
പ്രതീകാത്മക ചിത്രം, കസ്തൂരി രാജ | Photo: X/ Netflix India South, Touring Talkies
സംഗീതസംവിധായകന്‍ ഇളയരാജയ്ക്ക് പിന്നാലെ അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജയും. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചതില്‍ കസ്തൂരി രാജ അതൃപ്തി പരസ്യമാക്കി. നിര്‍മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം, സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സംവിധാനംചെയ്ത 'ഏട്ടുപട്ടി റാസ' എന്ന ചിത്രത്തിലെ പഞ്ചു മിട്ടായി, 'നാട്ടുപുര പാട്ടി'ലെ ഒത്ത റൂബ താരേന്‍, 'തായ് മനസി'ലെ തോട്ടുവളയ് ഇലയ് അരച്ചി എന്നീ പാട്ടുകള്‍ 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചതിനെതിരെയാണ് കസ്തൂരി രാജ രംഗത്തെത്തിയത്. മൗലികതയില്ലായ്മയില്‍ പുതുതലമുറയിലെ സംവിധായകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും അദ്ദേഹം വിമര്‍ശിച്ചു.
'ഇളയരാജ, ദേവ തുടങ്ങിയ അതികായന്മാര്‍ കാലാതീതമായ സംഗീതം സൃഷ്ടിച്ചതില്‍നിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്രഷ്ടാക്കള്‍ പുതുമയെക്കാള്‍ നൊസ്റ്റാള്‍ജിയയെ ആശ്രയിക്കുന്നതായി തോന്നുന്നു. പഴയ പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നല്ല, എന്നാല്‍ അതിന്റെ യഥാര്‍ഥ സ്രഷ്ടാക്കളില്‍നിന്ന് അനുവാദം വാങ്ങണം. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ ഇന്ന് ആരും ശ്രദ്ധിക്കാറില്ല', കസ്തൂരി രാജ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 10-ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനെതിരെ നേരത്തെ ഇളയരാജ രംഗത്തെത്തിയിരുന്നു. താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നുപാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കള്‍ക്ക് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍, പാട്ടുകളുടെ ഉടമസ്ഥാവകാശമുള്ള ലേബലുകളില്‍നിന്ന് ആവശ്യമായ അനുമതി തേടിയിരുന്നുവെന്ന് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് വിശദീകരിച്ചു.
Content Highlights: Kasthuri Raja, begetter of Dhanush, accuses `Good Bad Ugly` of utilizing his songs without permission
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·