ഇരട്ട ലോകകിരീടങ്ങളുടെ തിളക്കവുമായി വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്സ്‌വെൽ; ഓർമകളിൽ അഫ്ഗാനെതിരായ ഇരട്ടസെഞ്ചറി!

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: June 02 , 2025 12:39 PM IST Updated: June 02, 2025 12:53 PM IST

1 minute Read

ഗ്ലെൻ മാക്സ്‌വെൽ (ഫയൽ ചിത്രം)
ഗ്ലെൻ മാക്സ്‌വെൽ (ഫയൽ ചിത്രം)

സിഡ്നി∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിൽ ഒരാളായ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ‌്‌വെൽ രാജ്യാന്തര ഏകദിനത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വന്റി20യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് താരം ഏകദിനം മതിയാക്കുന്നത്. 2012 മുതൽ 2025 വരെ നീളുന്ന ഏകദിന കരിയറിൽ 149 മത്സരങ്ങൾ കളിച്ചാണ് മാക്സ്‌വെൽ പാഡഴിക്കുന്നത്. ഇത്രയും മത്സരങ്ങളിൽനിന്ന് 3990 റൺസും 77 വിക്കറ്റുമാണ് മാക്സ്‌വെലിന്റെ സമ്പാദ്യം. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലും മാക്സ്‌വെൽ അംഗമായിരുന്നു.

സ്ഫോടനാത്മക ബാറ്റിങ്ങുമായി രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയ മാക്സ്‌വെൽ, ഇത്തവണ ഐപിഎലിൽ പഞ്ചാബ് കിങ്സിനായി കളിച്ചിരുന്നു. ടൂർണമെന്റിനിടെ പരുക്കേറ്റതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഏകദിനത്തിൽ 33.81 ശരാശരിയും 126.70 സ്ട്രൈക്ക് റേറ്റും സ്വന്തം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലാണ് മാക്സ്‌വെലിന്റെ കരിയറിലെ അവസാന രാജ്യാന്തര ഏകദിനം. അന്ന് താരം അഞ്ച് പന്തിൽ ഏഴു റൺസുമായി പുറത്തായിരുന്നു. വിക്കറ്റൊന്നും ലഭിച്ചുമില്ല.

2023ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവിയിലേക്കു നീങ്ങിയ ഓസീസിനെ, അവിശ്വസനീയമായ വിധത്തിൽ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ച ഇന്നിങ്സാണ് മാക്സ്‌വെലിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള ഓർമ. അന്ന് പരുക്കുമൂലം വലഞ്ഞിട്ടും ഒരറ്റത്ത് ഉറച്ചുനിന്ന് പുറത്താകാതെ 201 റണ്‍സെടുത്താണ് മാക്സ്‌വെൽ വിജയം ഉറപ്പാക്കിയത്. മത്സരം ജയിച്ച ഓസീസ് ലോകകിരീടവും നേടിയാണ് മടങ്ങിയത്.

ഏകദിനത്തിൽ ആകെ നാലു സെഞ്ചറികളും 23 അർധസെഞ്ചറികളും സ്വന്തമാക്കിയിട്ടുണ്ട്. ഓഫ് സ്പിന്നറെന്ന നിലയിലും മികവുതെളിയിച്ച മാക്സ്‌വെൽ, നാലു തവണ നാലു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഫീൽഡിങ്ങിലും മിന്നും താരമായിരുന്ന മാക്സ്‌വെൽ 91 ക്യാച്ചുകളും നേടിയിട്ടുണ്ട്.

2026ലെ ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് താരം വിരമിക്കാൻ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത ട്വന്റി20 ലോകകപ്പ് നടക്കുന്നത്. താരം ബിഗ് ബാഷ് ലീഗിലും മറ്റ് ട്വന്റി20 ലീഗുകളിലും തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary:

Glenn Maxwell announces ODI retirement

Read Entire Article