ഇറ്റാലിയൻ സീരി എയിൽ നാപ്പോളി ചാംപ്യൻമാർ‌; അവസാന മത്സരത്തിൽ കഗിയാരിയെ 2–0ന് തോൽപിച്ചു

7 months ago 10

നേപ്പിൾസ്∙ മാരിവില്ലഴകുള്ളൊരു മക്ടോമിനെ ഗോൾ, കാളക്കൂറ്റന്റെ കരുത്തോടെ ഒരു ലുക്കാക്കു ഫിനിഷ്; ആശാൻ അന്റോണിയോ കോണ്ടെയുട‌െ അരുമ ശിഷ്യൻമാർ ഇരുവരും അവസരത്തിനൊത്തുയർന്നപ്പോൾ കഴിഞ്ഞ വർഷം കൈവിട്ട ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടം ഇത്തവണ നേപ്പിൾസ് നഗരത്തിലേക്ക് നാപ്പോളി തിരിച്ചെത്തിച്ചു. ലീഗിലെ അവസാന മത്സരത്തിൽ കഗിയാരിയെ സ്വന്തം തട്ടകമായ ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ 2–0ന് തോൽപിച്ചാണ് നീലപ്പട കിരീടമുറപ്പിച്ചത്.

സ്കോട്ട് മക്ടോമിനെ (42–ാം മിനിറ്റ്), റൊമേലു ലുക്കാക്കു (51) എന്നിവർ നാപ്പോളിക്കായി ലക്ഷ്യം കണ്ടു. അവസാന മത്സരം വരെ കിരീടപ്പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്റർ മിലാനെ ഒരു പോയിന്റ് വ്യത്യാസത്തിനാണ് നാപ്പോളി മറികടന്നത്. 38 മത്സരങ്ങളിൽനിന്ന് നാപ്പോളിക്ക് 82 പോയിന്റ്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഇന്ററിന് 81 പോയിന്റ്. അവസാന മത്സരത്തിൽ കോമോയെ ഇന്റർ 2–0ന് തോൽപിച്ചെങ്കിലും നാപ്പോളിയുടെ ജയം ഇന്ററിന് തിരിച്ചടിയായി.

∙ അടിമുടി നാപ്പോളി

ഇന്ററിന്റെ മത്സരഫലം എന്തായാലും അതിനൊപ്പമോ ഒരുപടി മേലെയോ നിൽക്കുക; അവസാന മത്സരത്തിൽ കിരീടമുറപ്പിക്കാൻ നാപ്പോളിക്ക് അത് മതിയായിരുന്നു. ഈ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കോണ്ടെയും സംഘവും ആദ്യ മിനിറ്റു മുതൽ കഗിയാരിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. കഗിയാരി ഗോൾ കീപ്പർ അലൻ ഷെറിയുടെ കൈകളെ ആദ്യ പകുതിയിൽ പല തവണ നാപ്പോളി സ്ട്രൈക്കർമാർ പരീക്ഷിച്ചു.

ഒടുവിൽ, 42–ാം മിനിറ്റിൽ മാറ്റിയോ പൊളിറ്റാനോ ബോക്സിനകത്തേക്ക് ഉയർത്തി നൽകിയ ബോൾ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലയിൽ എത്തിച്ച മക്ടോമിനെ ആതിഥേയരുടെ അക്കൗണ്ട് തുറന്നു. 1–0ന് ആദ്യ പകുതി അവസാനിപ്പിച്ച നാപ്പോളി, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലുക്കാകുവിലൂടെ ലീഡ് ഉയർത്തി.

സ്വന്തം ഹാഫിൽ നിന്ന് നീട്ടിക്കിട്ടിയ ലോങ് പാസ് കാലിലൊതുക്കിയ ബൽജിയൻ താരം രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച് പോസ്റ്റിലേക്ക് പന്തു തൊടുത്തു. പിന്നാലെ ഒന്നിലധികം ഗോളവസരങ്ങൾ സൃഷ്ടിക്കാൻ നാപ്പോളി താരങ്ങൾക്കു സാധിച്ചെങ്കിലും ഗോ‍ൾ കീപ്പർ അലൻ ഷെറിയെ മറികടക്കാൻ കഴിഞ്ഞില്ല.

സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്. 1987ലും 1990ലും  ഡിയേഗോ മറഡോണയുടെ നേതൃത്വത്തിലായിരുന്നു നാപ്പോളി ഇറ്റലിയിൽ ചാംപ്യൻമാരായത്. 33 വർഷത്തിനു ശേഷം, 2023ൽ ക്ലബ് മൂന്നാം കിരീടം സ്വന്തമാക്കി. ഈ കിരീട നേട്ടത്തോടെ, 3 വ്യത്യസ്ത ടീമുകൾക്കൊപ്പം ഇറ്റാലിയൻ ഫുട്ബോൾ കിരീടം സ്വന്തമാക്കുന്ന ആദ്യ പരിശീലകൻ എന്ന റെക്കോർഡും കോണ്ടെയ്ക്കു സ്വന്തം. മുൻപ് യുവന്റസ്, ഇന്റർ മിലാൻ ടീമുകൾക്കൊപ്പമാണ് അൻപത്തിയഞ്ചുകാരൻ കോണ്ടെ കിരീടമുയർത്തിയത്.

∙ മിടുക്കൻ മക്ടോമിനെ

‘ബോട്ടിൽ ഓപ്പണർ’ എന്നാണ് നാപ്പോളി ആരാധകർ സ്കോട്ട് മക്ടോമിനെയെ സ്നേഹത്തോടെ വിളിക്കുന്നത്. ടീമും ആരാധകരും ഒരു ഗോളിനായി ആഗ്രഹിക്കുമ്പോഴൊക്കെ രക്ഷകനായി മക്ടോമിനെ അവതരിക്കും. സീസണിൽ 8 മത്സരങ്ങളിലും ടീമിന്റെ ആദ്യ ഗോൾ പിറന്നത് മക്ടോമിനെയുടെ കാലിൽ നിന്നായിരുന്നു. കഗിയാരിക്കെതിരായ മത്സരത്തിലും മക്ടോമിനെ ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ തെറ്റിച്ചില്ല.

സീസണിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായാണ് ഇരുപത്തിയെട്ടുകാരൻ മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നാപ്പോളിയിൽ എത്തിയത്. യുണൈറ്റഡിൽ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളായിരുന്നു മക്ടോമിനെയ്ക്കെങ്കിൽ നാപ്പോളിയിൽ ലുക്കാകുവിനൊപ്പം അറ്റാക്കിങ്ങിലായിരുന്നു സ്കോട്ടിഷ് താരത്തെ പരിശീലകൻ കോണ്ടെ നിയോഗിച്ചത്. അതിന്റെ ഫലം സീസണിൽ ഉടനീളം ടീമിനു ലഭിച്ചു.

12 ഗോളും 6 അസിസ്റ്റുമടക്കം 18 ഗോളുകളിലാണ് മക്ടോമിനെ സീസണിൽ പങ്കാളിയായത്. സീരി എ അരങ്ങേറ്റ സീസണിൽ ഒരു മിഡ്ഫീൽഡറുടെ ഏറ്റവും മികച്ച കണക്കുകളാണിത്. അതിനാലാണ് സീസണിലെ മോസ്റ്റ് വാല്യബിൾ പ്ലെയർ പുരസ്കാരം സ്കോട്ടിഷ് താരത്തെ തേടിയെത്തിയതും.

Read Entire Article