ചെന്നൈ∙ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യൻ ക്രിക്കറ്റിൽ നീറിപ്പുകയുന്നു. ഐപിഎലിൽ ഉൾപ്പെടെ മിന്നുന്ന ഫോമിലായിരുന്ന ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ക്രിസ് ശ്രീകാന്ത് രംഗത്തെത്തി. ശ്രേയസ് അയ്യരെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ടീം പ്രഖ്യാപനത്തിനിടെ അഗാർക്കർ നടത്തിയ പരാമർശം സമ്പൂർണ വിഡ്ഢിത്തമാണെന്ന് ശ്രീകാന്ത് തുറന്നടിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഒരു താരത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അഗാർക്കറിന്റെ പ്രതികരണങ്ങളെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ഐപിഎലിൽ അത്ര മികച്ച പ്രകടനം അല്ലാതിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ശ്രീകാന്ത് ചോദിച്ചു.
അയ്യരെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ടീം പ്രഖ്യാപനത്തിനു പിന്നാലെ ചോദ്യം ഉയർന്നപ്പോൾ, ടീം സിലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അഗാർക്കറിന്റെ പ്രതികരണം. പ്രഖ്യാപിച്ച ടീമിലുള്ള 15 പേരിൽ ആർക്കു പകരം അയ്യരെ ഉൾപ്പെടുത്തുമെന്ന അഗാർക്കറിന്റെ ചോദ്യമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
‘‘ശ്രേയസ് അയ്യരുടെ കാര്യത്തിൽ, ഈ ടീമിലെ ആർക്കു പകരമാണ് ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടത്? ഇത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഞങ്ങളുടെയും കുറ്റമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ 15 പേരെ തിരഞ്ഞെടുക്കാനേ ഞങ്ങൾക്ക് നിർവാഹമുള്ളൂ’ – ഇതായിരുന്നു അഗാർക്കറിന്റെ പ്രതികരണം.
15 അംഗ ടീമിനു പുറത്തായതിനു പുറമേ, ഏഷ്യാ കപ്പ് ടീമിന്റെ സ്റ്റാൻഡ് ബൈ പട്ടികയിലും അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നില്ല.
‘‘ഇപ്പോഴത്തെ ഫോം മാത്രം പരിഗണിച്ചാൽപ്പോലും ശ്രേയസ് അയ്യരെ കണ്ണുംപൂട്ടി ടീമിൽ ഉൾപ്പെടുത്തേണ്ടതാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അടുത്ത കാലത്തെ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ റെക്കോർഡ് മാത്രം നോക്കൂ. കഴിഞ്ഞ വർഷത്തെ ഫോം വച്ച് ഒരു താരത്തെ വിലയിരുത്തുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? ഐപിഎലിൽ 175 സ്ട്രൈക്ക് റേറ്റിൽ 600 റൺസിനു മുകളിൽ സ്കോർ ചെയ്ത താരമാണ് അയ്യർ. ഇവിടെ സ്ട്രൈക്ക് റേറ്റ് വളരെ പ്രധാനപ്പെട്ട ഘടകമല്ലേ?’ – ശ്രീകാന്ത് ചോദിച്ചു.
‘‘തകർപ്പൻ ഫോമിലായിരുന്നു അയ്യർ എന്നതാണ് വസ്തുത. എന്നിട്ടും നിങ്ങൾ അദ്ദേഹത്തെ പുറത്തിരുത്തി. അതിനു പുറമേ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലുമാക്കി’ – ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
‘‘തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടിയ ഒരു താരത്തെക്കുറിച്ച് അഗാർക്കർ പറഞ്ഞത് എന്താണ്? ആർക്കു പകരം അദ്ദേഹത്തെ ഉൾപ്പെടുത്തും എന്നാണ് അഗാർക്കറിന്റെ ചോദ്യം. ഈ പ്രസ്താവന എനിക്ക് മനസിലാകുന്നില്ല. എന്തൊരു വിഡ്ഢി ചോദ്യമാണ് അത്. തീർത്തും അപക്വം. അതിനോട് യോജിക്കാൻ പ്രയാസമാണ്’ – ശ്രീകാന്ത് പറഞ്ഞു.
‘‘ശ്രേയസ് അയ്യരെ തഴഞ്ഞ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന താരങ്ങളെ നോക്കൂ. ശിവം ദുബെ, റിങ്കു സിങ്, സഞ്ജു സാംസൺ എന്നിവരെ ഉൾപ്പെടുത്തിയിട്ടും ശ്രേയസ് അയ്യർ പുറത്ത്. എന്നിട്ടും എന്തൊരു വിഡ്ഢിത്തമാണ് അഗാർക്കർ പറഞ്ഞത്? അതിന്റെ സാംഗത്യം മനസിലാകുന്നേയില്ല.’ – ശ്രീകാന്ത് പറഞ്ഞു.
English Summary:








English (US) ·