ഈ സാഹചര്യത്തിൽ എനിക്ക് ധരിക്കാൻ ഏറ്റവും അനുയോജ്യം ഈ വസ്ത്രമാണ് -സാന്ദ്ര തോമസ്

5 months ago 6

26 July 2025, 01:01 PM IST

Sandra Thomas

സാന്ദ്രാ തോമസ് | സ്ക്രീൻ​ഗ്രാബ്

കൊച്ചി: നിർമാതാക്കളുടെ സംഘടനയുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെന്നറിഞ്ഞ് അസോസിയേഷൻ ഭാരവാഹികൾ ഭയന്നുവെന്ന് സാന്ദ്ര തോമസ്. എന്തിനാണവർ ഭയക്കുന്നതെന്ന് ചോദിച്ച സാന്ദ്ര ഇപ്പോഴത്തെ ഭാരവാഹികൾ മറ്റുള്ളവർക്ക് മാറിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നും ഈ കസേര കെട്ടിപ്പിടിച്ചിരിക്കുന്നത് ശരിയായ കാര്യമല്ലല്ലോ. ആളുകൾ മാറിവന്നെങ്കിൽ മാത്രമേ പുരോ​ഗതിയുണ്ടാവുകയുള്ളൂ എന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കാൻ പർദ ധരിച്ച് വന്നതിനുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ഇപ്രാവശ്യം താൻ പ്രസിഡന്റായി ജയിച്ച് വരികയാണെങ്കിൽ അടുത്ത തവണ താൻ അതേ സ്ഥാനത്ത് തുടരില്ലെന്ന് സാന്ദ്ര പറഞ്ഞു. പുതിയ ആളുകൾക്ക് കഴിവുതെളിയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. അതിന് സമ്മതിക്കാതെ പത്ത് പതിനഞ്ച് വർഷമായി ചിലർ ഭരണം തുടരുകയാണ്. ഹേമാ കമ്മിറ്റിയിൽ പറഞ്ഞ പവർ ​ഗ്രൂപ്പ് പോലെ ഇവർ സംഘടനയെ അടക്കിവാഴുകയാണ്. പാനലിനാണ് വോട്ട് ചെയ്യുന്നത്. വേറെയാരും ഇവർക്കെതിരെ വരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബി. രാകേഷിന് എതിരെ നിൽക്കാൻ താനല്ലാതെ വേറെയാരും ഇവിടെയില്ല. മത്സരിക്കാൻ ആളുകൾ മുന്നോട്ടുവരുന്നില്ലെന്നത് പരിതാപകരമാണെന്നും സാന്ദ്ര പറഞ്ഞു.

എന്റെ പത്രിക തള്ളാനുള്ള എല്ലാ പദ്ധതിയും അവർ ആസൂത്രണം ചെയ്യുന്നുണ്ട്. ഞാൻ രണ്ട് സിനിമ മാത്രം ചെയ്തിട്ടുള്ള നിർമാതാവാണ് എന്നതാണ് അവർ പറയുന്ന കാരണം. അങ്ങനെയല്ല എന്നത് വസ്തുതയാണ്. ഞാൻ പതിനാറ് സിനിമകൾ നിർമിച്ചിട്ടുണ്ട്. ഒൻപത് സിനിമകൾ എന്റെ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് സിനിമകൾ വെച്ചിട്ടാണ് അവർ പത്രിക തള്ളാൻ ശ്രമിക്കുന്നത്. അത് തെറ്റാണ്. എങ്കിലും അവസാനംവരെ പൊരുതും. സംവിധായകൻ കൂടിയായ വിനയന്റെ പൂർണ പിന്തുണ എനിക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.

എന്റെ നിലപാടിന്റെ ഭാ​ഗമായി, പ്രതിഷേധം അറിയിക്കാനാണ് പർദ ധരിച്ച് വന്നത്. ശരീരഭാ​ഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതുകൊണ്ട് ഈ വേഷം ധരിച്ചെന്നേയുള്ളൂ. ഈ അസോസിയേഷൻ ഭാരവാഹികൾ ഇരിക്കുന്നയിടത്തേക്ക് എന്റെ മുൻ അനുഭവത്തിന്റെ പേരിൽ എനിക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ വന്നത്. ഞാൻ കൊടുത്ത പരാതിയെത്തുടർന്ന് പോലീസ് കുറ്റപത്രം കൊടുത്തിരിക്കുകയാണ്. എന്നിട്ടുപോലും പ്രതികൾ ഇവിടെ ഭരണാധികാരികളായി തുടരുകയും അടുത്ത തവണത്തേക്ക് മത്സരിക്കുകയും ചെയ്യുകയാണ്. അവർ കൂട്ടിച്ചേർത്തു.

Content Highlights: Producer Sandra Thomas Challenges Film Association Leadership, Alleges Fear Tactics

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article