ഈ നശിച്ച സ്നേഹംകൊണ്ട് ഇനിയും എത്ര പേരാണ് മരിക്കാനിരിക്കുന്നത്? അതുല്യയുടെ മരണത്തിൽ അശ്വതി ശ്രീകാന്ത്

6 months ago 6

Athulya and Aswathy Sreekanth

അതുല്യ, അശ്വതി ശ്രീകാന്ത് | ഫോട്ടോ: അറേഞ്ച്ഡ്, മാതൃഭൂമി

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. ഈ ചുരുളിക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാലും സ്ത്രീകൾ ഇറങ്ങിപ്പോരില്ലെന്ന് അവർ പറഞ്ഞു. ഒരാൾ നമുക്ക് ചേർന്നതല്ലെന്ന് തോന്നിയാൽ, ആ ഒരാൾ ചേരുന്നില്ലെന്ന് മാത്രമാണ് അർത്ഥം. കോടിക്കണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് ആ ഒരാൾ നമുക്ക് ചേർന്നതല്ലെന്ന് മാത്രം. അതിനപ്പുറം ജീവിതമുണ്ട്. വിവാഹമോചനം ഒരു തോൽവിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണെന്നും അവർ പറഞ്ഞു.

ഇനിയും സ്നേഹം കൊണ്ട് പലരും തല്ലും, സ്നേഹം കൊണ്ട് വന്ന് മാപ്പ് പറയും, ഇടയ്ക്കൊക്കെ തല്ലിയാലെന്താ, അവൻ പൊന്നു പോലെ നോക്കുന്നില്ലേന്ന് വീട്ടുകാര് പറയും, തിരിച്ച് വീട്ടിലേയ്ക്ക് പോന്നാൽ അവൾ ഒരുത്തനിൽ ഒന്നും ഒതുങ്ങി നിൽക്കുന്ന കേസുകെട്ടല്ലെന്ന് 'സ്നേഹമുള്ള' നാട്ടുകാര് പറയും. രക്ഷിക്കാൻ കൈനീട്ടിയവരെ പോലും ചിലപ്പോൾ തള്ളിപ്പറഞ്ഞു സ്നേഹം കൊണ്ട് അവള് പിന്നെയും പോകും. ഇനിയും മരിക്കും- ഈ നശിച്ച സ്നേഹം കൊണ്ട് ഇനിയും എത്ര പേരാണ് മരിക്കാനിരിക്കുന്നതെന്നും അവർ ചോദിക്കുന്നു.

അശ്വതി ശ്രീകാന്തിന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:

“ഞാൻ ഉപദ്രവിച്ചിട്ടുണ്ട്, എന്നും പറഞ്ഞ് എല്ലാ ദിവസവുമില്ല. അവൾ എന്റെയാണ്, അതുകൊണ്ടാണ്” -അതുല്യയുടെ ഭർത്താവ് സതീഷ് ആഹാ... കേൾക്കാൻ തന്നെ എന്താ സുഖം ! അവൾ എൻ്റെയല്ലേന്ന്. വൈകി വന്ന മകളെ അച്ഛൻ കൊന്ന വാർത്തയ്ക്ക് താഴെ ഭർത്താവ് ചെയ്യേണ്ടത് അച്ഛൻ ചെയ്തെന്ന് അഭിമാനം കൊള്ളുന്ന അനേകം കമൻ്റുകൾ കണ്ടതോർക്കുന്നു. പെണ്ണുങ്ങളെ നന്നാക്കാൻ ഇടയ്ക്ക് ഒരെണ്ണം കൊടുക്കേണ്ടത് ഭർത്താവിന്റെയും ആങ്ങളയുടെയും ഒക്കെ ഉത്തരവാദിത്വം ആണല്ലോ. ഭാര്യയെ ഇടയ്ക്കിടെ തല്ലുന്ന വിദ്യാ സമ്പന്നനായ ഭർത്താവ് വളരെ നിഷ്‌കളങ്കമായി ചോദിച്ചതാണ്- എനിക്ക് ദേഷ്യം വരാതെ നോക്കേണ്ടത് അവളല്ലേ എന്ന്. എന്നിട്ടും ഈ നിയന്ത്രണമില്ലാത്ത ദേഷ്യം abnormal ആണെന്ന് കക്ഷിയ്ക്ക് മനസിലായിട്ടില്ല.

മകന്റെ ദേഷ്യത്തെ 'അവൻ്റെ അച്ഛന്റെ അതേ പ്രകൃതമെന്ന്' ഗ്ലോറിഫൈ ചെയ്യുന്ന ഒരമ്മ കൂടിയായപ്പോൾ ആ പെൺകൊച്ചിൻ്റെ ജീവിതം ഒരു വഴിക്കായി. എന്നാൽ ഇറങ്ങി പോരുമോ- ഇല്ല. ഈ ചുരുളിയ്ക്കപ്പുറം ലോകമുണ്ടെന്ന് പറഞ്ഞാലും വരില്ല. പരിചയമില്ലാത്ത ആ ലോകത്തെക്കാൾ ഭേദം പരിചയമുള്ള ഈ അപകടങ്ങളാണെന്ന് ബ്രെയിൻ വിശ്വസിപ്പിക്കും. അത് കൺവിൻസ് ചെയ്യാൻ വല്ലപ്പോഴും കിട്ടുന്ന സ്നേഹത്തെ അത് ഉയർത്തി പിടിക്കും. എന്നുമെന്നവണ്ണം ആരെങ്കിലുമൊക്കെ വന്നു ചോദിക്കും പുള്ളിക്കാരൻ മാറിയെന്നാണ് പറയുന്നത് - ഞാൻ ഒരവസരം കൂടി കൊടുത്താലോ എന്ന്. ശരിക്കും ഉള്ളിന്റെ ഉള്ളിൽ എന്താ തോന്നുന്നതെന്ന് ചോദിച്ചാൽ വല്യ പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് തോന്നൽ എന്ന് അവർ തന്നെ പറയും. എന്നിട്ടോ? ആ തോന്നൽ വക വയ്ക്കാതെ പരിചയമുളള അപകടത്തിലേയ്ക്ക് വീണ്ടും ഇറങ്ങിപ്പോകും.

ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ വീട് വിട്ടിറങ്ങി ആത്മഹത്യയ്ക്ക് ഒരുങ്ങിയൊരു കൂട്ടുകാരിയ്ക്ക് ആ നേരമെല്ലാം കൂട്ട് ഇരുന്നിട്ട്, ഭർത്താവ് വന്നു വിളിച്ചപ്പോൾ ഇറങ്ങിപ്പോയെന്ന് മാത്രമല്ല, കൂടെ നിന്നവരെയെല്ലാം ബ്ലോക്ക് കൂടി ചെയ്തു‌. ഇനിയൊരു പ്രശ്‌നം വന്നാൽ തിരികെ വരാൻ ഒരിടം പോലുമില്ലാത്ത വിധമാണ് പലരും അബ്യൂസറിനൊപ്പം വീണ്ടും പോകുന്നത്. ഇനി അവന്റെ കൂടെ പോയാൽ തിരികെ ഇങ്ങോട്ട് കയറണ്ട എന്ന് അച്ഛൻ വാശി പിടിച്ചത് കൊണ്ട് മാത്രം വീണ്ടും പോകാതെ, ജീവിതം തിരിച്ച് പിടിച്ച വളരെ അടുത്ത സുഹൃത്തുണ്ട്. സ്ത്രീകൾ മാത്രമല്ല, ഈ സിസ്റ്റത്തിൻ്റെ വിക്‌ടിം ആവുന്ന ഒരുപാട് പുരുഷന്മാരുമുണ്ട്. സ്ത്രീകൾക്ക് വേണ്ടി ഇന്ന് ആളുകൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് പല തലമുറകൾ നിലവിളിച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമാണ്

Patriarchal nine യിൽ അതിൻ്റെ ഗുണമനുഭവിക്കുന്ന പുരുഷന്മാരോളം തന്നെ അതിൻ്റെ ദൂഷ്യം അനുഭവിക്കുന്ന പുരുഷന്മാരുമുണ്ട്. പെണ്ണുങ്ങൾ ആരോടെങ്കിലും സങ്കടം പറയും, സഹായം തേടും, അബലയെന്ന ടാഗ് ഓൾറെഡി ഉള്ളതുകൊണ്ട് വാ വിട്ട് നിലവിളിക്കും. എന്നാൽ മദ്യമല്ലാതെ മറ്റൊരു കോപ്പിങ് മെക്കാനിസവും അറിയാത്ത പുരുഷന്മാരാണ് അധികവും. ഇമോഷൻസ് എക്‌സ്പ്രസ്സ് ചെയ്‌ത ഭർത്താവിനെ നട്ടെല്ലില്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്ന ഭാര്യമാരെ, സമ്പാദിക്കുന്നതിൻ്റെ അളവ് അനുസരിച്ച് മാത്രം പുരുഷന് വില കൊടുക്കുന്ന സ്ത്രീകളെ ഒക്കെ പതിവായി കാണാറുണ്ട്. ഭർത്താവിനെ വീടിനുള്ളിൽ അസഭ്യം മാത്രം പറയുന്ന ഭാര്യ പുറത്ത് കുലസ്ത്രീയായിരുന്നു. പുറത്ത് പറഞ്ഞാൽ ലോകം മുഴുവൻ കഴിവ് കെട്ടവനെന്ന് വിളിച്ചേക്കുമെന്ന് ഭയന്ന് എന്നെന്നേക്കുമായി ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന അനേകം പുരുഷന്മാരുമുണ്ട്. പല ബന്ധങ്ങളിലും അബ്യൂസർ ആദ്യം ചെയ്യുന്നത് നമ്മുടെ ആത്മാഭിമാനം തകർത്ത് അവനവനിലെ വിശ്വാസം ഇല്ലാതാക്കുക എന്നതാണ്. അവരില്ലാതെ ജീവിക്കരുതല്ലോ.

ഒരാൾ നമുക്ക് ചേർന്നതല്ലെന്ന് തോന്നിയാൽ - ആ ഒരാൾ ചേരുന്നില്ല എന്ന് മാത്രമാണ് അർത്ഥം. കോടിക്കണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് ആ ഒരാൾ നമുക്ക് ചേർന്നതല്ല എന്ന് മാത്രം. അതിനപ്പുറം ജീവിതമുണ്ട്. ഇരുപതാം വയസ്സിൽ എടുത്തൊരു തീരുമാനത്തെ ന്യായീകരിക്കാനാണോ നിങ്ങളൊരു ബന്ധത്തിൽ നിൽക്കുന്നത്? എന്നോ ഉണ്ടായിരുന്ന സ്നേഹത്തിൻ്റെ പ്രേതത്തെ കാത്താണോ നിങ്ങൾ ഇതിൽ നിൽക്കുന്നത്? ഭയമെന്ന വികാരമില്ലാതെ സ്നേഹത്തെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നുണ്ടോ? എപ്പോഴും അലർട്ട് ആയി സർവൈവൽ മോഡിലാണോ ജീവിക്കുന്നത് ? ശരിക്കുള്ള നിങ്ങൾ എങ്ങനെയാണെന്ന് ഓർക്കാൻ കഴിയുന്നുണ്ടോ ? മക്കളുടെ ഭാവിയെക്കരുതി? നാട്ടുകാരെ ഭയന്ന് ? തിരികെ പോകാൻ ഇടമില്ലാഞ്ഞിട്ട് ? ഇതൊക്കെ അതിജീവിച്ച അനേകായിരങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. എളുപ്പമാണെന്ന് പറയുന്നില്ല, പക്ഷേ വിവാഹ മോചനം ഒരു തോൽവിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ്. എല്ലാ everlastingly ബന്ധങ്ങൾക്കും ഒരു exit clause ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്.

Content Highlights: Beyond Toxic Love: Aswathy Sreekanth connected Sharjah Suicide and Choosing Self-Worth

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article