ത സംഭവത്തിന്റെ ഗൗരവം വെളിവാക്കുന്നതാണ് ഈ വിഡിയോ. ‘ഇപ്പോൾ ബോംബ് വീഴും’ എന്ന് അലറിക്കൊണ്ടാണ് ആളുകൾ സ്റ്റേഡിയം വിടുന്നതെന്ന് വിദേശി കൂടിയായ യുവതി വിഡിയോയിൽ പറയുന്നുണ്ട്.

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരമാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ പാതിവഴിയിൽ ഉപേക്ഷിച്ചത്. മഴയെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയ പ‍ഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരം ഇന്നലെ രാത്രി 8.30നാണ് ആരംഭിച്ചത്.ആദ്യം ബാറ്റു ചെയ്ത പ‍ഞ്ചാബ് ഓപ്പണർമാരായ പ്രിയാംശ് ആര്യയുടെയും (34 പന്തിൽ 70) പ്രഭ്സിമ്രൻ സിങ്ങിന്റെയും (28 പന്തിൽ 50 നോട്ടൗട്ട്) ബാറ്റിങ് മികവിൽ തകർത്തടിച്ചു. ടീം സ്കോർ 122ൽ നിൽക്കെ, 11–ാം ഓവറിലെ ആദ്യ പന്തിൽ പ്രിയാംശ് പുറത്തായതിനു പിന്നാലെയാണ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.

പഞ്ചാബിന്റെ അടുത്ത ബാറ്റർ ക്രീസിലെത്തും മുൻപേ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളുടെ ഒരു ടവർ അപ്രതീക്ഷിതമായി ഓഫ് ആക്കി. താരങ്ങളും അംപയർമാരും ഗ്രൗണ്ടിൽനിന്ന് മടങ്ങിയതിനു പിന്നാലെ അടുത്ത 2 ടവർ ലൈറ്റുകളും പ്രവർത്തനരഹിതമായി. ഈ സമയം ഗ്രൗണ്ടിലിറങ്ങിയ ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ കാണികളോട് സ്റ്റേഡിയം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെയാണ് യുവതി വിഡിയോ പകർത്തിയിരിക്കുന്നത്. ‘‘മത്സരം പാതിവഴിയിൽ നിൽക്കെ സ്റ്റേഡിയം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് ഇവിടെ. ഇപ്പോൾ ബോംബ് വീഴും എന്ന പറഞ്ഞാണ് ആളുകൾ സ്റ്റേഡിയം വിടുന്നത്’ – വിഡിയോയിൽ യുവതി പറയുന്നു.

‘‘ആകെ പേടി തോന്നുന്നു. എത്രയും വേഗം ഞങ്ങൾക്ക് ധരംശാല വിടണം. ഐപിഎൽ അധികൃതർ ഞങ്ങളുടെ കാര്യം നോക്കുമെന്നാണ് പ്രതീക്ഷ. വളരെയധികം ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. എന്തുകൊണ്ടാണ് എനിക്കു കരയാൻ സാധിക്കാത്തത് എന്ന് ഞാൻ തന്ന അദ്ഭുതപ്പെടുകയാണ്. ഞാൻ ഇപ്പോലും കനത്ത ഷോക്കിലായതു കൊണ്ടാകും’ – യുവതി പറഞ്ഞു. ഇവർ വിഡിയോ പകർത്തുന്നതിനിടെ സ്റ്റേഡിയം ഇരുട്ടിലാകുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

പഞ്ചാബ് – ഡൽഹി മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഐപിഎൽ സീസണിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പലതും അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നേക്കും. ഇക്കാര്യത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ ഇന്ന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്. 

English Summary:

'Bombs Are Coming...': IPL Cheerleader Recalls Panic As PBKS-DC Match Called Off

Read Entire Article