ഇസ്രായേലിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചെന്ന് ഇറാൻ; ഒരു നാവികന് കൊല്ലപ്പെട്ടതായി ആരോപണം

1 month ago 5

കാസ്പിയൻ കടലിൽ തങ്ങളുടെ ഒരു വാണിജ്യ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും സംഭവത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെട്ടു.

ശനിയാഴ്ച ആക്രമിക്കപ്പെട്ട കപ്പൽ സൈനിക ചരക്ക് വഹിച്ചിരുന്നതാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കപ്പൽ പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കായിരുന്നുവെന്നും റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഇറാൻ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മേധാവി കാജ കല്ലാസിനോടും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനോടും നടത്തിയ പ്രത്യേക ടെലിഫോൺ സംഭാഷണങ്ങളിൽ ഇറാന്റെ നിലപാട് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവർത്തിച്ചു. ഒരു വാണിജ്യ കപ്പലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലംഘനമാണെന്നും യൂറോപ്പിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ ലാവ്‌റോവ്, ആക്രമിക്കപ്പെട്ടത് ഒരു ചരക്ക് കപ്പലാണെന്ന് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, കപ്പലിൽ ഡ്രോണുകൾക്കും മിസൈലുകൾക്കുമുള്ള ഘടകങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേലിലെ ഉക്രെയ്ൻ അംബാസഡർ യെവ്ജെനി കോർണിചുക്ക് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവകാശപ്പെട്ടത്.

എന്നാൽ ഈ ആരോപണം ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു. കപ്പലിലെ ചരക്ക് പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് ടെഹ്‌റാന്റെ വിശദീകരണം. 2022-ൽ ഉക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പരിമിതമായ തോതിൽ ഷാഹെദ്-136 ഡ്രോണുകൾ റഷ്യയ്ക്ക് നൽകിയിരുന്നുവെന്ന് ഇറാൻ നേരത്തെ സമ്മതിച്ചിരുന്നെങ്കിലും, നിലവിൽ റഷ്യ ഉപയോഗിക്കുന്ന ഡ്രോണുകൾ ആഭ്യന്തരമായി നിർമ്മിക്കുന്നതാണെന്നാണ് മോസ്കോയുടെ നിലപാട്.

സംഭവം പുതിയ നയതന്ത്ര വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമോയെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

Read Entire Article