ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായി സൂചിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. യുഎസ് സൈനികരിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ സിബിഎസ് ന്യൂസ് പുറത്തുവിട്ടതായാണ് റിപ്പോർട്ട്.
യുഎസ് സൈന്യത്തിലെ കർശനമായ മാധ്യമ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ചിത്രങ്ങൾ നൽകിയ സൈനികർ പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലുള്ള ഒരു സൈനികൻ, അമേരിക്കൻ താവളങ്ങൾക്കുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി പൊതുജനങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ആരോപിച്ചു.
യുഎസ് സൈനിക കേന്ദ്രങ്ങളിൽ മതിയായ വ്യോമപ്രതിരോധ സംവിധാനങ്ങളില്ലെന്നും ഇറാന്റെ ആക്രമണങ്ങളെ നേരിടുന്നതിൽ സൈനികർക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ താവളങ്ങളെ സംരക്ഷിക്കുന്നില്ല; അവ നശിക്കുന്നത് നോക്കിനിൽക്കുകയാണ്” എന്നായിരുന്നു സൈനികന്റെ പ്രതികരണമെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ നേരിട്ടുള്ള ആക്രമണത്തിൽ തകർന്ന ഏകദേശം 30 കോടി ഡോളർ വിലമതിക്കുന്ന യുഎസ് ഇ-3 സെൻട്രി റഡാർ വിമാനത്തിന്റെയും കുവൈറ്റിലെ ക്യാമ്പ് ബ്യൂഹ്റിംഗ്, ക്യാമ്പ് അരിഫ്ജാൻ എന്നിവിടങ്ങളിലെ തകർന്ന കെട്ടിടങ്ങളുടെയും കത്തിനശിച്ച വാഹനങ്ങളുടെയും ചിത്രങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ സൈനിക ഉപകരണ നഷ്ടമുണ്ടായതായും യുഎസ് യുദ്ധ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 3.7 ബില്യൺ ഡോളറിന്റെ ഉപകരണങ്ങൾ നഷ്ടപ്പെട്ടതിൽ 60ഓളം വിമാനങ്ങളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായും നൂറുകണക്കിന് കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളെ പരാമർശിച്ച് യുഎസ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി ഹംഗ് കാവോ ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചതായി റിപ്പോർട്ടുണ്ട്. ഇതിന് മറുപടിയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഇറാനെതിരെ അമേരിക്ക കൂടുതൽ ആക്രമണാത്മക നടപടികൾ സ്വീകരിച്ചാൽ അതിന് “വേഗത്തിലും ശക്തമായും വേദനാജനകമായും” തിരിച്ചടി നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
3 days ago
2





English (US) ·