ലണ്ടന്‍∙ സെഞ്ചറിയുടെ വക്കോളമെത്തിയ പ്രകടനവുമായി ഓപ്പണർ ശിഖർ ധവാനും മിന്നും വേഗത്തിൽ അർധസെഞ്ചറി കുറിച്ച് യൂസഫ് പഠാനും മിന്നിയിട്ടും ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. അവസാന ഓവർ വരെ ആവേശം അലയടിച്ച മത്സരത്തിൽ ഓസ്ട്രേലിയ ചാംപ്യൻസിനോടാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം, ഒറ്റ പന്തു ബാക്കിനിൽക്കെ ഓസീസ് മറികടന്നു. ഇർഫാൻ പഠാൻ എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സറുകൾ സഹിതം 16 റൺസ് അടിച്ചാണ് ഓസീസ് ജയിച്ചത്.
ടൂർണമെന്റിൽ ഇതുവരെ വിജയമറിയാത്ത ഇന്ത്യ, മൂന്നു കളികളിൽനിന്ന് ഒരേയൊരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു. മൂന്നു കളികളിൽനിന്ന് രണ്ടു ജയം സഹിതം അഞ്ച് പോയിന്റുമായി ഓസ്ട്രേലിയ പാക്കിസ്ഥാനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. നാലു കളികളിൽനിന്ന് മൂന്ന് ജയം സഹിതം ആറു പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. പാക്കിസ്ഥാനെതിരായ മത്സരം കളിക്കാൻ വിസമ്മതിച്ചതോടെ പങ്കുവച്ച ഒരേയൊരു പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർമാരായ റോബിൻ ഉത്തപ്പയും ശിഖർ ധവാനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 5.1 ഓവറിൽ ഇരുവരും അടിച്ചുകൂട്ടിയത് 57 റൺസ്. ഉത്തപ്പ 21 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 37 റൺസെടുത്ത് പുറത്തായി.
അമ്പാട്ടി റായുഡു (രണ്ടു പന്തിൽ പൂജ്യം), സുരേഷ് റെയ്ന (11 പന്തിൽ 11), ക്യാപ്റ്റൻ യുവരാജ് സിങ് (നാലു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും, യൂസഫ് പഠാനെ കൂട്ടുപിടിച്ച് ധവാൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ധവാൻ 60 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 91 റൺസോടെയും, അവസാന ഓവറുകളിൽ തകർത്തടിച്ച യൂസഫ് പഠാൻ 23 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 52 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 46 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയ 100 റൺസാണ് ഇന്ത്യയെ 200 കടത്തിയത്. ഓസീസിനായി ഡാൻ ക്രിസ്റ്റ്യൻ രണ്ടും ക്യാപ്റ്റൻ ബ്രെറ്റ് ലീ, ഡാർസി ഷോർട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച കല്ലം ഫെർഗൂസനാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഫെർഗൂസൻ 38 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 70 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ബെൻ കട്ടിങ് (ആറു പന്തിൽ 2 സിക്സ് സഹിതം 15), റോബ് ക്വിനി (എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം പുറത്താകാതെ 16) എന്നിവർ ഓസീസിനെ വിജയത്തിലെത്തിച്ചു.
ഓപ്പണർ ഷോൺ മാർഷ് (15 പന്തിൽ 11), ക്രിസ് ലിൻ (10 പന്തിൽ 25), ഡാർസി ഷോർട്ട് (15 പന്തിൽ 20), ഡാൻ ക്രിസ്റ്റ്യൻ (28 പന്തിൽ 39) എന്നിവരും മികച്ച സംഭാവനകളുമായി ഓസീസ് ഇന്നിങ്സിന് കരുത്തുപകർന്നു. ഓസീസ് നിരയിൽ നിരാശപ്പെടുത്തിയത് ഗോൾഡൻ ഡക്കായ ബെൻ ഡങ്ക് മാത്രം.
ഇന്ത്യയ്‌ക്കായി പിയൂഷ് ചാവ്‌ല നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹർഭജൻ സിങ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടും വിനയ് കുമാർ നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സിദ്ധാർഥ് കൗൾ രണ്ട് ഓവർ മാത്രം ബോൾ ചെയ്ത് 37 റൺസ് വഴങ്ങി. നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി പവൻ നേഗിയുടെ പ്രകടനം ശ്രദ്ധേയമായി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@mr_sff8346ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·