Published: October 22, 2026 04:15 PM IST
1 minute Read
കഴിഞ്ഞ ദിവസം 100 മീറ്റർ ഹീറ്റ്സിൽ 10.79 സെക്കൻഡിനു ഫിനിഷ് ചെയ്ത് ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചതാണു മുഹമ്മദ് ബാസിൽ. ഇന്നലെ ഫൈനലിന്റെ തുടക്കത്തിൽ ഏറെ മുന്നിലായിരുന്നു ബാസിൽ. പക്ഷേ, അവസാന മിനിറ്റിൽ ദിലീപ് ഗവിത് കുതിച്ചെത്തി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി (10.69 സെക്കൻഡ്). 10.72 സെക്കൻഡിൽ രണ്ടാമതായാണു ബാസിൽ ഫിനിഷ് ചെയ്തത്. ഇരുവരും ഗെയിംസ് റെക്കോർഡ് തിരുത്തുകയും ചെയ്തു. കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിനു പിന്നാലെ ഏഷ്യൻ പാരാ ഗെയിംസിലും ബാസിലിനു വെള്ളിമെഡൽ.
ഏഷ്യൻ പാരാ ഗെയിംസ് വെള്ളി മെഡൽ നേട്ടത്തെ കുറിച്ച് ബാസിൽ പറയുന്നു:
‘‘സ്വർണപ്രതീക്ഷയിലായിരുന്നു. ഫൈനലിന്റെ തുടക്കത്തിൽ മികച്ച വേഗം കണ്ടെത്താനും കഴിഞ്ഞു. പക്ഷേ, ട്രൗസറിട്ട് ഓടിയതു തിരിച്ചടിയായി. കാറ്റ് എതിർദിശയിലായിരുന്നു. ട്രൗസറിൽ കാറ്റുപിടിച്ചു. ഇതോടെ അവസാന 10 മീറ്ററിൽ പ്രതീക്ഷിച്ച വേഗം കിട്ടിയില്ല. പക്ഷേ, കോമൺവെൽത്ത് ഗെയിംസിനു പിന്നാലെ ഏഷ്യൻ ഗെയിംസിലും മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ മെഡൽ കോച്ച് ആർ. ശ്രീനിവാസനും എന്റെ കുടുംബത്തിനും സമർപ്പിക്കുന്നു’’.
മൂന്നു മാസത്തിനിടെ രണ്ടാം തവണയും പൊന്നാനി പുല്ലോണത്താണി പള്ളപ്പുറത്ത് കളത്തിങ്ങൾ വീട്ടിലേക്കു വെള്ളിത്തിളക്കമുള്ള സന്തോഷ വാർത്തയെത്തി. മൂന്നു മാസം മുൻപ് അതിന്റെ പ്രഭവ കേന്ദ്രം ഗ്ലാസ്ഗോയായിരുന്നുവെങ്കിൽ ഇന്നലെ അതു ജപ്പാനിലെ നഗോയയിൽ നിന്നായിരുന്നു. ഇന്ത്യൻ പാരാ അത്‌ലീറ്റ് മുഹമ്മദ് ബാസിലിന്റെ വീട്ടിലാണ് ഇടയ്ക്കിടെ സന്തോഷപ്പൂത്തിരി കത്തുന്നത്. ഇന്നലെ, ഏഷ്യൻ പാരാഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയതാണ് ബാസിലിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയത്. മൂന്നു മാസം മുൻപ് കോമൺവെൽത്ത് പാരാഗെയിംസിലും ഇതേ ഇനത്തിൽ ബാസിൽ വെള്ളി നേടിയിരുന്നു.
പിതാവ് സിറാജുദ്ദീനും മാതാവ് സീനത്തും ഇന്നലെ മകന്റെ നേട്ടം ടിവിയിൽ കണ്ടു. ഇളയമകൻ ശാമിലും ബാസിലിന്റെ ആദ്യ പരിശീലകൻ അനസും ഒപ്പമുണ്ടായിരുന്നു. അവസാന നിമിഷംവരെ ബലാബലം പോരാട്ടമാണു നടന്നത്. ബാസിലിനു സ്വർണമാണ് കുടുംബം പ്രതീക്ഷിച്ചത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ അതു വെള്ളിയായപ്പോൾ ചെറിയ നിരാശ തോന്നി. മത്സര ശേഷം ബാസിലിന്റെ ഫോൺ കോൾ എത്തിയതോടെ വീണ്ടും സന്തോഷ വൈബ്. ബാസിലിനു ജന്മനാ വലതു കയ്യില്ല. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഒറ്റച്ചിറകുമായി അവൻ നേട്ടങ്ങളിലേക്കു പറന്നത്. അതിനു തണലൊരുക്കിയതു കുടുംബവും വി.കെ.അനസ് എന്ന പരിശീലകനുമാണ്. വെളിയങ്കോട് ഉമരി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ബാസിലിന്റെ ഓട്ടം കണ്ടാണ് കായികാധ്യാപകനായ അനസ് അത്‌ലറ്റിക് ട്രാക്കിലേക്കു വഴി തിരിച്ചുവിട്ടത്.
ദേശീയ ജൂനിയർ മീറ്റിൽ വരെ ജനറൽ വിഭാഗത്തിൽ മത്സരിച്ചു കഴിവു തെളിയിച്ചു. ടി 47 വിഭാഗം 100 മീറ്ററിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ബാസിൽ തിരുവനന്തപുരം എൽഎൻസിപിഇയിൽ ആർ.ശ്രീനിവാസനു കീഴിലാണ് പരിശീലിക്കുന്നത്.
English Summary:






English (US) ·