ഇറാനെതിരെ എടുത്ത തീരുമാനത്തിൽ ഖേദമില്ല; വീണ്ടും അവസരം ലഭിച്ചാലും അതുതന്നെ ചെയ്യുമെന്ന് ട്രംപ്

1 week ago 6

ഇറാനുമായുള്ള സംഘർഷത്തിൽ സ്വീകരിച്ച തന്ത്രത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും ഒരവസരം ലഭിച്ചാലും ഇതേ തീരുമാനങ്ങൾ തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധം ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ടെങ്കിലും, തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘പശ്ചാത്താപം’ എന്ന വാക്കിൽ താൻ വിശ്വസിക്കുന്നില്ലെന്നും ചില തീരുമാനങ്ങളെക്കുറിച്ച് സംശയങ്ങൾ ഉണ്ടായേക്കാമെങ്കിലും വീണ്ടും അതേ സാഹചര്യം വന്നാൽ താൻ സ്വീകരിച്ച തീരുമാനങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവശേഷി തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും പിന്നീട് അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ അവർ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രംപ്, അവസരം ലഭിച്ചാൽ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ആരോപിച്ചു.

അതേസമയം, യുദ്ധത്തെ തുടർന്ന് എണ്ണ, വാതക വില ഉയർന്നത് റിപ്പബ്ലിക്കൻമാർക്ക് രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇറാൻ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന തരത്തിലുള്ള പ്രവചനവും അദ്ദേഹം നടത്തി.

ഇറാന് ആണവായുധം സ്വന്തമാക്കുന്നത് തടയാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. തന്റെ നടപടികളിൽ അനുയായികൾ നിരാശരാണെന്ന വാദവും അദ്ദേഹം തള്ളി.

അമേരിക്ക ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കുകയാണെന്നും ഹോർമുസ് കടലിടുക്കിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ തുടർനടപടികളിൽ സാമ്പത്തിക സമ്മർദത്തിനും തന്ത്രപ്രധാനമായ സമുദ്രപാതയ്ക്കും വലിയ പ്രാധാന്യം നൽകുന്നുവെന്ന സൂചനയാണ് ട്രംപിന്റെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

Read Entire Article