ഇരട്ടത്താപ്പ്, ഞാനാണ് ക്യാപ്റ്റനെങ്കിൽ ആ 15 ഓവർ മുഴുവനായും കളിക്കും - അശ്വിൻ

5 months ago 5

കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാനടെസ്റ്റിൽ നായകൻ ബെൻ സ്റ്റോക്സില്ലാതെയാണ് ഇം​ഗ്ലണ്ട് കളിക്കാനിറങ്ങിയത്. സ്റ്റോക്സിന്റെ അഭാവത്തിലും മികച്ച പ്രകടനമാണ് ഇം​ഗ്ലണ്ട് കാഴ്ചവെക്കുന്നത്. അതേസമയം സ്റ്റോക്സുമായി ബന്ധപ്പെട്ട നാലാം ടെസ്റ്റിലെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. നേരത്തേ കളിനിര്‍ത്താനുള്ള സ്‌റ്റോക്‌സിന്റെ ആവശ്യം നിരസിച്ചത് ചര്‍ച്ചയാകുകയാണ്. താൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്നുവെങ്കിൽ 15 ഓവർ മുഴുവനായി കളിക്കുമായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു.

ഇരട്ടത്താപ്പ് എന്ന് കേട്ടിട്ടുണ്ടോ? അവർ ദിവസം മുഴുവൻ നിങ്ങളുടെ ബൗളർമാരെ കളിച്ചു. നിങ്ങളെ ബാറ്റ് ചെയ്ത് പുറത്താക്കി. എന്നിട്ട് അവർ സെഞ്ചുറിയോടടുക്കുമ്പോൾ നിങ്ങൾ കളം വിടണമെന്ന് പറയുന്നോ? അവരെന്തിന് അങ്ങനെ ചെയ്യണം?. - അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

രാവിലെ മുതൽ നിങ്ങളുടെ എല്ലാ ബൗളർമാരെയും കളിച്ചാണ് അവർ മത്സരം സമനിലയിലാക്കിയത്. അവർ കഠിനാധ്വാനം ചെയ്തു. എന്നിട്ട് അവരുടെ സെഞ്ചുറി ഉപേക്ഷിച്ച് പോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?.- മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു.

താനായിരുന്നു ഇന്ത്യൻ ക്യാപ്റ്റനെങ്കിൽ ആ 15 ഓവർ മുഴുവനായി കളിക്കുമായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.ഗാവസ്കറും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. താൻ അവരോട് ബാറ്റിങ് തുടരാനും എതിർ ടീമിനെ മുഴുവൻ 15 ഓവറും ഫീൽഡിൽ നിർത്താനും ആവശ്യപ്പെടുമായിരുന്നുവെന്നാണ് ​ഗാവസ്കർ പ്രതികരിച്ചത്.

എന്നാൽ അഞ്ചാം ടെസ്റ്റിൽ സ്റ്റോക്സ് കളിക്കാത്തതിൽ നിരാശയുണ്ടെന്നും അശ്വിൻ പറഞ്ഞു. സ്റ്റോക്സ് കളിക്കാത്തതിൽ ഞാൻ തികച്ചും നിരാശനാണ്. ബെൻ സ്റ്റോക്സിനെപ്പോലൊരു താരം നിർണ്ണായക മത്സരത്തിൽ നിന്ന് പുറത്താവുന്നത് വലിയ വാർത്തയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയുമാണ്. ഈ പരമ്പരയിൽ ഇംഗ്ലണ്ടിനെ സജീവമാക്കി നിർത്തിയത് ബെൻ സ്റ്റോക്സും ജോ റൂട്ടും മാത്രമാണ്. ബെൻ ഡക്കറ്റ് ഗംഭീരമായൊരു ഇന്നിംഗ്‌സ് കളിച്ച ആദ്യ ടെസ്റ്റ് മാറ്റിനിർത്തിയാൽ, എഡ്ജ്ബാസ്റ്റണിലെ ആ തോൽവിക്ക് ശേഷം, പിടിച്ചുനിന്നത് റൂട്ടും സ്റ്റോക്സുമായിരുന്നു.- അശ്വിൻ കൂട്ടിച്ചേർത്തു.

ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇം​ഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്റ്റോക്‌സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.

Content Highlights: r ashwin connected Ben Stokes England handshake contention india

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article