'ഈ പടം പൊട്ടിയാൽ നമുക്ക് സിനിമ മതിയാക്കി ഗൾഫിൽ പോകാം'; 'തലസ്ഥാന'ത്തിന്റെ ഓർമകൾക്ക് 33 വയസ്

7 months ago 6

shaji-kailas-renji-panicker-thalasthanam

ഷാജി കൈലാസും രഞ്ജി പണിക്കരും, 'തലസ്ഥാന'ത്തിന്റെ പോസ്റ്റർ

‘രഞ്ജീ...പടംപൊട്ടിയാൽ നമുക്ക് ഈ പണി മതിയാക്കണം. ഗൾഫിൽപ്പോയി വേറെ എന്തേലും ജോലിചെയ്തു ജീവിക്കാം’ -ഇരുപത്തിയെട്ടാം വയസ്സിൽ തന്റെ ആറാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തമ്പാനൂർ ചൈത്രം ഹോട്ടലിലിരുന്ന് ഷാജി കൈലാസ്, രഞ്ജി പണിക്കരോടു പറഞ്ഞു.

പിന്നീട് റിലീസിങ് ദിവസം പടംകാണാൻ കയറി പാതിക്കുവെച്ച് ആകെ തകർന്നു സങ്കടത്തോടെ ഇറങ്ങിപ്പോന്ന രഞ്ജി പണിക്കർ പറഞ്ഞു -‘ഷാജീ ഒരു സീനിൽ ജനം കൂവുന്നതുകേട്ട് ഞാൻ തകർന്നുപോയി. പടം വീണെന്നാ തോന്നുന്നത്. നീ അന്നു പറഞ്ഞ ഗൾഫ് വിസയുടെ കാര്യം നോക്കാം നമുക്ക്!’

പക്ഷേ, അടുത്ത ദിവസം മുതൽ മലയാള വാണിജ്യസിനിമയുടെ ചരിത്രത്തിലേക്ക് ഈ സിനിമ ‘ഇടിച്ചു’കയറുന്ന കാഴ്ചകണ്ട് ഇരുവരും അന്തിച്ചു.

മലയാളത്തിൽ പുതിയൊരു സിനിമാ ഫോർമാറ്റിനുതന്നെ തുടക്കമിട്ട, സുരേഷ്ഗോപി ഒരു സൂപ്പർതാരമായി ഉദിക്കാൻ തുടങ്ങിയ ചിത്രം മലയാളം ഏറ്റെടുത്തു. ‘തലസ്ഥാനം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തെക്കുറിച്ച് പറയുമ്പോൾ അന്നത്തെ ഉറക്കമില്ലാത്ത രാവുകൾ ഷാജി കൈലാസ് ഇന്നും ഓർക്കുന്നു.

ഈ ചിത്രത്തിലൂടെ ‘തലസ്ഥാനം വിജയകുമാർ’ എന്നറിയപ്പെട്ട വിജയകുമാറിന്റെ അച്ഛൻ വിഴിഞ്ഞം സ്വദേശി ഹെൻറിയാണ് ഈ സിനിമയുടെ നിർമാതാവ് എന്ന കാര്യവും പലർക്കുമറിയില്ല. ഷാജി കൈലാസ് പഠിച്ച എംജി കോളേജും പരിസരവുംതന്നെയായിരുന്നു പ്രധാന ലൊക്കേഷനും.

ഫോട്ടോയിൽനിന്ന് ‘കത്തിയ’ കഥ!

ഒരു സീനിൽപ്പോലും കാണികൾക്കു മുന്നിലെത്തിയില്ലെങ്കിലും ‘റെയ്ഞ്ചർ സായിപ്പ്’ ഇല്ലായിരുന്നെങ്കിൽ ലേലം സിനിമ ഉണ്ടാകില്ലാരുന്നു എന്നു പറയുംപോലെയാണ് ‘തലസ്ഥാന’ത്തിന്റെയും കാര്യം. കഥയ്ക്കുവേണ്ടി കടുത്ത ആലോചനയിലിരിക്കുമ്പോഴാണ് ആ ലക്കം ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ കവർചിത്രം കണ്ണിലുടക്കുന്നത് -മണ്ഡൽകമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട സമരത്തിനിടെ ഒരു വിദ്യാർഥിയുടെ ദേഹത്ത് തീ ആളിപ്പടരുന്നു, ചുറ്റും തീയണയ്ക്കാൻ ശ്രമിക്കുന്നവർ. ചിത്രം കണ്ട് ഷാജിക്ക് കഥ കത്തി! ആ ചിത്രം രഞ്ജി പണിക്കർക്ക് മുന്നിലേക്കിട്ടുകൊടുത്തിട്ട് ഷാജി പറഞ്ഞു- ‘നമുക്ക് ഈ മുഖച്ചിത്രംവെച്ച് എഴുതിത്തുടങ്ങാം’. രഞ്ജിക്കും കാര്യം ‘കത്തി’. അങ്ങനെ ആ ഫോട്ടോപോലെതന്നെ പൊള്ളുന്ന വിഷയവുമായി വിദ്യാർഥിരാഷ്ട്രീയത്തിന്റെ അപചയ കഥ പിറന്നു.

എംജി കോളേജിലെ അന്നത്തെ അടി

എംജി കോളേജിൽ ബിരുദത്തിനു പഠിക്കുന്ന കാലത്ത് ഷാജി കൈലാസ് കോളേജ് ഇടനാഴിയിൽ കണ്ട ഒരു അടിരംഗമുണ്ട്. അടിയല്ല, കത്തിക്കുത്ത്. വായിൽ കടിച്ചുപിടിച്ച്, ഉറയിൽനിന്ന് കത്തി ഊരിയെടുത്ത് ഒരു വിദ്യാർഥി സഹപാഠിയെ കുത്തിവീഴ്ത്തുന്ന രംഗം. അത് മനസ്സിൽ നീറ്റലോടെ കിടന്നിരുന്നു. ‘തലസ്ഥാനത്തി’ൽ ഉണ്ണികൃഷ്ണൻ (വിജയകുമാർ) പപ്പനെ (അശോകൻ) കുത്തിവീഴ്ത്തുന്ന രംഗം ആ പഴയ ഓർമ്മയിൽനിന്നു പുനരാവിഷ്കരിച്ചതാണ്. കത്തിയൂരലും കുത്തലുമെല്ലാം അതേപടി. അതും, അന്ന് സംഘട്ടനം നടന്ന അതേ ഇടനാഴിയിൽവെച്ചുതന്നെ ചിത്രീകരിച്ചു.

എഴുതിയ ഡയലോഗ് സ്വയംപറഞ്ഞു

മോഹൻ തോമസ്, ജോസഫ് അലക്‌സ്, കടയാടി ബേബി, ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങി ഉഗ്രമൂർത്തികൾ പിറക്കുംമുൻപുള്ള രഞ്ജി പണിക്കരുടെ തുടക്കകാലമാണത്. മറ്റു സിനിമകളിലൊന്നും കേട്ടിട്ടില്ലാത്ത മാസ് ഡയലോഗുകൾ വേണമെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. അങ്ങനെ നല്ല വെങ്കലം ഡയലോഗ്‌ തന്നെ രഞ്ജി പണിക്കർ എഴുതി. സിനിമയിൽ ഒരു പത്രപ്രവർത്തകൻ ഒരു മാസ് ചോദ്യം ചോദിക്കുന്ന രംഗമുണ്ട്. പാളയത്തെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് ചിത്രീകരണം. ഈ ഡയലോഗ് പറയേണ്ട ജൂനിയർ ആർട്ടിസ്റ്റ് എത്ര ടേക് എടുത്തിട്ടും ശരിയാകുന്നില്ല. ഒടുവിൽ ഷാജി രഞ്ജി പണിക്കരോടു പറഞ്ഞു -‘കടുകട്ടിക്ക് എഴുതിവെച്ചതല്ലേ? നീ തന്നെ ഈ ഡയലോഗ് പറയ്!’ അങ്ങനെ രഞ്ജി പണിക്കർ ഈ സിനിമയിലൂടെ അഭിനയത്തിലേക്കും കടന്നു.

പടം പൊട്ടും കട്ടായം!

സിനിമ ഇറങ്ങുംമുൻപ് ചെന്നൈയിൽ ഒരു പ്രിവ്യൂ ഷോ വെച്ചിരുന്നു. പടം കഴിഞ്ഞ് നാട്ടിലേക്കു വിളിക്കാനായി എസിടിഡി ബൂത്തിലെത്തിയ ഷാജിയും രഞ്ജിയും ബൂത്തിനകത്തുനിന്ന് ഒരാൾ ഫോൺ ചെയ്യുന്നതുകേട്ടു- ‘ഓ, പടത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. ഓടില്ലെന്ന് ഉറപ്പ്’. മലയാളത്തിലെ ഒരു നിർമാതാവാണ് ആരെയോ വിളിച്ച് ഇങ്ങനെ പറയുന്നത്.

സിനിമയിറങ്ങി രണ്ടുദിവസത്തേക്ക് ഒരു ഫോൺകോൾപോലും ഷാജിയെ തേടിയെത്തിയില്ല. രഞ്ജിയാണെങ്കിൽ ആദ്യദിവസത്തെ തിയേറ്റർ അനുഭവത്തോടെ പ്രതീക്ഷ വിട്ടിരുന്നു. എന്നാൽ മൂന്നാംനാൾ രാത്രി വിതരണക്കാരൻ ബേബിക്കുട്ടിയുടെ കോൾ എല്ലാ അനിശ്ചിതത്വവും നീക്കി -‘പടം ഗംഭീരം. ഇതു തകർത്തുവാരും. തിയേറ്റുകളെല്ലാം ഫുൾ’.

അന്ന് തിയേറ്ററിൽ രഞ്ജി പണിക്കർ കൂക്കിവിളി കേട്ടത് സുരേഷ്ഗോപി അസീസിനെ തല്ലുന്ന സീനിലായിരുന്നു. ആ കൂക്കിവിളി സിനിമയ്ക്കല്ല, വില്ലനായ അസീസിനായിരുന്നുവെന്ന് മനസ്സിലാക്കാൻ കുറച്ചുദിവസം വേണ്ടിവന്നുവെന്നുമാത്രം!

Content Highlights: Interesting memories astir the malayalam movie Thalasthanam by Shaji Kailas and Renji Panicker

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article