Published: May 21 , 2025 05:03 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ പ്രകടനം വച്ചു നോക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് അവസാന സ്ഥാനത്തുതന്നെ കിടക്കേണ്ടവരാണെന്ന് തുറന്നടിച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. സീസണിൽ ഒരേയൊരു മത്സരം മാത്രം ശേഷിക്കെ 10–ാം സ്ഥാനത്തു തന്നെ തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. അവസാന മത്സരത്തിൽ ജയിച്ചാലും നെറ്റ് റൺറേറ്റിൽ വലിയ വ്യത്യാസം വരുത്താനായാൽ മാത്രമേ അവർക്ക് രാജസ്ഥാൻ റോയൽസിനെ പിന്തള്ളി ഒൻപതാം സ്ഥാനത്തേക്ക് കയറാനാകൂ. ഇതിനിടെയാണ്, പ്രകടനം വച്ച് ചെന്നൈ 10–ാം സ്ഥാനമാണ് അർഹിക്കുന്നതെന്ന പരിശീലകന്റെ തുറന്നുപറച്ചിൽ.
‘‘സത്യത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാകാൻ ഞങ്ങൾക്ക് അശേഷം ആഗ്രഹമില്ല. ഏറ്റവും മികച്ച പ്രകടനമാണ് ഞങ്ങളും ആഗ്രഹിച്ചത്. ഏറ്റവും മികച്ച പ്രകടനം ആഗ്രഹിച്ചെങ്കിലും അത് പ്രതീക്ഷയ്‌ക്കൊത്തു വന്നില്ല. ഇനി നല്ല രീതിയിൽ സീസൺ അവസാനിപ്പിക്കാനാണ് ശ്രമം. ഈ പ്രകടനം വച്ച് ഞങ്ങൾ ഒരുപക്ഷേ ഞങ്ങൾ അർഹിക്കുന്നത് അവസാസ സ്ഥാനം തന്നെയാകാം’ – സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
‘‘അത്രയ്ക്ക് മോശം കളിയാണ് ഈ സീസണിൽ ഞങ്ങൾ പുറത്തെടുത്തത് എന്നത് വാസ്തവമാണ്. ആ സത്യത്തിൽനിന്ന് ഒളിച്ചോടാനാകില്ല. ഇനി, ഈ ടീമിന്റെ യഥാർഥ കരുത്ത് പ്രകടമാക്കുന്ന തരത്തിലുള്ള ഒരു പ്രകടനത്തോടെ സീസൺ അവസാനിപ്പിക്കുകയാണ് വേണ്ടത്’ – ഫ്ലെമിങ് പറഞ്ഞു.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ആറു വിക്കറ്റ് തോൽവി വഴങ്ങിയതിനു പിന്നാലെയായിരുന്നു ഫ്ലെമിങ്ങിന്റെ ഏറ്റുപറച്ചിൽ. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കിയാണ് രാജസ്ഥാൻ മറികടന്നത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽസിനെ മുന്നിൽനിന്നു നയിച്ചത് 14 വയസ്സുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ (33 പന്തിൽ 57) വെടിക്കെട്ട് അർധ സെഞ്ചറിയാണ്.
യശസ്വി ജയ്സ്വാൾ (19 പന്തിൽ 36), ക്യാപ്റ്റൻ സഞ്ജു സാംസൺ (31 പന്തിൽ 41), ധ്രുവ് ജുറേൽ (12 പന്തിൽ 31*) എന്നിവരുടെ ഇന്നിങ്സുകളും റൺചേസിൽ രാജസ്ഥാനു കരുത്തു പകർന്നു. 3 വിക്കറ്റുകൾ വീഴ്ത്തിയ രാജസ്ഥാൻ പേസർ ആകാശ് മധ്‌വാളാണ് പ്ലെയർ ഓഫ് ദ് മാച്ച്. സീസണിൽ ഇതിനു മുൻപ് രണ്ടാമതു ബാറ്റു ചെയ്ത് 9 മത്സരങ്ങളിൽ എട്ടിലും തോൽവി വഴങ്ങിയ രാജസ്ഥാൻ ആ നാണക്കേടുകളെല്ലാം ഇന്നലെ മായിച്ചുകളഞ്ഞു. 17 പന്തുകളും 6 വിക്കറ്റും ബാക്കിനിൽക്കെയാണ് ഇന്നലെ ലക്ഷ്യം കീഴടക്കിയത്.
English Summary:








English (US) ·