ഇരട്ട സെഞ്ചുറി + സെഞ്ചുറി = 430 റണ്‍സ്; ഇത് ക്യാപ്റ്റന്‍ ഗില്‍ പൊരുതി നേടിയ വിജയം

6 months ago 7

06 July 2025, 10:36 PM IST

gill-double-century-edgbaston-win

Photo: AP

ബര്‍മിങ്ങാം: ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ശുഭ്മാന്‍ ഗില്ലും സംഘവും. 2025-ന് മുമ്പ് എജ്ബാസ്റ്റണില്‍ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴും തോറ്റിരുന്നു ഇന്ത്യ. അതില്‍ മൂന്നെണ്ണം ഇന്നിങ്‌സ് തോല്‍വിയായിരുന്നു. 1986-ല്‍ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റില്‍ ഇന്ത്യ തിരുത്തിയെഴുതിയത് ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ആയിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ മത്സരം ജയിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 427 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതായത് രണ്ട് ഇന്നിങ്‌സിലുമായി നേടിയത് 1014 റണ്‍സ്. അതില്‍ 42.40 ശതമാനവും ഒരേയൊരാളുടെ സംഭാവനയാണ്. ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ.

ഒന്നാം ഇന്നിങ്‌സില്‍ 269 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത് 161 റണ്‍സ്. രണ്ട് ഇന്നിങ്‌സിലുമായി 430 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ 150 റണ്‍സിലധികവും നേടുന്ന ആദ്യ താരമാണ് ഗില്‍.

ഇംഗ്ലീഷ് പരമ്പരയ്ക്കായി ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ നെറ്റി ചുളിച്ചവരാണ് മിക്കവരും. എന്നാല്‍ പരമ്പരയിലെ നാല് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയായപ്പോഴേക്കും ഗില്‍ അക്കൗണ്ടിലാക്കിയത് 585 റണ്‍സാണ്. ശരാശരി 146.25. ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും.

ഒന്നാം ടെസ്റ്റില്‍ 835 റണ്‍സടിച്ചിട്ടും മത്സരം തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറുയുടെ അഭാവത്തില്‍ അവിടെയാണ് ഗില്‍ യഥാര്‍ഥ നായകനായി ഉദിച്ചുയര്‍ന്നത്. രണ്ടാം ടെസ്റ്റില്‍ ഗില്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും മത്സരം സ്വന്തമാക്കുകയായിരുന്നു. എജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്‌സിലുമായി 430 റണ്‍സ് നേടി ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. 1971-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരേ സുനില്‍ ഗാവസ്‌ക്കര്‍ നേടിയ 344 റണ്‍സിന്റെ റെക്കോഡാണ് ഗില്‍ പഴങ്കഥയാക്കിയത്. മാത്രമല്ല ചരിത്രത്തില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. 1990 ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 456 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് ഈ പട്ടികയില്‍ മുന്നില്‍.

Content Highlights: Shubman Gill`s unthinkable 430 runs (269 & 161) secured India`s first-ever Test triumph astatine Edgbaston

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article