ഈ പ്രകടനം കണ്ടാൽ ബിസിസിഐ തിരിച്ചുവിളിക്കാതിരിക്കുന്നതെങ്ങനെ? എന്നിട്ടും വഴങ്ങാതെ മടക്കം 

8 months ago 9

'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ ഇവിടംവരെയുള്ള യാത്രയില്‍ എത്തിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതെന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കുന്ന പാഠങ്ങള്‍ പഠിപ്പിച്ചു,' - ഇനി ഇന്ത്യക്കായി വെള്ളക്കുപ്പായത്തിൽ കളിക്കാനില്ലെന്ന് വിരാട് കോലി ലോകത്തെ അറിയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഒട്ടും എളുപ്പമല്ലെന്ന് പറഞ്ഞ് റെഡ്ബോൾ ക്രിക്കറ്റിന്റെ പടിയിറങ്ങുമ്പോഴും തന്റേതായ ശൈലി കൈവിട്ടില്ല വിരാട് കോലി. വിരമിക്കരുതെന്ന് ബിസിസിഐ ആവർത്തിച്ച് പറഞ്ഞിട്ടും കുലുങ്ങിയില്ല, മൈതാനത്തെ ഈ റൺമെഷീൻ. തനി കോലി ശൈലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറച്ചനിലപാടുമായാണ് പടിയിറക്കം.

രോഹിത് ശർമയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലി റെക്കോഡുകള്‍ സൃഷ്ടിച്ച ഒരു പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആ പേര് അടയാളപ്പെടുത്തിക്കൊണ്ടാണ് പടിയിറക്കം. ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല നായകനായും സമാനതകളില്ലാത്ത നേട്ടം കൈവരിച്ച മടക്കം ഒരർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടമാണ് വിരാട് കോലിയെന്ന ടെസ്റ്റ് ക്രിക്കറ്റര്‍ ലോകത്തിന് മുന്നില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങുന്നത്. 2014 ല്‍ തിരിച്ചടിയോടെയാണ് കോലിയുടെ തുടക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് ടെസ്റ്റിലും കോലി പരാജയപ്പെട്ടു. ഒരു അര്‍ധസെഞ്ചുറിപോലും താരത്തിന് നേടാനായില്ല. വിദേശ മണ്ണില്‍ കോലിക്ക് കളിക്കാനാവില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഓസീസിനെതിരായ അടുത്ത പരമ്പരയില്‍ തന്നെ കോലിയുടെ മറുപടിയെത്തി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രാഫിയില്‍ ഉഗ്രന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. രണ്ട് സെഞ്ചുറിയുള്‍പ്പെടെ 692 റണ്‍സ്.

ടെസ്റ്റില്‍ ഇന്ത്യയുടെ നെടുംതൂണായി മാറിയതിന് പിന്നാലെ നായകനായുള്ള വരവായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. എം.എസ് ധോനിയുടെ പടിയിറക്കത്തിന് പിന്നാലെ കോലി രാജ്യത്തെ നയിക്കാനിറങ്ങി. ധോനി അടയാളപ്പെടുത്തിയ നേട്ടങ്ങളുടെ ഒരു വലിയ കൂമ്പാരമുണ്ടായിരുന്നു കോലിക്ക് മുന്നില്‍. പിന്‍ഗാമിയായി എത്തുമ്പോള്‍ വെല്ലുവിളികളും സമ്മര്‍ദങ്ങളും. എന്നാല്‍ തെല്ലും ആശങ്കയില്ലാതെയാണ് കോലി ടെസ്റ്റില്‍ ഇന്ത്യയെ പടനയിച്ചിറങ്ങിയത്. ലങ്കയ്‌ക്കെതിരായ പര്യടനം മുതല്‍ കോലിയെന്ന നായകന്‍ റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ പിടിച്ചുയര്‍ത്തി. ബാറ്റിങ്ങില്‍ ഉയര്‍ന്നും താഴ്ന്നുമാണ് ഇന്ത്യയുടെ സൂപ്പര്‍താരം മുന്നോട്ടുപോയത്. പക്ഷേ നായകനെന്ന നിലയില്‍ ഏവരെയും കോലി ഞെട്ടിച്ചു.

2016 ല്‍ ടെസ്റ്റ് നായകനെന്ന നിലയിലും ടെസ്റ്റ് ബാറ്ററെന്ന നിലയിലും തിളങ്ങുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ടീമിനെ ഒന്നടങ്കം കോലി പ്രചോദിപ്പിച്ചു. തിരിച്ചടികളില്‍ വീര്യത്തോടെ മുന്നേറുന്ന ശൈലി. ആക്രമണോത്സുകമായ ബാറ്റിങ് ശൈലി പോലെ കോലിയിലെ കളിക്കാരനും നായകനും അല്‍പ്പം വീറോടെയാണ്എതിരാളികളെ നേരിട്ടത്. 2016 ല്‍ 1215 റണ്‍സാണ് കോലി അടിച്ചെടുത്തത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതുമെത്തിച്ചു. വിന്‍ഡീസിനെതിരേയും കിവീസിനെതിരേയും ഇരട്ട സെഞ്ചുറി, ലോകക്രിക്കറ്റിലെ മികച്ച ബൗളര്‍മാരെ സധൈര്യം നേരിടുന്ന ബാറ്ററായി അയാള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും വില്ല്യംസണിനും ഒപ്പം ചേര്‍ന്ന് ലോകക്രിക്കറ്റിലെ ഫാബ് ഫോറിലുമെത്തി കോലി.

2017 ലും മിന്നും ഫോം തുടര്‍ന്ന കോലി ആ വര്‍ഷവും ആയിരത്തിലധികം റണ്‍സെടുത്തു. ഓസ്‌ട്രേലിയയെ ഇന്ത്യ 4-0 ന് തൂത്തുവാരുന്നതിലും നിര്‍ണായകമായിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് ഒഴുകി. ആ വര്‍ഷം സ്വന്തം മണ്ണിലായിരുന്നു കോലി നിറഞ്ഞുനിന്നതെങ്തില്‍ 2018 ല്‍ വിദേശമണ്ണിലും കോലി വിശ്വരൂപം കാട്ടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോലി വേറിട്ടുനിന്നു. ഓസീസിനെതിരേയും ഇംഗ്ലണ്ടിനെതിരേയും വിരാട് കോലിയെന്ന ആധുനിക ക്രിക്കറ്റിലെ ഇതിഹാസത്തിന്റെ മറുപടിയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ട് സെഞ്ചുറിയടക്കം 593 റണ്‍സ്. പിന്നാലെ ഓസീസിലും ജയം. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ നായകനായി കോലി മാറി. 2019 ല്‍ കരിയര്‍ ബെസ്റ്റായ 254 റണ്‍സടക്കം പിറന്നു. ഓസീസും വിന്‍ഡീസും പ്രോട്ടീസുമെല്ലാം ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. നായകനെന്ന നിലയില്‍ കൂടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച വര്‍ഷമായിരുന്നു അത്.

ഒടുക്കം 2022 ലാണ് കോലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2014-ല്‍ എം.എസ് ധോനിയില്‍ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 എണ്ണത്തില്‍ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.

'ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ടീമിനെ ശരിയായ ദിശയില്‍ കൊണ്ടുപോയത്. തികച്ചും സത്യസന്ധമായിട്ടാണ് ഞാന്‍ എന്റെ ജോലി ചെയ്തത്. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമെത്തിയിരിക്കുകയാണ്.' - കോലി അന്ന് കുറിച്ചു. പിന്നാലെ മൂന്ന് വർഷത്തിനിപ്പുറം കൂടി കളിച്ച് പടിയിറങ്ങുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ റൺവേട്ടക്കാരിൽ നാലാമനായ കോലി മാറിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

ഒടുക്കം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെ വിരമിക്കുന്ന കാര്യത്തിൽ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോലി വഴങ്ങാന്‍ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണമെന്നാണ് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനിൽക്കാതെ കോലി ടെസ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു. ടെസ്റ്റിൽ കോലി സൃഷ്ടിക്കുന്ന വിടവ് അത്രപെട്ടെന്നൊന്നും ഇന്ത്യക്ക് നികത്താനുമാകില്ല. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.

Content Highlights: kohli trial vocation show status amerind cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article