Curated byഗോകുൽ എസ് | Samayam Malayalam | Updated: 18 Mar 2025, 12:49 am
IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ( Rajasthan Royals ) ഇമ്പാക്ട് താരം ആരാകും? സാധ്യത ഈ മൂന്ന് യുവ താരങ്ങൾക്ക്. ആകാംക്ഷയിൽ ആരാധകർ.
ഹൈലൈറ്റ്:
- രാജസ്ഥാന്റെ ഇമ്പാക്ട് താരമാകാൻ സൂപ്പർ താരങ്ങൾ
- രാജസ്ഥാന്റെ കരുത്ത് ഇക്കുറി ഇന്ത്യൻ താരങ്ങൾ
- റോയൽസിന്റെ ആദ്യ കളി 23 ന്
രാജസ്ഥാൻ റോയൽസ്മികച്ച പ്ലേയിങ് ഇലവൻ തന്നെയാണ് ഇത്തവണയും രാജസ്ഥാൻ റോയൽസിനുള്ളത്. ഒപ്പം ഇമ്പാക്ട് താരവും എത്തുന്നതോടെ ടീമിന്റെ കരുത്ത് കൂടും. സീസൺ തൊട്ടടുത്ത് എത്തിനിൽക്കെ ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് താരമായി കളിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മൂന്ന് പേരെ നോക്കാം. ഇതിന് മുമ്പ് ഇക്കുറി റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്നും പരിശോധിക്കേണ്ടതായുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ ( ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ ), യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ, വനിന്ദു ഹസരംഗ, സന്ദീപ് ശർമ, മഹീഷ് തീക്ഷണ, തുഷാർ ദേഷ്പാണ്ഡെ.
പേസ് അനുകൂല വിക്കറ്റുകളിൽ ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് താരമായി കളിക്കാൻ ഏറ്റവുമധികം സാധ്യതകളുള്ള കളിക്കാരനാണ് ആകാശ് മധ്വാൽ. മുൻ മുംബൈ ഇന്ത്യൻസ് താരമായ മധ്വാലിനെ ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്നായിരുന്നു റോയൽസ് സ്വന്തമാക്കിയത്. തുടർച്ചയായി യോർക്കറുകൾ എറിയാനുള്ള മികവാണ് അദ്ദേഹത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
2023 ലെ ഐപിഎൽ എലിമിനേറ്ററിൽ അഞ്ച് റൺസിന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ലക്നൗവിനെ തകർത്ത താരമാണ് മധ്വാൽ. ഐപിഎല്ലിൽ 13 കളികളിൽ 19 വിക്കറ്റുകളാണ് ഈ യുവ പേസറുടെ സമ്പാദ്യം. ഇമ്പാക്ട് താരമായി ഇക്കുറി രാജസ്ഥാൻ കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് മധ്വാൽ.
ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ് ഇമ്പാക്ട് താരമായി ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കളിക്കാരനാണ് ശുഭം ദുബെ. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ദുബെ കഴിഞ്ഞ സീസണിലും രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു. ഇക്കുറി മെഗാ ലേലത്തിൽ നിന്ന് അദ്ദേഹത്തെ ടീം വീണ്ടും സ്വന്തമാക്കുകയായിരുന്നു. അഭ്യന്തര ക്രിക്കറ്റിൽ വിദർഭക്ക് വേണ്ടി കളിക്കുന്ന ദുബെ, മികച്ച ഫിനിഷറാണ്. ഒരു ബാറ്ററെയാണ് ഇമ്പാക്ട് താരമായി രാജസ്ഥാൻ റോയൽസിന് വേണ്ടതെങ്കിൽ ശുഭം ദുബെ തന്നെയാകും ആദ്യ ചോയിസ്.
രാജസ്ഥാൻ റോയൽസ് ഇമ്പാക്ട് താരമായി ഉപയോഗിക്കാൻ സാധ്യതയുള്ള മറ്റൊരു താരം കുമാർ കാർത്തികേയയാണ്. മധ്യപ്രദേശ് സ്പിന്നറായ അദ്ദേഹം ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മുംബൈ ഇന്ത്യൻസിന്റെ മുൻ താരമായ കാർത്തികേയയേയും ഇത്തവണത്തെ മെഗാ ലേലത്തിൽ നിന്നാണ് റോയൽസ് സ്വന്തമാക്കിയത്. സ്പിൻ അനുകൂല വിക്കറ്റുകളിൽ, ഈ യുവ താരത്തെ രാജസ്ഥാൻ ഇമ്പാക്ട് പ്ലേയറാക്കി ഇറക്കാൻ സാധ്യത വളരെ കൂടുതലാണ്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·