ഈ കളിക്കാർക്കെല്ലാം ഇഷ്ടംപോലെ പണമുണ്ട്, അതുകൊണ്ട് പിഴശിക്ഷ നൽകിയാലും എന്തു ഗുണം?: തുറന്നടിച്ച് മുൻ താരം

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 13 , 2025 07:52 PM IST

1 minute Read

ശുഭ്മൻ ഗില്ലും ബെൻ സ്റ്റോക്സും (ഫയൽ ചിത്രം, X/@Saabir_Saabu01)
ശുഭ്മൻ ഗില്ലും ബെൻ സ്റ്റോക്സും (ഫയൽ ചിത്രം, X/@Saabir_Saabu01)

ലണ്ടൻ∙ കുറഞ്ഞ ഓവർനിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ക്യാപ്റ്റൻമാർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ക്രിക്കറ്റ് താരങ്ങളെല്ലാം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണെന്നും നല്ല വരുമാനമുള്ള ഇവർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ലെന്ന് മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.  ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75 ഓവർ മാത്രം കളി നടന്ന സാഹചര്യത്തിലായിരുന്നു വോണിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിനവും 83 ഓവർ മാത്രമാണ് കളി നടന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ട് നഷ്ടമായത് 23 ഓവറുകളാണ്. 

‘‘പിഴശിക്ഷ നൽകുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ കളിക്കാരെല്ലാം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്. അവരിൽനിന്ന് പിഴ ഈടാക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോ? സംശയമാണ്’– മൈക്കൽ വോൺ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളിൽ ഒരു ദിവസം 90 ഓവർ പൂർത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും, എന്തുകൊണ്ടാണ് ടീമുകൾക്ക് അതിനു സാധിക്കാതെ പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വോൺ അഭിപ്രായപ്പെട്ടു. ആദ്യത്തെ നാലു ദിവസം സ്ഥിരമായി ഈ പ്രശ്നം ഉണ്ടെങ്കിലും, മത്സരം അഞ്ചാം ദിനത്തിലേക്കു കടന്നാൽ 90 ഓവർ പൂർത്തിയാക്കാൻ ടീമുകൾക്ക് വിഷമമില്ലെന്നും വോൺ ചൂണ്ടിക്കാട്ടി.

‘‘കുറച്ചുനാളായി ടെസ്റ്റ് ക്രിക്കറ്റ് നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഇത് ചൂടുകാലമാണെന്ന് മനസ്സിലാക്കുന്നു. മത്സരത്തിനിടെ പരുക്കിന്റെ പ്രശ്നങ്ങളും ഉണ്ടെന്ന് അറിയാം. പക്ഷേ, അഞ്ചാം ദിനത്തിലാണ് മത്സരം നടക്കുന്നതെങ്കിൽ ആവശ്യമെങ്കിൽ 90 ഓവറും എറിയാൻ അവർക്കു സാധിക്കുന്നുണ്ടല്ലോ. ആദ്യത്തെ നാലു ദിവസം പിന്നെ എന്തുകൊണ്ടാണ് ഒച്ചിഴയുന്ന വേഗത്തിൽ മത്സരം നടക്കുന്നതെന്ന് മനസിലാകുന്നില്ല’ – വോൺ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളുടെ അവസാന ദിവസം മാത്രമല്ല, ബാക്കിയുള്ള ദിവസങ്ങളിലും അതേ ആവേശത്തോടെ കളിക്കാൻ ടീമുകൾക്ക് സാധിക്കണമെന്ന് മൈക്കൽ വോൺ ചൂണ്ടിക്കാട്ടി.

‘‘മത്സരങ്ങളുടെ തുടക്കത്തിൽ 90 ഓവർ പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും ആരും അതിന് അത്രകണ്ട് ശ്രമിക്കില്ല. പക്ഷേ, അഞ്ചാം ദിവസം മത്സരം നിർണായക ഘട്ടത്തിലാണെങ്കിൽ 90 ഓവറും പൂർത്തിയാക്കാൻ കളിക്കാരും അംപയർമാരും എന്തിനും തയാറാണ്. അന്ന് ഡ്രിങ്ക്സ് ബ്രേക്കുകളുടെ എണ്ണം കുറയും. മറ്റു തരത്തിലുള്ള താമസവും ഉണ്ടാകില്ല. കാരണം 90 ഓവറും നിർബന്ധമാണെന്ന് അവർക്ക് അറിയാം’ – വോൺ പറഞ്ഞു. 

English Summary:

Ex-England Captain Makes Brutal Dig At Shubman Gill, Ben Stokes

Read Entire Article