ഈ വിജയം നിങ്ങൾ അർഹിക്കുന്നു! തൻറെ ഒന്നാം സ്ഥാനം തട്ടിയെടുത്ത നിവിനോട് കല്യാണി പറഞ്ഞത്; കുടുംബ പ്രേക്ഷകർ അവരുടെ കരുത്ത് തെളിയിച്ചതിലാണ് സന്തോഷം

1 day ago 4
മലയാള സിനിമയിലെ സൗഹൃദവും പരസ്പര ബഹുമാനവും എത്ര മനോഹരമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് നടി കല്യാണി പ്രിയദർശന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിലെ കല്യാണിയുടെ റെക്കോർഡ് കളക്ഷനെ മറികടന്നാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത്.

ഈ വർഷം ലോക ചാപ്റ്റർ 1 നേടിയ 302 കോടി രൂപയുടെ റെക്കോർഡ് മറികടന്ന് ബി.കെ.യു 304.95 കോടി രൂപയെന്ന പുതിയ നാഴികക്കല്ല് പിന്നിട്ടു. എന്നാൽ, തന്റെ സിനിമയുടെ വലിയൊരു റെക്കോർഡ് തിരുത്തിയ മറ്റൊരു ചിത്രത്തിന്റെ വിജയത്തെ സ്വന്തം നേട്ടം പോലെ ചേർത്തുപിടിച്ച് കല്യാണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാപ്രേമികളുടെയും സോഷ്യൽ മീഡിയയുടെയും കയ്യടി നേടുന്നത്.

'കുടുംബപ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടാൽ തിയേറ്ററുകളിൽ ആളുകൾ ഇരച്ചെത്തും' ഒരു അഭിമുഖത്തിലെ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് കല്യാണി കുറിപ്പ് പങ്കുവെച്ചത്.

Samayam Malayalamനിവിൻ പോളി ഫുൾ ഫോമിലാണ്, 300 കോടി കടന്ന ബത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം അടുത്ത സിനിമയും; ഇതും ഹിറ്റാകും എന്ന് പറയാൻ കാരണം?
"വലിയ ആക്ഷൻ ചിത്രങ്ങൾക്ക് മാത്രമേ ഇത്രയും വലിയ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് പലരും കരുതിയിരുന്ന സമയത്ത്, കുടുംബപ്രേക്ഷകരുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ബി.കെ.യു തെളിയിച്ചു തന്നു. ഈ റെക്കോർഡ് നേട്ടത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യവും അതാണ്. ബി.കെ.യുവിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, ഈ മനോഹരമായ വിജയം നിങ്ങൾ അർഹിക്കുന്നു," എന്നായിരുന്നു കല്യാണിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ. പിന്നാലെ കല്യാണിയോട് നന്ദി പറഞ്ഞുകൊണ്ട് നിവിൻ പോളിയും ഇത് തന്റെ പേജിൽ റീപോസ്റ്റ് ചെയ്തു.

മത്സരം എന്നത് ക്യാമറയ്ക്ക് മുന്നിലും ബോക്സ് ഓഫീസിലെ കളക്ഷൻ റിപ്പോർട്ടുകളിലും മാത്രമാണെന്നും, അതിനപ്പുറം പരസ്പരം സൗഹൃദം നിലനിർത്തുന്ന വലിയൊരു കുടുംബമാണ് തങ്ങളെന്നും മലയാള സിനിമയിലെ അഭിനേതാക്കൾ വീണ്ടും തെളിയിക്കുകയാണ്. ചില സിനിമാ ഇൻഡസ്ട്രികളിൽ പലപ്പോഴും കാണാറുള്ള കടുത്ത മത്സരങ്ങൾക്കോ പോരുകൾക്കോ ഇവിടെ വലിയ ഇടമില്ല.


മറ്റൊരാളുടെ വിജയത്തിൽ അസൂയപ്പെടാതെ, അത് മലയാള സിനിമയുടെ തന്നെ വളർച്ചയാണെന്ന് തിരിച്ചറിഞ്ഞ് അവരെ ഹൃദയത്തിൽ നിന്ന് അഭിനന്ദിക്കാൻ ഇവിടുത്തെ താരങ്ങൾ കാണിക്കുന്ന ഈ വലിയ മനസ്സ് തന്നെയാണ് മലയാള സിനിമയെ മറ്റ് സിനിമാലോകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്


മഞ്ഞുമ്മൽ ബോയ്സ്, എൽ2: എമ്പുരാൻ, ലോക ചാപ്റ്റർ 1 എന്നീ ചിത്രങ്ങൾ തീർത്ത വലിയ വിജയങ്ങൾക്ക് പിന്നാലെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റും അതിഗംഭീര വിജയം നേടുന്നത്.

കഥകളുടെ കരുത്തും മേക്കിങ്ങിലെ മികവും മാത്രമല്ല, പരസ്പരം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മനോഹരമായ മനസ്സുകൾ കൂടിയാണ് മലയാള സിനിമയെ ഇന്ന് ഈ വലിയ ഉയരങ്ങളിൽ എത്തിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത് .

Read Entire Article