Published: October 05, 2025 10:15 AM IST
1 minute Read
-
ഐസിസി വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ
-
മത്സരം ഉച്ചകഴിഞ്ഞ് 3 മുതൽ കൊളംബോയിൽ
കൊളംബോ∙ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളുടെ വിവാദച്ചൂട് അണയും മുൻപേ വീണ്ടുമൊരു ഇന്ത്യ– പാക്ക് മത്സരത്തിന് വേദിയൊരുങ്ങുന്നു. ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരും. ക്രിക്കറ്റിനു പുറമേ രാഷ്ട്രീയവും ചർച്ചയാകുന്ന ഇന്ത്യ– പാക്ക് മത്സരങ്ങളുടെ പതിവ് വനിതാ ലോകകപ്പിലും ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഏഷ്യാകപ്പിൽ ഇരു ടീമിലെ താരങ്ങളും ഹസ്തദാനം നൽകുന്നത് ഉൾപ്പെടെ ടീം മാനേജ്മെന്റ് വിലക്കിയിരുന്നു. വനിതാ ക്രിക്കറ്റിലും ഇതാവർത്തിച്ചേക്കുമെന്നാണ് വിവരം. മത്സരം കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം നടക്കുന്നത്.
∙ കരുത്തോടെ ഇന്ത്യ
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 59 റൺസിന്റെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുക. ഓപ്പണിങ്ങിൽ സ്മൃതി മന്ഥന നൽകുന്ന തുടക്കമാണ് ടീമിന്റെ അടിത്തറ. പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് എന്നിവർ അടങ്ങിയ മുൻനിര മികച്ച ഫോമിലാണ്. മധ്യനിരയിൽ ദീപ്തി ശർമ, അമൻജ്യോത് കൗർ എന്നിവർ ലങ്കയ്ക്കെതിരെ അവസരത്തിനൊത്തുയർന്നു. ജെമിമ റോഡ്രിഗ്സ്, റിച്ച ഘോഷ് എന്നിവർ കൂടി താളം കണ്ടെത്തിയാൽ ഇന്ത്യയ്ക്കു പിന്നെ പേടിക്കാനില്ല. പേസർ ക്രാന്തി ഗൗഡിനൊപ്പം സ്പിന്നർമാരായ ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീ ചരണി എന്നിവർ കൂടി ചേരുന്നതോടെ ബോളിങ് നിരയും സുശക്തം.
∙ പാക്ക് പ്രതീക്ഷ
ആദ്യ മത്സരത്തിൽ ബംഗ്ലദേശിനോടേറ്റ 7 വിക്കറ്റിന്റെ ദയനീയ തോൽവി നൽകിയ ഞെട്ടലുമായാണ് പാക്ക് ടീം ഇന്നിറങ്ങുന്നത്. വീണ്ടുമൊരു തോൽവി വഴങ്ങിയാൽ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിനെ അതു ബാധിക്കും. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻ ഫാത്തിമ സനയാണ് ടീമിന്റെ വജ്രായുധം. ഓപ്പണർ മുനീബ അലി നൽകുന്ന തുടക്കം ടീമിന് നിർണായകമാണ്. സീനിയർ സ്പിന്നർ സാദിയ ഇക്ബാൽ, യുവ സ്പിന്നർ നഷ്റ സന്ദു എന്നിവർ കൂടി ഫോം കണ്ടെത്തിയാൽ പാക്ക് ബോളിങ്ങിന് മൂർച്ചയേറും.
∙ നേർക്കുനേർ
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇതുവരെ 27 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത്. അതിൽ 24 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 3 തവണ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്. ഇതിൽ 11 ഏകദിന മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ പാക്കിസ്ഥാന്റെ 3 ജയവും ട്വന്റി20 ഫോർമാറ്റിലായിരുന്നു.
∙ ശ്രീലങ്ക– ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു
കൊളംബോ ∙ വനിതാ ഏകദിന ലോകകപ്പിൽ ഇന്നലെ നടക്കേണ്ട ശ്രീലങ്ക– ഓസ്ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കേണ്ട മത്സരത്തിന്റെ ടോസ് പോലും നടത്താനായില്ല. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇന്ന് കൊളംബോയിൽ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനും മഴ ഭീഷണിയുണ്ട്.
English Summary:








English (US) ·