ചില ഗാനങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. പുറത്തിറങ്ങുന്ന സമയത്ത് ശ്രദ്ധിക്കപ്പെടും. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാകും ആ ഗാനത്തിന്റെ യഥാര്‍ത്ഥ 'പവര്‍' ആസ്വാദകര്‍ തിരിച്ചറിയുക. ഗാനത്തിനൊപ്പം ഭാഗ്യമുണ്ടെങ്കില്‍ അതില്‍ അഭിനയിച്ചിരിക്കുന്നവരും വീണ്ടും ട്രെന്‍ഡാവും. അങ്ങനെയൊരു ഭാഗ്യം കിട്ടിയ നടനാണ് കൃഷ്ണ. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന ചിത്രത്തിലെ 'അലകടലും കാറ്റും കാമിക്കില്ലേ' എന്ന ഗാനരംഗത്ത് വീണ്ടും അഭിനയിക്കുകയും അത് വൈറലാക്കുകയും ചെയ്തിരിക്കുകയാണ് കൃഷ്ണ. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹസത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും കൃഷ്ണ മനസുതുറക്കുന്നു.
സാഹസം എന്ന ചിത്രത്തിലേക്ക് എത്തിയതെങ്ങനെയാണ്.
സിനിമയില്‍ ചെറിയ വേഷമാണെങ്കിലും ആ പാട്ടിലാണ് സിനിമയുടെ രസം വന്നിരിക്കുന്നത്. ആ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരിടത്തുമാണ്. ഒരു വെബ്‌സീരീസിന്റെ ഷൂട്ട് കഴിഞ്ഞ് ഒരുമാസമായി വീട്ടിലിരിക്കുമ്പോഴാണ് സാഹസത്തിലേക്കുള്ള അവസരം വരുന്നത്. ഞാന്‍ സത്യത്തില്‍ നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നു. നല്ല വേഷം എന്നാല്‍ പത്ത് പതിനഞ്ച് സീനൊക്കെ വരുന്ന ഒരെണ്ണം. കാരണം ഇപ്പോഴും ഒരു നായകന്റെ മനസോടെയാണ് മുന്നോട്ടുപോകുന്നത്. സംവിധായകന്‍ ബിബിനാണ് സാഹസത്തിലേക്ക് വിളിച്ചത്. ഒരു സീനാണുള്ളത് എന്നു പറഞ്ഞപ്പോള്‍ ആദ്യമൊന്ന് മടിച്ചു. കാരണം ഭയങ്കര പേടിയാണ്. കുറേ സിനിമകള്‍ ഒരു സീന്‍, രണ്ട് സീന്‍ കഥാപാത്രങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ അതിനൊന്നും ഒരു മൂല്യമുണ്ടെന്ന് തോന്നിയിരുന്നില്ല. ബിബിനോട് ഞാന്‍ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചുപറഞ്ഞു. പക്ഷേ, ഞാന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന് ബിബിന്‍ നിര്‍ബന്ധം പിടിച്ചു. ഇന്നത്തെ കാലത്ത് ഒരിക്കലും ഒരു സംവിധായകനും അങ്ങനെ പറയില്ല. കാരണം ഒരാളെ കിട്ടിയില്ലെങ്കില്‍ അടുത്തയാളിലേക്ക് ആ അവസരം പോകും. ഇന്‍ഡിപെന്‍ഡന്‍സിലെ പാട്ടും ഉണ്ടാകുമെന്നും ബിബിന്‍ പറഞ്ഞു. അപ്പോഴാണ് ഇത് ചെയ്യണമെന്ന ആഗ്രമുണ്ടായത്. അതോടെ ആ വേഷത്തിനായി ഞാന്‍ ചാടി വീഴുകയായിരുന്നു.
കൃഷ്ണ എന്ന നടനെ ആളുകള്‍ മറന്നുതുടങ്ങിയെന്ന് തോന്നിയോ?
എന്റെ മകന്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവന്റെ കൂട്ടുകാര്‍ക്ക് എന്നെ ഒരു സിനിമാ നടനായി കാണാന്‍ പറ്റുന്നില്ല. കാരണം എന്റേതെന്നു പറയാന്‍ മാത്രമുള്ളൊരു വേഷം എനിക്ക് അവരെ കാണിക്കാനില്ല. ആളുകള്‍ മറന്നുതുടങ്ങിയ നടനാണ് ഞാന്‍. സാഹസത്തിലെ വേഷം ചെയ്യാമെന്നേറ്റതിന് പിന്നാലെ ചെറിയ പേടിയും തുടങ്ങി. ഈ പാട്ട് എങ്ങനെയാണ് വരിക എന്നാലോചിച്ചിട്ട്. പക്ഷേ, പാട്ട് ക്ലിക്കായാല്‍ വേറെ ലെവലിലെത്തുമെന്ന് അന്നേ ബിബിന്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസമായിരുന്നു ഷൂട്ടിങ് ഉണ്ടായിരുന്നത്. പടത്തിന്റെ തുടക്കത്തിലാണ് എന്റെ രംഗം എന്നതിനാല്‍ ഭംഗിയായി ബിബിന്‍ അത് ചിത്രീകരിച്ചു. ആ പാട്ടാണ് പിന്നീട് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത്. കുറച്ചുംകൂടി വേണമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.
സാഹസം എന്ന ചിത്രവും ഗാനവും തന്ന മൈലേജ് എത്രമാത്രമാണ്.
മുന്‍പൊന്നും കിട്ടാത്ത മൈലേജ് കരിയറില്‍ ഇപ്പോള്‍ കിട്ടിയെന്ന് തോന്നുന്നുണ്ട്. കാരണം ഞാന്‍ തേടിപ്പോയതൊന്നും എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ ഞാന്‍ വീട്ടില്‍ വെറുതേയിരിക്കുമ്പോള്‍ എന്നെത്തേടി വന്ന ചിത്രമാണ് സാഹസം. ഒരുപാട് വേഷങ്ങള്‍ അങ്ങോട്ടുപോയി ചോദിച്ച് വാങ്ങിയിട്ടുണ്ട്. പക്ഷേ അതിനൊന്നും ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍ ഞാന്‍തന്നെ പിന്മാറുകയായിരുന്നു. ഇടയ്ക്ക് ലോഹം, ദൃശ്യം 2 പോലുള്ള ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലെത്തിയിരുന്നു. പക്ഷേ അതുപോലൊരു ചെറിയ വേഷത്തിലൂടെയാണിപ്പോള്‍ തിരിച്ചുവരാന്‍ പറ്റിയതും. എന്തോ ഒരു ബോണസ് എനിക്ക് ദൈവം തന്നു എന്നുവേണം പറയാന്‍.
ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍.
അലകടലും കാറ്റും എന്നത് അന്നത്തെ കാലത്ത് കുറച്ച് മസാലയുള്ള പാട്ടാണ്. അതും അന്നത്തെ ടോപ്പ് ലെവല്‍ മസാല പാട്ട്. ഇന്ദ്രജയായിരുന്നു എന്റെ കൂടെ ആ പാട്ടിലുള്ളത്. അവര്‍ ഫുള്‍ ഡ്രസിലായിരുന്നു. ആ സമയത്ത് എനിക്ക് ഒരു പ്രത്യേക ഉപകരണംവെച്ച് എന്റെ ദേഹത്തേക്ക് മുഴുവന്‍ ശക്തിയില്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് പാട്ടില്‍ എന്റെ വയര്‍ കാണാനിടയായത്. വിനയന്‍ എന്ന സംവിധായകനെയാണ് ഈയവസരത്തില്‍ ഓര്‍ക്കുന്നത്. മനസില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകളാണിതെല്ലാം. എന്റെ ഗോള്‍ഡന്‍ ടൈമായിരുന്നു അന്നൊക്കെ. എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്‍ഡിപെന്‍ഡന്‍സിലെ ആ പാട്ട് തന്ന ഭാഗ്യം ചെറുതല്ല. അന്നാണെങ്കില്‍ ഡാന്‍സ് ചെയ്യുന്ന യുവനടന്മാര്‍ കുറവാണ്. കുഞ്ചാക്കോ ബോബനാണ് ഒന്നാമത്. ചാക്കോച്ചനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ എന്നെയാണ് വിളിക്കുന്നത്.
വലിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ചിട്ടുണ്ടല്ലോ.
വാഴുന്നോര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയം. അതിന്റെ നിര്‍മാതാവ് ഒരിക്കല്‍ എന്നോട് എം.ടി. വാസുദേവന്‍ നായര്‍ സാറിനെ ഒന്ന് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ കിട്ടിയതാണ് ദയ എന്ന ചിത്രത്തിലെ മന്‍സൂര്‍ എന്ന കഥാപാത്രം. വളരെ നിഷ്‌കളങ്കനായ ഒരാള്‍. ഒരുപാടുപേര്‍ ഇപ്പോഴും പറയുന്ന കഥാപാത്രമാണ് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലേത്. തില്ലാന തില്ലാനയിലെ കഥാപാത്രവും അങ്ങനെതന്നെ. അക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നിയിട്ടുണ്ട് ആ ഞാന്‍ തന്നെയാണോ ഇതെന്ന്. അടുത്തതെന്തായിരിക്കും എന്ന് ആലോചിക്കും. എന്റെ ജീവിതത്തില്‍ നോക്കുകയാണെങ്കില്‍ ദൈവം എല്ലാം അതിന്റെ ഏറ്റവും ഉന്നതിയില്‍ കൊണ്ടെത്തിച്ചുതരും. ഇന്‍ഡിപെന്‍ഡന്‍സ് അങ്ങനെയൊന്നായിരുന്നു. ഷാജഹാനില്‍ വിജയ് സാറിന്റെ സെക്കന്‍ഡ് ഹീറോ ആയിട്ടാണ് ചെയ്തത്. കാരണം അന്ന് അങ്ങനെ അഭിനയിക്കുന്നവര്‍ കുറവാണ്. അതിലും മിന്നലെ പിടിത്ത് എന്ന നല്ലൊരു പാട്ട് കിട്ടി. കരിയറില്‍ ഉടനീളം നല്ല പാട്ടുകള്‍ ചെയ്തിട്ടുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പവും തിളങ്ങിനില്‍ക്കുന്ന നായികമാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
ഏതുതരം റോളുകള്‍ ചെയ്യാനാണ് ഇനി ആഗ്രഹം.
നല്ലൊരു വേഷം വന്നാല്‍ ഇമേജ് ബ്രേക്ക് ചെയ്തിരിക്കും. ഒരു നെഗറ്റീവ് വേഷം വന്നാല്‍ ചെയ്യാന്‍ റെഡിയാണ്. അത് കിട്ടുന്നതുവരെ ശ്രമിച്ചുകൊണ്ടേയിരിക്കും. കാരണം ജനങ്ങളുടെ മനസില്‍ ചെറിയൊരു സ്ഥാനമുണ്ട്. അതനുസരിച്ച് ഒരു സംവിധായകന്‍ നല്ലൊരു വേഷം തന്നാല്‍ ഞാന്‍ മികച്ച പ്രകടനംതന്നെ പുറത്തെടുത്തിരിക്കും. നായകന്‍തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണമെന്നേയുള്ളൂ. ഒരുപാടുതവണ വേഷങ്ങള്‍ ചോദിച്ച് അങ്ങോട്ട് പോയിട്ടുണ്ട്. നമ്മളെ തേടി അവസരങ്ങള്‍ വരുമ്പോഴാണ് അതിന് മികച്ച ഫലം കിട്ടുകയെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. സിനിമ കുറഞ്ഞപ്പോഴാണ് ടെലിവിഷന്‍ പരമ്പരകളിലേക്ക് ചുവടുമാറ്റിയത്. സിനിമാക്കാര്‍ക്ക് ഒരു ഗസ്റ്റ് റോള്‍ വേക്കന്‍സി എപ്പോഴും സീരിയലുകളിലുണ്ട്. പക്ഷേ അതൊക്കെ കഴിഞ്ഞു. ഒരു ഗ്യാപ്പില്‍ ചെയ്ത് നിര്‍ത്തിയ സംഭവങ്ങളാണ്.
ആരാണ് ജീവിതത്തിലെ പ്രചോദനം.
ശോഭനയാണ് സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രചോദനമായ വ്യക്തി. ബന്ധുവായതുകൊണ്ട് മാത്രമല്ല. അവരെപ്പോലെ വേറൊരാള്‍ ഉണ്ടാവില്ല. അന്നും ഇന്നും ഒരേ ഊര്‍ജസ്വലതയോടെ നില്‍ക്കുന്നയാളാണ് ശോഭന. സിനിമയേക്കാളും നൃത്തത്തോടാണ് ശോഭനയ്ക്ക് പ്രതിബദ്ധത കൂടുതല്‍. പ്രതിബദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ശോഭന. കലാ മാസ്റ്ററിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇപ്പോഴത്തെ സൗകര്യങ്ങളില്ല. സ്‌റ്റെപ്പ് കാണിച്ചുതരുന്നതിനനുസരിച്ച് ചെയ്യും. നാലുദിവസം മുന്‍പ് റിഹേഴ്‌സലൊന്നും തരില്ല. അന്ന് ഫിലിമിലായിരുന്നല്ലോ സിനിമകള്‍ ചിത്രീകരിച്ചിരുന്നത്. സെറ്റില്‍വെച്ച് മാസ്റ്റര്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരും, നമ്മള്‍ ചെയ്യും. അതായിരുന്നു അന്നത്തെ രീതി. ടേക്കിന്റെ എണ്ണം കൂടിയാല്‍ സംവിധായകന്റെ മുഖം മാറും. ഇന്നാണെങ്കില്‍ നമുക്ക് രണ്ട് ദിവസം മുന്‍പ് റിഹേഴ്‌സല്‍ സെറ്റ് ചെയ്ത് തരും.
സംവിധായകന്‍ വിനയനൊപ്പമാണല്ലോ കൂടുതല്‍ ചിത്രങ്ങളും.
ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിരിക്കുന്നത് വിനയന്‍ സാറിനൊപ്പമാണ്. വിനയന്‍ സാറിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനയന്‍ സാറിന്റെ പടം ചെയ്താല്‍ നിന്നെ വിലക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റേടത്തോടെ മുന്നോട്ടുപോവുകയായിരുന്നു ഞാന്‍. നമ്മള്‍ ഡിപ്ലോമാറ്റിക്കലി ചെയ്തതുകൊണ്ടാണ് വിലക്ക് വരാതിരുന്നത്. അക്കാര്യം വിനയന്‍ സാറിനും അറിയാം. ഡ്രാക്കുള എന്ന ചിത്രം ചെയ്യുമ്പോള്‍ 'നീ വരില്ലേ' എന്ന് വിനയന്‍ സാര്‍ ചോദിച്ചു. സെറ്റിലെത്തിയിരിക്കുമെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. വിനയന്‍ സാറിനെക്കൂടാതെ അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലയിലും ഞാന്‍ വേഷമിട്ടിരുന്നു.
പുതിയ സിനിമകളും പ്രതീക്ഷകളും.
സിനിമ ഒട്ടും പ്രവചനീയമല്ല. ഒന്നും നമ്മുടെ കയ്യിലല്ല. ഇപ്പോള്‍ സാഹസത്തിന്റെ കാര്യമെടുത്താല്‍, ഒരു സീനിലാണ് അഭിനയിച്ചത്. ആ പാട്ട് വൈറലാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എത്രയോ പാട്ടുകള്‍ വന്നുപോയിരിക്കുന്നു. കറക്റ്റ് സ്ഥലത്ത്, കറക്റ്റ് സമയത്ത് ആ പാട്ട് ഉള്‍പ്പെടുത്തി എന്നത് ബിബിന്‍ എന്ന സംവിധായകന്റെ കഴിവാണ്. സിനിമ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നയാളാണ്. സിനിമയില്‍ നാളെ ഉണ്ടാവുമോ എന്നൊന്നും അറിയില്ല. പക്ഷേ സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമുണ്ട്. പുതിയ തലമുറയിലെ ആളുകളൊക്കെ വേറെ ലെവലാണ്. ഒറ്റക്കൊമ്പന്‍ ആണ് പുതിയ ചിത്രങ്ങളിലൊന്ന്. തമിഴില്‍ ഒരു വെബ് സീരീസ് വരുന്നുണ്ട്. അത് പൂര്‍ത്തിയാക്കണം. ഒരു തെയ്യത്തിന്റെ സിനിമ വന്നിട്ടുണ്ട്. ഇതെല്ലാം നല്ല പ്രതീക്ഷ നല്‍കുന്ന പ്രോജക്റ്റുകളാണ്. ജീവിതത്തിലെ ട്വിസ്റ്റ് വരാന്‍ കിടക്കുന്നേയുള്ളൂ.
Content Highlights: Actor Krishna talks astir his comeback with the movie `Saahasam`, the viral song, and his career
ABOUT THE AUTHOR
മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ






English (US) ·