
വിജയ് സേതുപതി, തുടരും എന്ന ചിത്രത്തിലെ രംഗം | ഫോട്ടോ: സിദ്ദിഖുൽ അക്ബർ |മാതൃഭൂമി, Facebook
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലെ തന്റെ സാന്നിധ്യം വെളിപ്പെടുത്തി വിജയ് സേതുപതി. തുടരും എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ചാണ് വിജയ് സേതുപതി മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചത്. ഇതേ ചിത്രം മോഹൻലാൽ നേരത്തേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
തുടരും എന്ന ചിത്രത്തിലെ സർപ്രൈസ് സാന്നിധ്യമായിരുന്നു വിജയ് സേതുപതി. സിനിമയുടെ ടൈറ്റിൽ ഗാനത്തിലാണ് വിജയ് സേതുപതിയും മോഹൻലാലും ഒരുമിച്ചുള്ള രംഗങ്ങൾ വരുന്നത്. ഫ്രെയിം ചെയ്തിരിക്കുന്ന ചിത്രരൂപത്തിലാണ് ഇത് കാണിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നാണ് താരം പുറത്തുവിട്ടത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന അൻപ് എന്ന കഥാപാത്രത്തിന്റെ അദൃശ്യസാന്നിധ്യം ചിത്രത്തിന്റെ പലഭാഗങ്ങളിലുമുണ്ട്.
മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് വിജയ് സേതുപതി കുറിച്ചത്. പോസ്റ്റിൽ മോഹൻലാൽ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ആശീർവാദ് സിനിമാസ്, സംവിധായകൻ തരുൺ മൂർത്തി, ചിത്രം നിർമിച്ച രജപുത്ര വിഷ്വൽ മീഡിയ എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.

ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിലെ വരികൾക്കൊപ്പമാണ് ഇതേ ചിത്രം മോഹന്‍ലാല്‍ ഷെയർ ചെയ്തത്. ഹാര്‍നസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഷണ്‍മുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ പഴനിസ്വാമി എന്ന കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച, ഷണ്‍മുഖന്റെ സുഹൃത്ത് അന്‍പിനേയും ചിത്രത്തില്‍ കാണാം. പോസ്റ്റ് ചെയ്ത് കുറച്ചുസമയത്തിനകം ചിത്രം വൈറലായി.
'തുടരും' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.
Content Highlights: Vijay Sethupathi reveals his astonishment relation successful Mohanlal`s blockbuster Malayalam movie `Thudarum`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·