
മദ്രാസി എന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ | സ്ക്രീൻഗ്രാബ്
ശിവ കാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. സലമ്പല എന്ന ഗാനം ലിറിക്കൽ വീഡിയോയാണ് എത്തിയത്. അനിരുദ്ധ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കറാണ്. സൂപ്പർ സുബ്ബുവിന്റേതാണ് വരികൾ. അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് മദ്രാസി.
അനിരുദ്ധിന്റെ ആരാധകർ പ്രതീക്ഷിക്കുന്ന തരം തട്ടുപൊളിപ്പൻ ഗാനമാണ് സലമ്പല. ശിവ കാർത്തികേയന്റെ ഊർജസ്വലമായ നൃത്തച്ചുവടുകളാണ് ഏറെ ശ്രദ്ധേയം. നേരത്തേ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് എത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ഗാനം ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് എത്തിയത്. ശേഖർ വി.ജെയാണ് നൃത്ത സംവിധാനം. സുദീപ് എളമൺ ആണ് ഛായാഗ്രഹണം.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിധ്യുത് ജംവാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും മദ്രാസി എന്ന് ഒരു ഇന്റർവ്യൂവിൽ മുരുഗദോസ് അഭിപ്രായപ്പെട്ടിരുന്നു. 'ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്', മുരുഗദോസ് പറഞ്ഞു.
എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി: കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് :പ്രതീഷ് ശേഖര്‍.
Content Highlights: Sivakarthikeyan's 'Madharaasi' First Song 'Salambala' Released: A Power-Packed Anirudh Musical





English (US) ·