'ഈ സ്ഥാനം ഇനി വേണ്ടെന്ന് കണ്ണുനിറഞ്ഞാണ് മോഹൻലാൽ എന്നോട് പറഞ്ഞത്, അദ്ദേഹത്തിന്റെ രാജിക്ക് കാരണമുണ്ട്'

5 months ago 5

Devan

കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ നടൻ ദേവൻ സംസാരിക്കുന്നു | സ്ക്രീൻ​ഗ്രാബ്

കൊച്ചി: താരസംഘടനയായ അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ ദേവൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ വിഘടിച്ചുനിൽക്കുന്നവരും തന്നോടൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. അവരെ തനിക്കൊപ്പം നിൽക്കാൻ കൊണ്ടുവരും. ഇപ്പോഴുള്ള പ്രശ്നം അമ്മ എന്ന സംഘടനയുമായുള്ളതല്ല. വ്യക്തികൾ തമ്മിലാണ് പ്രശ്നം. അവർക്കുള്ളിലെ ഈ​ഗോയാണ് അതിന് കാരണമെന്നും ദേവൻ പറഞ്ഞു

ആരൊക്കെ തമ്മിലാണ് പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് അവരെ ഒരുമിച്ചിരുത്തുകയാണ് പ്രസിഡന്റ് ചെയ്യേണ്ടതെന്ന് ദേവൻ പറഞ്ഞു. അതിനുള്ള ഉത്തരവാദിത്തം പ്രസിഡന്റിനാണ്. അവരെ വിളിച്ചുവരുത്തി ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തുമിരുത്തി നമുക്ക് കൂടിയാലോചന നടത്താം. അമ്മയിൽ സാമ്പത്തിക തിരിമറിയുണ്ടെന്ന ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. എന്നാൽ താൻ പ്രസിഡന്റായാൽ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. സംഘടനയെ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണം ശരിയല്ല. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർ അമ്മയിലുണ്ട്. ഇന്നുവരെ അത്തരത്തിലൊരു സംസാരമോ പ്രവർത്തനമോ ആരിൽനിന്നും ഉണ്ടായിട്ടില്ല. അമ്മയിൽ കക്ഷി രാഷ്ട്രീയമില്ലെന്നും ദേവൻ വ്യക്തമാക്കി.

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാനുണ്ടായ സാഹചര്യത്തേക്കുറിച്ചുള്ള തന്റെ അഭിപ്രായവും ദേവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മോഹൻലാലിന് നേരിടേണ്ടിവന്ന ചില ചോ​ദ്യങ്ങളുണ്ട്. എല്ലാവരും വിരൽ ചൂണ്ടിയത് ലാലിനുനേരെയായിരുന്നു. അത് ശരിയല്ല. ആരോപണ വിധേയർക്ക് കുഴപ്പമില്ല. പക്ഷേ മോഹൻലാൽ എന്ന ആ മഹാനടനെ മാധ്യമങ്ങളുൾപ്പെടെ എല്ലാവരും ചോദ്യം ചെയ്യാൻ തുടങ്ങി. അതിലദ്ദേഹം വളരെയധികം വിഷമിച്ചു. നമ്മളെല്ലാം എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെയൊക്കെ വന്നല്ലോ, എനിക്കിനി ആ സ്ഥാനം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. സ്വാർത്ഥമായ താത്പര്യങ്ങളൊന്നുമില്ലാതെയാണല്ലോ നമ്മളിതിൽ നിൽക്കുന്നത്.

മോഹൻലാൽ ശരിക്കും വേദനിച്ചു. കണ്ണൊക്കെ നിറഞ്ഞിട്ടാണ് എന്നോട് സംസാരിച്ചത്. ഞാൻ തെറ്റുചെയ്തതു പോലെയാണ് തന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പിൻമാറിയതും. എല്ലാവർക്കും ഒപ്പമുണ്ടാകുമെന്ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ​ഗോപിയും പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് സാഹചര്യം." ദേവൻ പറഞ്ഞു.

തനിക്ക് ഒരു പാനലുമില്ലെന്ന് ദേവൻ അറിയിച്ചു. അം​ഗങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ തനിക്ക് വോട്ട് ചെയ്യട്ടേ. പാനലൊക്കെ തിരഞ്ഞെടുപ്പ് കഴി‍ഞ്ഞിട്ട് തീരുമാനിക്കാം. തന്നെ വിശ്വസിക്കുന്നവരുടെ വോട്ടാണ് തനിക്ക് ലഭിക്കുക. അത് കിട്ടുമെന്ന് ഉറപ്പുണ്ട്. ആരൊക്കെയാണ് എതിർസ്ഥാനാർത്ഥികളെന്ന് നോക്കിയിട്ടല്ല താൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതെന്നും ദേവൻ കൂട്ടിച്ചേർത്തു.

Content Highlights: Devan announces candidacy for AMMA presidency, discusses Mohanlal`s resignation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article