ഇസ്‍ലാമാബാദ് സ്ഫോടനത്തിനു പിന്നാലെ ലങ്കൻ ക്രിക്കറ്റ് താരങ്ങൾ മടങ്ങുന്നു; നഖ്‍വിയുടെ അനുനയവും ഫലിച്ചില്ല; നാണംകെട്ട് പാക്കിസ്ഥാൻ

2 months ago 3

മനോരമ ലേഖകൻ

Published: November 13, 2025 09:33 AM IST

1 minute Read

 X/@OfficialSLC)
ശ്രീലങ്കൻ താരങ്ങൾ (Photo: X/@OfficialSLC)

കൊളംബോ ∙ സുരക്ഷാ ഭീഷണിയെത്തുടർന്ന് പാക്കിസ്ഥാനിൽനിന്നു നാട്ടിലേക്കു മടങ്ങാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. ഇസ്‍ലാമാബാദിൽ കഴിഞ്ഞദിവസം 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങൾ സുരക്ഷ സംബന്ധിച്ച് ആശങ്കയുന്നയിച്ചത്. ടീമിലെ 8 താരങ്ങൾ നാട്ടിലേക്കു മടങ്ങുകയാണെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

ഇതോടെ റാവൽപിണ്ടിയിൽ ഇന്നു നിശ്ചയിച്ചിരുന്ന പാക്കിസ്ഥാൻ– ശ്രീലങ്ക രണ്ടാം ഏകദിനം നടക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. 3 മത്സര ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം റാവൽപിണ്ടിയിലാണ് നടക്കുന്നത്. ഭീകരാക്രമണമുണ്ടായ ഇസ്‌‍ലാമാബാദിന് സമീപമാണ് മത്സരവേദിയെന്നതാണ് കളിക്കാരെ ആശങ്കയിലാക്കുന്നതെന്നും നാട്ടിലേക്കു മടങ്ങുന്നവർക്ക് പകരക്കാരെ അയയ്ക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‍വി ശ്രീലങ്കൻ താരങ്ങളെ  കണ്ട് അനുനയത്തിനു ശ്രമിച്ചിരുന്നു. പക്ഷേ അതും ഫലം കണ്ടില്ല.

ഏകദിന പരമ്പരയ്ക്കുശേഷം സിംബാബ്‍വെ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റും പാക്കിസ്ഥാനിൽ നിശ്ചയിച്ചിട്ടുണ്ട്. എന്നാ‍ൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റും അനിശ്ചിതത്വത്തിലാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ സുരക്ഷാ ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. 2009ൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ലങ്കൻ ടീമിന്റെ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 8 പൊലീസുകാർ കൊല്ലപ്പെടുകയും ശ്രീലങ്കൻ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഹോറിൽ മത്സരം നടക്കേണ്ട സ്റ്റേഡിയത്തിന് പുറത്തുവച്ചാണ് അക്രമികൾ ലങ്കൻ ടീം ബസിനു നേരെ നിറയൊഴിച്ചത്. ഇതിനുശേഷം രാജ്യാന്തര ടീമുകൾ പാക്കിസ്ഥാൻ പര്യടനം ഏറെക്കാലം നിർത്തിവച്ചിരുന്നു.

English Summary:

Sri Lankan Cricketers Return Home Amid Pakistan Security Threats After Islamabad Blast

Read Entire Article