Published: January 07, 2026 08:54 PM IST
1 minute Read
ധാക്ക/ന്യൂഡൽഹി ∙ ഇന്ത്യ– ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഏറ്റവും വഷളായ സാഹചര്യമാണ് നിലനിൽക്കുന്നത്. നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎലിൽ) നിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താകിയതോടെയാണ് സംഘർഷം ക്രിക്കറ്റിലേക്കും പടർന്നത്. ഇതിനു മറുപടിയായി ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഐപിഎലിന്റെ സംപ്രേക്ഷണം ബംഗ്ലദേശിൽ സർക്കാർ വിലക്കുകയും ചെയ്തു. ഇതിനിടെയാണ് ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽനിന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നത്.
എന്നാൽ ഇക്കാര്യം നിഷേധിച്ച് റിധിമ പഥക്ക് തന്നെ രംഗത്തെത്തി. തന്നെ പുറത്താക്കിയതല്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിപിഎലിൽനിന്നു സ്വയം പിന്മാറിയതാണെന്നും റിധിമ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തനിക്കു തന്റെ രാഷ്ട്രമാണ് വലുതെന്നും ക്രിക്കറ്റ് സത്യം അർഹിക്കുന്നതായും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ റിധിമ പറഞ്ഞു.
‘‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, എന്നെ ബിപിഎലിൽ നിന്ന് ‘പുറത്താക്കി’ എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകളുണ്ട്. അത് ശരിയല്ല. പിന്മാറാൻ ഞാൻ സ്വയം തീരുമാനിച്ചതാണ്. എനിക്ക്, എന്റെ രാഷ്ട്രമാണ് എപ്പോഴും ഒന്നാമത്. ഏതെങ്കിലും ഒരു ദൗത്യത്തിനപ്പുറം ഞാൻ ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടെയും ബഹുമാനത്തോടെയും അഭിനിവേശത്തോടെയും വർഷങ്ങളായി കായികരംഗത്തെ സേവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത് മാറില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലപ്പുറം വിലയേറിയതാണ്. ക്രിക്കറ്റ് സത്യം അർഹിക്കുന്നു. എന്റെ ഭാഗത്തുനിന്ന് ഇനി കൂടുതൽ വിശദീകരണങ്ങളില്ല.’’– റിധിമ പഥക്ക് കുറിച്ചു.
രാജ്യത്തെ ഏറ്റവും പ്രമുഖ സ്പോർട്സ് അവതാരകമാരിലൊരാളാണ് 35 വയസ്സുകാരിയായ റിധിമ പഥക്ക്. വിവിധ സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് ചാനലുകൾക്കായി ഐപിഎൽ, ട്വന്റി20 ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ ഇവന്റുകളിൽ റിധിമ അവതാരകയായിട്ടുണ്ട്. മുംബൈയിലാണ് റിധിമയുടെ താമസം. എൻജിനീയറായ റിധിമ, റേഡിയോ ജോക്കിയായാണ് മാധ്യമ കരിയർ ആരംഭിച്ചത്.
English Summary:








English (US) ·