ഗോവയിലെ ചൂടിൽ വിയർത്തൊലിക്കുകയാണു കോൾദോ ഒബെയ്റ്റ ആൽബെർദീ! കോൾദോയുടെ അധ്വാനത്തിലും വിയർപ്പിലും കൂടിയാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി മോഹങ്ങൾ തളിരിടുന്നത്. ഒരൊറ്റ സീസണിൽ മിന്നൽ പോലെ അവതരിച്ചു മടങ്ങിയ സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഹെസൂസ് ഹിമനെയ്ക്കു പകരം ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ കണ്ടെത്തിയ കോൾദോയും സ്പെയിനിൽനിന്നു തന്നെ.
ഇന്ത്യയിലെ ചൂടൻ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ‘‘ സ്വതവേ ഞാൻ വളരെയേറെ വിയർക്കുന്നയാളാണ്. ഇന്ത്യയിലെ കാലാവസ്ഥ അതിതീവ്രം! കഠിനമായ ചൂട്, ഈർപ്പം. പൊരുത്തപ്പെടാനുള്ള ശ്രമം തുടരുന്നു.’’ ഗോവയിലെ പാരാ പഞ്ചായത്ത് ഗ്രൗണ്ടിലാണു ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ട്രെയ്നിങ് പുരോഗമിക്കുന്നത്. ഏതാനും ദിവസം മുൻപു മാത്രം ടീമിനൊപ്പം ചേർന്ന കോൾദോ ‘മനോരമ’യുമായി സംസാരിക്കുന്നു.
‘ബാസ്ക് കൺട്രി’ വടക്കൻ സ്പെയിനിലെ സ്വയംഭരണ സമൂഹമാണു ഞങ്ങളുടേത്. സ്വന്തം ഭാഷയും സംസ്കാരവുമുള്ള സമൂഹം. സ്പെയിനിലെ മറ്റു ഭാഗങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണു ഞങ്ങളുടെ ജീവിതം. എന്റെ കുടുംബം അവിടെയാണ്. പിതാവിന്റെ വിയോഗം ജനുവരിയിലായിരുന്നു. അതിന്റെ വേദനകൾ ഇപ്പോഴുമുണ്ട്. കുടുംബവും സുഹൃത്തുക്കളും വലിയ പിന്തുണ നൽകി. അവരാണ് ഇന്ത്യയിലേക്കു വരാൻ എന്നെ പ്രോത്സാഹിപ്പിച്ചത്. ബാസ്ക് കൺട്രിയിൽ നിന്ന്, പ്രത്യേകിച്ച് സ്വന്തം നാടായ ഗ്വെർനികയിൽ നിന്നു വരുന്നു എന്നു പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഇന്ത്യൻ ഫുട്ബോൾയൂറോപ്പിൽ നിന്നു തികച്ചും വ്യത്യസ്തമായ ഫുട്ബോൾ എന്നു പറയാം! ഇന്ത്യൻ ശൈലിയുമായി എനിക്കു പൊരുത്തപ്പെടാൻ കഴിയും. ഇന്ത്യൻ കളിക്കാർ എങ്ങനെ കളിക്കുന്നുവെന്നു ഞാൻ നിരീക്ഷിക്കുന്നു. പിന്നെ, ഞങ്ങളുടെ കോച്ച് ദവീദ് കറ്റാല സ്പെയിനിൽ നിന്നായതിനാൽ സാങ്കേതികവും തന്ത്രപരവുമായി മെച്ചപ്പെടാൻ അദ്ദേഹം സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഗോളടിക്കുമോ? തീർച്ചയായും, ആദ്യത്തേതു ഫിനിഷിങ് ആയിരിക്കണം. ടീമിനായി ഗോളുകൾ നേടുക. കാരണം അതാണല്ലോ ടീമിനു പോയിന്റ് നൽകുന്നത്. സ്ട്രൈക്കർ എന്ന നിലയിൽ മുൻനിരയിൽ ഇടം സൃഷ്ടിക്കുന്നതും സഹകളിക്കാരെ സ്കോർ ചെയ്യാൻ സഹായിക്കുന്നതും പ്രധാനമാണ്.
ബ്ലാസ്റ്റേഴ്സിനെക്കുറിച്ച്ഞാൻ ടീമിലെത്തിയതായി ക്ലബ് പ്രഖ്യാപിച്ച ആദ്യ ദിവസം മുതൽ എനിക്കു ലഭിക്കുന്നത് ആരാധകരുടെ ഗംഭീര സ്വീകരണമാണ്! ബ്ലാസ്റ്റേഴ്സിന്റെ ചില പഴയ മത്സരങ്ങളുടെ വിഡിയോ കണ്ടു. ചില സ്പാനിഷ് കളിക്കാർ ടീമിൽ ഉണ്ടായിരുന്നതും എന്നെ ആകർഷിച്ചു. കൊച്ചി സ്റ്റേഡിയത്തിലെ പിന്തുണ എന്നെ അദ്‌ഭുതപ്പെടുത്തി. ആരാധകർക്കൊപ്പം ഗോളുകളും വിജയങ്ങളും ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണു ഞാൻ.
English Summary:








English (US) ·