ചെന്നൈ∙ തന്റെ ഐപിഎൽ കരിയറിൽ ഒരു സീസണിൽ ഒൻപതു മത്സരങ്ങൾ മാത്രം കളിക്കേണ്ടി വന്നത് ആദ്യത്തെ അനുഭവമായിരുന്നുവെന്ന് രവിചന്ദ്രൻ അശ്വിൻ. ഏതു ടീമിൽ കളിക്കുമ്പോഴും എല്ലാ മത്സരങ്ങളും കളിച്ചിട്ടുള്ള തനിക്ക്, ഒൻപതു മത്സരങ്ങളിൽ ഒതുങ്ങേണ്ടി വന്നത് ആദ്യമാണ്. അതുകൊണ്ട് തന്റെ കാര്യത്തിൽ ടീമിന്റെ തീരുമാനം എന്താണെന്നതു സംബന്ധിച്ച് വ്യക്തത തേടിയിട്ടുണ്ടെന്നും, ടീം വിടണമെന്ന് പറഞ്ഞിട്ടില്ലെന്നും അശ്വിൻ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് വിടാൻ അശ്വിൻ താൽപര്യം അറിയിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അശ്വിന്റെ വിശദീകരണം. ഓരോ സീസണിനു ശേഷവും താരങ്ങൾ ഇത്തരത്തിൽ വ്യക്തത തേടുന്നത് പതിവാണെന്നും, അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാഗം വിശദീകരിക്കുന്നതിനായി മലയാളി താരം സഞ്ജു സാംസണിന്റെ ഉദാഹരണവും അശ്വിൻ പങ്കുവച്ചു. സഞ്ജു രാജസ്ഥാൻ റോയൽസ് വിടാൻ പോകുന്നുവെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. രാജസ്ഥാനും അങ്ങനെ പറഞ്ഞിട്ടില്ല. ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ഇതെല്ലാം താരങ്ങളായിട്ട് പരത്തുന്നല്ലെന്ന് അശ്വിൻ പറഞ്ഞു.
‘‘ഞാൻ കഴിഞ്ഞ വർഷം സിഎസ്കെയിൽ തിരിച്ചെത്തിയത് 9.5 കോടി രൂപയ്ക്കാണ്. രാജസ്ഥാനിൽ സഞ്ജു സാംസണിനു ലഭിച്ച തുക 18 കോടി രൂപയും. അതുകൊണ്ട് ചെന്നൈയ്ക്ക് 18 കോടി രൂപ വിലയുള്ള താരത്തെ വാങ്ങണമെങ്കിൽ, അതേ വിലയുള്ള താരത്തെ പകരം നൽകണം. അല്ലെങ്കിൽ 18 കോടി രൂപ നൽകിയും വാങ്ങാം. അല്ലെങ്കിൽ 18 കോടി വിലമതിക്കുന്ന താരങ്ങളെ മറ്റു ടീമുകൾക്ക് നൽകിയിട്ട് ആ പണം ഉപയോഗിച്ചും വാങ്ങാം. ഇക്കാര്യത്തിൽ ഇങ്ങനെയെ സംഭവിക്കൂ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ചിലർക്കുള്ള വ്യക്തതക്കുറവു നീക്കാനാണ് പറയുന്നത്. സിഎസ്കെയിൽ കളിക്കുന്നതിനൊപ്പം അവരുടെ അക്കാദമിയുടെ കാര്യങ്ങളും നോക്കുന്നുണ്ടെങ്കിലും, എനിക്ക് അകത്തെ രഹസ്യങ്ങളൊന്നും അറിയില്ല. അവിടെ ഒട്ടേറെ മീറ്റിങ്ങുകൾ നടക്കുന്നുണ്ട്. തീരുമാനങ്ങളും ഉണ്ടാകുന്നുണ്ട്. അതേക്കുറിച്ചൊന്നും എനിക്ക് അറിയില്ല.’– അശ്വിൻ പറഞ്ഞു.
‘‘എനിക്ക് ചെയ്യാവുന്ന ഒരു കാര്യം, ടീമിൽനിന്ന് എന്റെ കാര്യത്തിൽ വ്യക്തത തേടുക എന്നതാണ്. അത് ഞാൻ ചെയ്തിട്ടുമുണ്ട്. ടീമിൽ എന്റെ റോൾ എന്താണ്, ഞാൻ എങ്ങനെയാണ് മെച്ചപ്പെടേണ്ടത് തുടങ്ങിയ കാര്യങ്ങൾ ടീമിനോട് ചോദിച്ചിട്ടുണ്ട്. ഇത് സ്വാഭാവികമായി നടപടിയാണ്. ഞാൻ രാജസ്ഥാൻ റോയൽസിൽ മൂന്നു സീസണുകളിൽ കളിച്ചു. ആദ്യ സീസണിനു ശേഷം എന്റെ പ്രകടനം വിലയിരുത്തിക്കൊണ്ട് സിഇഒയുടെ മെയിൽ ലഭിച്ചു. എന്നിൽനിന്ന് ഭാവിയിൽ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അതിൽ എഴുതിയിരുന്നു. അതിനൊപ്പം എന്റെ കരാർ പുതുക്കുന്നുവെന്നും അറിയിച്ചു. സീസൺ അവസാനിക്കുമ്പോൾ ഇത്തരം സംഭാഷണങ്ങൾ നടക്കുന്നതാണ്’ – അശ്വിൻ പറഞ്ഞു.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് രാജസ്ഥാനും സഞ്ജുവുമാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ‘‘സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. അതിന്റെ ഉത്തരം നൽകേണ്ടത് രാജസ്ഥാൻ റോയൽസാണ്, ടീം ഉടമ മനോജ് ബദാലെയാണ്, അല്ലെങ്കിൽ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ടവരാണ്. സഞ്ജുവിനെ സംബന്ധിച്ചിട്ട്, തുടരാൻ താൽപര്യമുണ്ടോ എന്ന് ടീം ചോദിക്കും. തീരുമാനം ആ താരത്തിന്റേതാണ്’ – അശ്വിൻ പറഞ്ഞു.
‘‘ടീമിൽ തുടരാൻ താൽപര്യമില്ലെന്നാണ് താരം പറയുന്നതെങ്കിൽ അവർ നിർബന്ധിക്കില്ല. സാമാന്യബുദ്ധിക്ക് ആലോചിച്ചാൽത്തന്നെ അതു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. നിലവിൽ അവർക്കിടയിൽ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങൾ എനിക്ക് അറിയില്ല. അവർ എന്നോട് അക്കാര്യം പറഞ്ഞാൽ പോലും, അത് ഞാനായിട്ട് പുറത്തുവിടുന്നതും ശരിയല്ല. അത്രേയുള്ളൂ’ – അശ്വിൻ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് പുറത്തുപോകാൻ താൻ താൽപര്യം അറിയിച്ചുവെന്ന റിപ്പോർട്ടുകളേക്കുറിച്ചും അശ്വിൻ പ്രതികരിച്ചു. ടീം വിടണമെന്ന് ആവശ്യപ്പെട്ടുവെന്നത് ശരിയല്ലെന്നും, എല്ലാ സീസണിനും ശേഷം സംഭവിക്കാറുള്ളതുപോലെ ടീമിൽ തന്റെ റോളിനെക്കുറിച്ച് വ്യക്തത തേടുകയാണ് ചെയ്തതെന്നും അശ്വിൻ വിശദീകരിച്ചു. ‘‘കഴിഞ്ഞ സീസണിൽ ഞാൻ ആകെ ഒൻപതു മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ. എന്റെ ഐപിഎൽ കരിയറിൽത്തന്നെ ഇത്ര കുറച്ച് മത്സരങ്ങൾ കളിക്കുന്നത് ഇതാദ്യമാണ്. ഏതു ടീമിലാണെങ്കിലും എല്ലാ മത്സരങ്ങളിലും കളിക്കുന്നതാണ് എന്റെ രീതി. അതുകൊണ്ടുതന്നെ ഇത്തരമൊരു അനുഭവവും ആദ്യമായിരുന്നു’ – അശ്വിൻ പറഞ്ഞു.
‘‘ഇക്കാരണത്താലാണ് എന്റെ കാര്യത്തിൽ ടീമിന്റെ തീരുമാനം എന്താണെന്ന് അവരോടുതന്നെ ചോദിച്ചത്. അത് ഐപിഎൽ സീസണിനിടെ തന്നെ ചോദിച്ചതാണ്. ചെന്നൈയ്ക്ക് സഞ്ജുവിനെ വാങ്ങണമെങ്കിൽ, ആദ്യം അവർ 18 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി എന്താണ് ചെയ്യാനാകുക എന്ന് ടീം തീരുമാനിക്കണം’ – അശ്വിൻ പറഞ്ഞു.
English Summary:








English (US) ·