26 April 2025, 04:52 PM IST

അദ്നാൻ സാമി, ചൗധരി ഫവാദ്| photo: PTI, AFP
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനുമായി കൊമ്പുകോർത്ത് ഗായകൻ അദ്‌നാൻ സമി. പാക് പൗരന്മാർക്കൊപ്പം ഇന്ത്യ അദ്നാൻ സമിയെയും തിരിച്ചയക്കുമോ എന്ന് ചൗധരി ഫവാദ് ഹുസൈൻ ചോദിച്ചതിന് പിന്നാലെയാണ് രൂക്ഷമായ വാക്‌പോരുണ്ടായത്. ഫവാദ് ഹുസൈനെ 'നിരക്ഷരനായ വിഡ്ഢി' എന്ന് വിളിച്ച സാമി, തനിക്ക് 2016-ൽ തന്നെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പാകിസ്താൻ പൗരന്മാർ ഉടൻ മടങ്ങുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടകാര്യം ഹുസൈൻ പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് വാക്‌പോര് ആരംഭിച്ചത്.
രാജ്യം വിടാനുള്ള സമയപരിധിയായ ഏപ്രിൽ 27-ന് ശേഷം പാകിസ്താൻ പൗരന്മാർ ഇന്ത്യയിൽ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വെള്ളിയാഴ്ച അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിസയുള്ളവരോട് ഏപ്രിൽ 29-നകം രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ്. 'അദ്നാൻ സമിയുടെ കാര്യമോ?' എന്ന ചോദ്യം മുൻ പാക് മന്ത്രി സാമൂഹിക മാധ്യമത്തിലൂടെ ഉന്നയിച്ചത്. സാമി ഉടൻ തന്നെ മറുപടി ട്വീറ്റ് ചെയ്തു. 'ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് ഇതേക്കുറിച്ച് പറയുക!' അദ്ദേഹം രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു.
ഗായകൻ പാകിസ്താനിലെ ലാഹോറിൽ നിന്നുള്ളയാളാണെന്ന് ഹുസൈൻ പറഞ്ഞതോടെ സമി വീണ്ടും പ്രകോപിതനായി. തന്റെ വേരുകൾ പെഷവാറിലാണെന്ന് സമി തിരുത്തി. വാർത്താവിതരണ മന്ത്രിയായിരുന്നിട്ടും വസ്തുതകൾ തെറ്റായി പറഞ്ഞതിന് അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'എന്റെ വേരുകൾ പെഷവാറിലാണ്, ലാഹോറിലല്ല നിങ്ങൾ (തെറ്റായ) വിവരങ്ങളുടെ മന്ത്രിയായിരുന്നു, എന്നിട്ടും ഒരു വിവരത്തെക്കുറിച്ചും അറിവില്ലെന്ന് പറയമ്പോൾ... നിങ്ങൾ ശാസ്ത്ര മന്ത്രിയുമായിരുന്നോ എന്ന സംശയമുയരുന്നു - സമി ട്വീറ്റ് ചെയ്തു.
മുൻ ഇമ്രാൻ ഖാൻ സർക്കാരിന്റെ കീഴിൽ ഫവാദ് ഹുസൈൻ വാർത്താവിതരണ - ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ചൗധരി ഫവാദ് ഹുസൈൻ. അദ്നാൻ സമി 2016-ൽ ഇന്ത്യൻ പൗരത്വം നേടുകയും കുടുംബത്തോടൊപ്പം മുംബൈയിൽ താമസിക്കുകയും ചെയ്യുകയാണ്. ഇന്ത്യൻ പൗരത്വം ലഭിക്കാൻ 18 വർഷമെടുത്തുവെന്നും, 'ഒന്നര വർഷത്തോളം താൻ രാജ്യമില്ലാത്തവനായിരുന്നു' എന്നും മുൻ അഭിമുഖങ്ങളിൽ സാമി വെളിപ്പെടുത്തിയിരുന്നു. പാകിസ്താനിൽ തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Content Highlights: Adnan Sami calls erstwhile Pakistani curate an illiterate fool
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·