Kerala School Sports Meet
Published: October 27, 2026 04:18 PM IST Updated: October 28, 2026 09:28 AM IST
1 minute Read
കോഴിക്കോട് ∙ ചേർത്തുപിടിക്കലിന്റെ കാഴ്ചകൾ സമ്മാനിച്ച് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് കായികമേള സമാപിച്ചു. പരിമിതികൾ മറന്ന് തോളോടു തോൾ ചേർന്ന് പൊരുതിയും പരസ്പരം കൈകോർത്തും കായികതാരങ്ങൾ മത്സരിച്ചു. അത്‌ലറ്റിക്സ് ഉൾപ്പെടെ വിവിധ വേദികളിലെ 18 ഇനങ്ങളിലായി രണ്ടായിരത്തിലധികം ഭിന്നശേഷി താരങ്ങൾ അണിനിരന്നു.
അത്‌ലറ്റിക്സിൽ പാലക്കാട് ജില്ലയാണ് ചാപ്യന്മാർ. 10 ഇനങ്ങളിലായി നടന്ന അത്‌ലറ്റിക്സ് വിഭാഗത്തിൽ 5 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവുമടക്കം 44 പോയിന്റ് നേടിയാണ് പാലക്കാടിന്റെ കുതിപ്പ്. 3 സ്വർണവും ഒരു വെള്ളിയും 5 വെങ്കലവുമായി 42 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തും 2 വീതം സ്വർണവും വെള്ളിയും 4 വെങ്കലവും നേടി 32 പോയിന്റ് നേടി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി. 22 പോയിന്റോടെ മലപ്പുറം നാലാമതും 16 പോയിന്റോടെ വയനാട് 5–ാം സ്ഥാനത്തുമാണ്.
10 ഇനങ്ങളിലായി നടന്ന ഗെയിംസ് മത്സരങ്ങളിൽ മികവ് തെളിയിച്ച് ആതിഥേയരായ കോഴിക്കോട് ജില്ല ഒന്നാമതെത്തി. 5 സ്വർണവും ഒരു വെള്ളിയുമായി 56 പോയിന്റ് കോഴിക്കോട് നേടി. 2 വീതം സ്വർണവും വെള്ളിയും 3 വെങ്കലവും നേടി 38 പോയിന്റോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും നേടി 30 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് 26 പോയിന്റോടെ 4–ാം സ്ഥാനത്തും കണ്ണൂർ 16 പോയിന്റോടെ 5–ാം സ്ഥാനത്തുമാണ്. ഇൻക്ലൂസീവ് മേള ഇന്നലെ സമാപിച്ചു.
ഇന്നലെ രാവിലെ മുതൽ താരങ്ങൾ വേദികളിൽ എത്തിത്തുടങ്ങി. അധ്യാപകരും രക്ഷിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. മിക്സ്ഡ് റിലേ (4X100 മീറ്റർ), മിക്സ്ഡ് സ്റ്റാൻഡിങ് ലോങ്ജംപ്, മിക്സഡ് സ്റ്റാൻഡിങ് ത്രോ, കാഴ്ചപരിമിതരായ കുട്ടികൾക്കുള്ള 100 മീറ്റർ ഓട്ടമത്സരം എന്നിവയായിരുന്നു അത്‌ലറ്റിക്സിലെ പ്രധാന ഇനങ്ങൾ. ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോളും ക്രിക്കറ്റും, പെൺകുട്ടികൾക്കായി ഹാൻഡ്ബോളും ബോച്ചെ ബോളും, കൂടാതെ മിക്സഡ് ബാഡ്മിന്റനും സംഘടിപ്പിച്ചു. ജൂനിയർ (14 വയസ്സിന് താഴെ), സീനിയർ (14 വയസ്സിന് മുകളിൽ) എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്.
English Summary:






English (US) ·