'ഈ കാല് കൊണ്ട് സിനിമയിൽ എത്രപേരെ നീ ചവിട്ടിച്ചിട്ടുണ്ട്, ആ വേഷങ്ങളാവും പ്രമേഹമായി വന്നത്'

8 months ago 9

jose prakash and thyagarajan

ജോസ് പ്രകാശും ത്യാഗരാജനും (Photo: മാതൃഭൂമി)

ടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിൽ 'ഭ്രമരം' സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മോഹൻലാലാണ് നടൻ ജോസ് പ്രകാശിനെ പോയി കാണുന്ന കാര്യം ത്യാഗരാജനോട് പറയുന്നത്. ശയ്യാവലംബിയായ അദ്ദേഹത്തെ ഏറെക്കാലമായിരുന്നു ത്യാഗരാജൻ നേരിൽ കണ്ടിട്ട്. പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റിയ ജോസ് പ്രകാശിനെ കാണാൻ എറണാകുളത്തെ വീട്ടിൽ മോഹൻലാലിനോടൊപ്പം ത്യാഗരാജൻ പുറപ്പെട്ടു. ആ യാത്രയിൽ അവർ സംസാരിച്ചതിലേറെയും പഴയകാല സിനിമകളിലെ സംഘട്ടനത്തെക്കുറിച്ചായിരുന്നു. സത്യൻ, പ്രേംനസീർ, മധു, ജയൻ, സോമൻ, സുകുമാരൻ തുടങ്ങിയവരുടെയെല്ലാം പേരുകൾ കടന്നുവന്നപ്പോൾ മോഹൻലാൽ ചോദിച്ചു: 'മിക്കതിലും വില്ലൻ ജോസ് പ്രകാശ് സാറായിരുന്നു അല്ലേ?'
'സ്ഥിരം വില്ലൻ തന്നെ. അപൂർവമായേ വ്യത്യസ്ത കഥാപാത്രങ്ങൾ സാറിന് ലഭിച്ചുള്ളൂ.'

അക്കാലം സംവിധായകർക്ക് ഗോവിന്ദൻകുട്ടിയും ജോസ് പ്രകാശുമായിരുന്നു പ്രിയപ്പെട്ട വില്ലന്മാർ. നായകന്മാർ ആരായാലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇവർ രണ്ടുപേരുമാണ്. പട്ടാള ജീവിതത്തിൽ നിന്ന് സിനിമയിലെത്തിയ ജോസ് പ്രകാശിന് നിറയെ അവസരങ്ങളായിരുന്നു. ഇക്കാലത്ത് തന്നെ നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലിയാണ് ജോസ് പ്രകാശിനെ വളരെ പെട്ടെന്ന് ശ്രദ്ധേയനാക്കിയതും. കൊട്ടാരക്കര ശ്രീധരൻ നായരുടെയും ജികെ പിള്ളയുടെയും ഗോവിന്ദൻ കുട്ടിയുടെയും വില്ലൻ വേഷങ്ങളിൽ നിന്നും വേറിട്ട വില്ലൻ വേഷങ്ങളായിരുന്നു ജോസ് പ്രകാശിന്റേത്.

ഫൈറ്റ് രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ജോസ് പ്രകാശ് ധൈര്യം കാണിച്ചിരുന്നെങ്കിലും ത്യാഗരാജൻ അതനനുവദിച്ചിരുന്നില്ല. 'സാർ അത് ഡ്യുപ്പ് ചെയ്തോളും' എന്ന് പറഞ്ഞാൽ ഫൈറ്റ് മാസ്റ്റർക്ക് മുകളിൽ ജോസ് പ്രകാശിന്റെ ഇടപെടൽ ഉണ്ടാവില്ല. സ്റ്റണ്ട് രംഗങ്ങളിലെന്ന പോലെ നിരവധി റേപ്പ് സീനുകളിലും ജോസ് പ്രകാശിന് അഭിനയിക്കേണ്ടതായി വന്നു. മകളുടെ പ്രായം പോലുമില്ലാത്ത കുട്ടികളെ റേപ്പ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് പലപ്പോഴും കുറ്റബോധം തോന്നിയിരുന്നു. മികച്ചൊരു നടൻ ഉള്ളിലുണ്ടായിട്ടും നായകന്റെ ഇടിയേറ്റും വെടിയേറ്റും വീഴുന്ന കഥാപാത്രങ്ങളുടെ ആവർത്തനത്തിൽ ജോസ് പ്രകാശിനുണ്ടായ നിരാശയും ഒട്ടും ചെറുതായിരുന്നില്ല. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടുള്ള വലിയ ഉത്തരരവാദിത്വമാകാം കിട്ടുന്ന വേഷങ്ങളിലെല്ലാം അഭിനയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പക്ഷേ, അത്തരം വേഷങ്ങൾ പോലും തന്റെ പ്രത്യേക ശൈലിയിലൂടെ ജോസ് പ്രകാശ് ശ്രദ്ധേയമാക്കി.

thyagarajan mohalal bhramaram

ത്യാഗരാജനും മോഹൻലാലും ഭ്രമരത്തിന്റെ സെറ്റിൽ

സിനിമയിൽ ജോസ് പ്രകാശിന് ഏറ്റവും കൂടുതൽ ഫൈറ്റ് ചെയ്യേണ്ടിവന്നത് പ്രേംനസീറിനോടാവും. ബേബി സംവിധാനം ചെയ്ത 'ചന്ദ്രഹാസം' സിനിമയുടെ ചിത്രീകരണം ഗോവയിൽ നടക്കുമ്പോഴാണ് ജോസ് പ്രകാശിന്റെ കാലൊന്ന് ഉളുക്കിയത്. ക്ലൈമാക്സ് ഫൈറ്റിൽ പ്രേംനസീറിനെ വലതുകാൽ കൊണ്ട് ചവിട്ടുന്ന രംഗത്തായിരുന്നു അത് സംഭവിച്ചത്. വേദനയോടെ ജോസ് പ്രകാശ് പറഞ്ഞു:
'ത്യാഗരാജാ... എന്റെ ഈ കാലുകൊണ്ട് ഇനിയും നീ മറ്റുള്ളവരെ ചവിട്ടിക്കല്ലേ.' ആ വാക്കുകൾ കേട്ട് ത്യാഗരാജന് ചിരിവന്നു. 'സാർ ഫൈറ്റിൽ കയ്യും കാലും ഉപയോഗിക്കേണ്ടേ. അല്ലാതെന്ത് ഫൈറ്റാണ്.' തന്റെ കാലുളുക്കിയതിനാൽ ഫൈറ്റ് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചതറിഞ്ഞ ജോസ് പ്രകാശ് ത്യാഗരാജനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു: 'കാലിനുണ്ടായ അപ്പോഴത്തെ വേദനയിൽ ഞാൻ പറഞ്ഞതല്ലേ ത്യാഗരാജാ... അതിന് ഷൂട്ടിങ് മാറ്റിവെക്കേണ്ടതുണ്ടായിരുന്നോ.'
'സാറില്ലാതെ ആ ഫൈറ്റ് ഷൂട്ട് ചെയ്യാനാവില്ല. ഇന്ന് വിശ്രമിക്കൂ. നാളെ നമുക്ക് തുടങ്ങാം.' ത്യാഗരാജൻ പറഞ്ഞു. പിറ്റേന്ന് കാലത്ത് സെറ്റിലെത്തിയ ജോസ് പ്രകാശിനോട് നസീർ ചോദിച്ചു. 'വേദന കുറഞ്ഞോ.?'
'കുറഞ്ഞു, പക്ഷേ ഞാൻ കാരണം ഇന്നലെ ഷൂട്ട് നിർത്തിവെക്കേണ്ടി വന്നതിൽ വലിയ വേദനയുണ്ട്.'
'അതൊന്നും സാരമാക്കേണ്ട. ഇതൊക്കെ സാധാരണയല്ലേ..'
ആ സ്റ്റണ്ട് രംഗത്തിൽ പിന്നീട് ജോസ് പ്രകാശിന് കാല് ഉപയോഗിക്കേണ്ടി വന്നില്ല. തലേന്ന് രാത്രി ത്യാഗരാജൻ അത് മാറ്റി കമ്പോസ് ചെയ്തിരുന്നുവെന്ന് ജോസ് പ്രകാശ് ഉൾപ്പെടെയുള്ളവർ അറിഞ്ഞിരുന്നില്ല.'

മോഹൻലാലിനോടൊപ്പമുള്ള യാത്രയിൽ ജോസ് പ്രകാശുമൊത്തുള്ള പഴയ അനുഭവങ്ങൾ പലതും ത്യാഗരാജന്റെ ഓർമയിൽ തെളിഞ്ഞു. കറുത്ത കോട്ടും കൂളിങ് ഗ്ലാസും തൊപ്പിയും ധരിച്ച് പൈപ്പ് വലിച്ച് വാക്കിങ് സ്റ്റിക്ക് കറക്കിയുള്ള ആ നടന്റെ ഭാവചലനങ്ങളും ഇംഗ്ലീഷ് ഡയലോഗുമെല്ലാം സ്ക്രീനിലെന്നപോലെ ത്യാഗരാജന് മുന്നിൽ മിന്നിമറഞ്ഞു. നൂറിലേറെ സിനിമകളിലായി ത്യാഗരാജനൊരുക്കിയ നിരവധി സംഘട്ടനരംഗങ്ങളിൽ ജോസ് പ്രകാശ് പ്രായം പോലും മറന്ന് അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം, സുഖമില്ലാതെ കിടക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ എന്തു ചോദിക്കണം എന്നായിരുന്നു ത്യാഗരാജന്റെ ചിന്ത. എറണാകുളത്തെ ജോസ് പ്രകാശിന്റെ വീട്ടിൽ എത്തുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. മക്കളും മരുമക്കളും ചേർന്ന് മോഹൻലാലിനെയും ത്യാഗരാജനെയും സ്വീകരിച്ചു.

'അപ്പച്ചൻ ദാ ആ മുറിയിലാണ് കിടക്കുന്നത്.' മകൻ പറഞ്ഞു. ലാലിനൊപ്പം ത്യാഗരാജൻ മുറിയിലേക്ക് പ്രവേശിച്ചു. ജോസ് പ്രകാശിന് പെട്ടെന്ന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മോഹൻലാലിന്റെ കൂടെ നിൽക്കുന്ന വിഭൂതിയണിഞ്ഞ മനുഷ്യന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്ന നിമിഷങ്ങൾ. ഒടുവിൽ കണ്ണ് നിറഞ്ഞ് തൊണ്ടയിടറി ജോസ് പ്രകാശ് പറഞ്ഞു:'ത്യാഗരാജാ... എന്റെ കാല് പോയെടാ... വൈകാതെ ഞാനും പോകും.'

jose prakash

ജോസ് പ്രകാശ്

സിനിമയിൽ കെട്ടിയാടിയ കൊടിയ വില്ലൻവേഷങ്ങൾ ഒന്നാകെ പ്രമേഹത്തിന്റെ രൂപത്തിൽ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണെന്ന് ജോസ് പ്രകാശ് പറഞ്ഞു. കാലിന്റെ മുകളിലേക്ക് പഴുപ്പ് കയറി രോഗം മൂർച്ഛിച്ചപ്പോൾ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. 'മുറിച്ചു മാറ്റിയാൽ പഴുപ്പ് തടയാം. അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ.' എന്നാണ് ഡോക്ടർ പറഞ്ഞത്. ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന ജോസ് പ്രകാശിനെ മക്കൾക്ക് വേണമായിരുന്നു. കാല് പോയാലും അപ്പച്ചനെ കുറേക്കാലം കൂടി തങ്ങൾക്ക് കണ്ടുകൊണ്ടിരിക്കാമല്ലോ എന്നായിരുന്നു മക്കൾ ചിന്തിച്ചത്. ഒടുവിൽ, വലതുകാൽ മുറിച്ചുമാറ്റി ജോസ് പ്രകാശിനെ മക്കൾക്ക് തിരിച്ചുനൽകി. 'യഥാർത്ഥത്തിൽ മരിക്കാൻ എനിക്ക് പേടിയില്ലായിരുന്നു. ബോധം വീണപ്പോൾ ഒരുപാട് കരഞ്ഞു. കാലില്ലെന്ന് ചിന്തിക്കാൻ പോലുമായില്ല.' ജോസ് പ്രകാശിന്റെ വാക്കുകൾ ഏറെ വിഷമത്തോടെ മോഹൻലാലും ത്യാഗരാജനും കേട്ടിരുന്നു.
'ഈ കാല് കൊണ്ട് സിനിമയിൽ എത്രപേരെ നീ എന്നെക്കൊണ്ട് ചവിട്ടിച്ചിട്ടുണ്ട് ത്യാഗരാജാ...' ഒടുവിൽ, പൊട്ടിച്ചിരിച്ചു കൊണ്ടാണ് ജോസ് പ്രകാശ് പറഞ്ഞത്. ആ വാക്കുകൾ കേട്ട് ത്യാഗരാജന്റെ കണ്ണ് നിറഞ്ഞൊഴുകി. പഴയ ഓർമ്മകൾ പങ്കുവെച്ച്, രാത്രി പിരിയുമ്പോൾ ജോസ് പ്രകാശ് ഇത്രയും കൂടി പറഞ്ഞു:
'ജീവിതം ഇപ്പോൾ ഒച്ചിഴയുന്ന വേഗത്തിലാണ് സഞ്ചരിക്കുന്നത്. വീട്ടിലെ രണ്ടോ മൂന്നോ മുറികളിലെ ചുമരുകൾക്ക് മുൻപിൽ സഞ്ചാരം അവസാനിക്കുകയാണ്.' സിനിമയുടെ ബഹളങ്ങളിൽ ജീവിച്ച ഒരു മനുഷ്യന് അവസാന നാളുകളിൽ അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ. ജോസ് പ്രകാശിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ത്യാഗരാജന്റെ മനസ്സിനെ ആ വാക്കുകൾ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.' ഈ കാല് കൊണ്ട് എത്ര പേരെ....'

(തുടരും)

Content Highlights: Mohanlal and combat choreographer Thayagaran sojourn ailing histrion Jose Prakash

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article