Published: November 19, 2025 12:38 PM IST
1 minute Read
കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ഉയർന്ന വിമർശനങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലൊരുക്കിയിരുന്ന പിച്ച് സംബന്ധിച്ചാണ് ചർച്ചകൾ ഏറെയും. സ്പിന്നർമാർക്കു പരവതാനി വിരിച്ചും ബാറ്റർമാർക്കു വാരിക്കുഴിയൊരുക്കിയും നിർമിച്ച കൊൽക്കത്തയിലെ പിച്ചാണ് ഇന്ത്യൻ ടീമിനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്. ഇപ്പോഴിതാ, ഇതു സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. മത്സരത്തിനു നാലു ദിവസം മുൻപു ബിസിസിഐ ക്യുറേറ്റർമാർ പിച്ച് ഏറ്റെടുത്തിരുന്നെന്ന് ഗാംഗുലി പറഞ്ഞു.
പിച്ചിന്റെ സ്വഭാവം അന്തിമമാക്കുന്നതിന് മുൻപ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് അഭിപ്രായം തേടിയിരുന്നോ എന്ന ചോദ്യത്തിന്, ‘‘ഇല്ല, ഇല്ല, ഞാൻ ഇടപെട്ടിട്ടില്ല. ടെസ്റ്റ് മത്സരത്തിന് നാല് ദിവസം മുൻപ് ബിസിസിഐയിൽ നിന്നുള്ള ക്യൂറേറ്റർമാർ വന്ന് വിക്കറ്റുകൾ ഏറ്റെടുക്കും. ഞങ്ങളുടെ സ്വന്തം ക്യൂറേറ്ററും (സുജൻ മുഖർജി) ഉണ്ട്. അവർ ചില അഭ്യർഥനകൾ നടത്തും, ഞങ്ങൾ അതു പാലിക്കും. അത്രമാത്രം.’’– ഗാംഗുലി പറഞ്ഞു.
ഈഡൻ ഗാർഡൻസിലെ പിച്ച് ഇന്ത്യൻ ടീമിന്റെ ആവശ്യപ്രകാരം ഒരുക്കിയതാണെന്ന് കോച്ച് ഗൗതം ഗംഭീർ മത്സരശേഷം സമ്മതിച്ചിരുന്നു. ആദ്യദിനം തന്നെ സ്പിന്നർമാർക്ക് മികച്ച ടേൺ ലഭിക്കണമെന്നാണ് ടീം, ക്യുറേറ്ററോട് ആവശ്യപ്പെട്ടത്. മത്സരത്തിനു മുൻപ് ഒരാഴ്ച വെള്ളം നനയ്ക്കാതിരുന്നതോടെ പിച്ച് വരണ്ടു. പ്ലേയിങ് ഇലവനിൽ 4 സ്പിന്നർമാരെ ഉൾപ്പെടുത്തിയ അപൂർവ കോംബിനേഷനുമായി ഇന്ത്യ മത്സരത്തിനിറങ്ങാൻ കാരണം ഇതായിരുന്നു.
പിച്ചിന്റെ സ്വഭാവം ‘ഏറ്റവും മികച്ചത്’ ആയിരുന്നില്ലെന്നും ഗാംഗുലി തുറന്നുസമ്മതിച്ചു. ‘‘അത് ഏറ്റവും മികച്ചതായിരുന്നില്ല, ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു. ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ്, മധ്യനിര ബാറ്റിങ് മികച്ച ഒരു ക്രിക്കറ്റ് പ്രതലം അർഹിക്കുന്നുണ്ട്. ആ മൂന്നു ദിവസങ്ങളിൽ ഈഡൻ ഗാർഡൻസ് ഹൗസ് ഫുൾ ആയിരുന്നു. ഈഡൻ ഗാർഡനിൽ കളിച്ചതിനേക്കാൾ മികച്ച വിക്കറ്റുകളിൽ ഇന്ത്യൻ ടീം കളിക്കണമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.’’– ഗാംഗുലി പറഞ്ഞു.
അതേസമയം, പരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റേണ്ട ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു. ‘‘ഈ ഘട്ടത്തിൽ ഗൗതം ഗംഭീറിനെ പുറത്താക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ഒരു പരിശീലകനെന്ന നിലയിൽ ഗൗതമും ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാനും ഇംഗ്ലണ്ടിലെ ബാറ്റിങ് പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയിലും അവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’’– ഗാംഗുലി കൂട്ടിച്ചേർത്തു.
English Summary:








English (US) ·