Published: May 21 , 2025 10:07 AM IST
1 minute Read
റോം ∙ കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്കു നീളവേ ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഒറ്റദിവസം 5 പരിശീലകർക്കു ചുവപ്പുകാർഡ്! കിരീടത്തിനായി നാപ്പോളിയും ഇന്റർമിലാനും ഇഞ്ചോടിഞ്ചു പൊരുതുമ്പോഴാണ് ഈ രണ്ടു ടീമുകളുടെയും പരിശീലകർ ഉൾപ്പെടെയുള്ളവർക്ക് അടുത്ത മത്സരത്തിനു ഗ്രൗണ്ടിലിറങ്ങുന്നതിനു വിലക്കു വീണത്.
കഴിഞ്ഞ ദിവസത്തെ മത്സരങ്ങളിൽ നാപ്പോളി കോച്ച് അന്റോണിയോ കോണ്ടെ, ഇന്റർ മിലാന്റെ സിമോൺ ഇൻസാഗി, ലാസിയോയുടെ മാർകോ ബറോണി, പാർമയുടെ ക്രിസ്റ്റ്യൻ ചിവു, എസി മിലാന്റെ സെർജിയോ കോൺസേസോ എന്നിവർക്കാണ് ടച്ച് ലൈനിലെ മോശം പെരുമാറ്റത്തിനു റഫറി ചുവപ്പുകാർഡ് നൽകിയത്. ഇവർക്കാർക്കും സ്വന്തം ടീമുകൾ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ സൈഡ് ബെഞ്ചിലിരിക്കാനാവില്ല.
തിങ്കളാഴ്ച രാത്രി ഇന്റർ–ലാസിയോ മത്സരത്തിനിടെ റഫറി വിഎആർ പരിശോധന നടത്തുന്നതിനിടെ ടച്ച് ലൈനിൽ ഇൻസാഗിയും ബറോണിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് ഇരുവർക്കും ചുവപ്പുകാർഡ് കിട്ടുന്നിടം വരെ എത്തിച്ചത്. വിഎആർ വഴി കിട്ടിയ പെനൽറ്റി ഗോളാക്കിയ ലാസിയോ മത്സരം 2–2 സമനിലയാക്കി. ഈ ഗോൾ വഴങ്ങിയില്ലായിരുന്നെങ്കിൽ ഇന്റർ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടാകുമായിരുന്നു. ഇതാണ് ഇൻസാഗിയുടെ സമനില തെറ്റിച്ചത്.
37 കളികൾ വീതം പൂർത്തിയായപ്പോൾ, നാപ്പോളി (79 പോയിന്റ്), ഇന്റർ മിലാൻ (78) എന്നിവർ തമ്മിലുള്ള കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്കു നീണ്ടു. ഞായറാഴ്ച രാത്രി 12.15നു നാപ്പോളി കഗിയാരിയെയും ഇന്റർ മിലാൻ കോമോയെയും നേരിടും.
English Summary:








English (US) ·