ഈശ്വരാനു​ഗ്രഹമുള്ള നടനാണ് മോഹൻലാൽ, അദ്ദേഹത്തിനുള്ളിലെ ചൈതന്യം അപൂർവങ്ങളിൽ അപൂർവം -ബ്ലെസി

4 months ago 5

Blessy and Mohanlal

ബ്ലെസി, മോഹൻലാൽ | ഫോട്ടോ: കെ.കെ. സന്തോഷ്, എൻ.എം. പ്രദീപ് | മാതൃഭൂമി

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസി. മോഹൻലാൽ നമ്മുടെ സ്വന്തം നടനാണ്. മലയാളത്തിന്റെ നടനാണ് അദ്ദേഹം. അങ്ങനെ നോക്കിയാൽ നമുക്കോരോരുത്തർക്കും ലഭിച്ച അം​ഗീകാരമായാണ് ഈ പുരസ്കാരത്തെ താൻ കാണുന്നത്. ഈശ്വരാനു​ഗ്രഹമുള്ള നടനാണ് മോഹൻലാലെന്നും ബ്ലെസി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ ഞായറാഴ്ച രാവിലെ മാത്രമാണ് താൻ മോഹൻലാലിന് സന്ദേശമയച്ചതെന്ന് ബ്ലെസി പറഞ്ഞു. 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററി കഴിഞ്ഞദിവസം രാത്രി അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അതിന് മറുപടിയായി ലവ് ആൻഡ് പ്രെയേഴ്സ് എന്നാണ് അദ്ദേഹം അയച്ചത്. ഇത്രയധികം തിരക്കിൽ നിൽക്കുമ്പോൾ പോലും അദ്ദേഹം മറുപടി തന്നു. അപ്പോഴാണ് പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തിന് ഒരു മറുപടി അയച്ചില്ലല്ലോ എന്നോർത്തത്. ചെറിയ കാര്യങ്ങളെപ്പോലും കരുതാനുള്ള മനസിന്റെ ഉടമ കൂടിയാണ് മോഹൻലാൽ. നടനെന്നതിലുപരി മനസിന് വലിപ്പം സൂക്ഷിക്കുന്ന, സ്നേഹത്തേക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വലിയ മനുഷ്യനാണ് അദ്ദേഹമെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.

"ലോക അൾഷൈമേഴ്സ് ഡേയാണ് ഞായറാഴ്ച. തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന നടൻ മറവിരോ​ഗത്തിന്റെ തലങ്ങളും മറ്റും സാധാരണക്കാരായവർക്ക് മനസിലാവുന്ന തരത്തിൽ ഒരു റെഫറൻസ് എന്ന രീതിയിൽ അവതരിപ്പിച്ചു. പലഭാഷകളിലും ഈ ദിനത്തിൽ അദ്ദേഹംതന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. എല്ലാ സംവിധായകരേയും അദ്ഭുതപ്പെടുത്തുന്ന പ്രകടനംതന്നെയാണ് അദ്ദേഹം കാഴ്ചവെയ്ക്കാറ്. നല്ല സിനിമയോട് എപ്പോഴും ചേർന്നുനിൽക്കണമെന്ന ആ​ഗ്രഹമുള്ളയാളാണ് മോഹൻലാൽ. പ്രണയം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം ഉണ്ടായിരുന്നില്ല. കഥയായിട്ട് കേൾക്കുമ്പോൾ പ്രാധാന്യമില്ലാത്ത കഥാപാത്രമാണ് മാത്യൂസിന്റേത്. ആ വേഷം അദ്ദേഹം ചോദിച്ചുവാങ്ങിയതാണ്. വീൽ ചെയറിലിരുന്ന് ഒരു വേഷം ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. മുഖം മാത്രം അഭിനയിക്കുന്ന സാധ്യത മനസിലാക്കുകയായിരുന്നു അദ്ദേഹം.

അഭിനയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെക്കുറിച്ച് നിരന്തരമായി മനസിൽ പോരാടിക്കൊണ്ടിരിക്കുന്ന വലിയ വ്യക്തിത്വമാണ് മോഹൻലാൽ. ഇന്നും പുതിയ കഥാപാത്രങ്ങളിലേക്ക് പോകാനുള്ള ആ​ഗ്രഹമുണ്ട്. പുതിയ വേഷം ചെയ്യുക എന്നത് അദ്ദേഹത്തിന് ആവേശമാണ്. സിനിമയോട് കാണിക്കുന്ന സ്നേഹമാണത്. മോഹൻലാലിന് ഇത്തരം ഉന്നത പദവി ലഭിക്കുമ്പോൾ അദ്ദേഹത്തിൽനിന്ന് ഇനിയും വരേണ്ട സിനിമകൾക്ക് മൊത്തത്തിൽ സൗന്ദര്യവും മൂല്യവുമെല്ലാം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ മലയാള സിനിമായിലെ സംവിധായകർ ബാധ്യസ്ഥരാണ്." ബ്ലെസി പറഞ്ഞു.

മോഹ​ൻലാലിനെ ഈശ്വരാനു​ഗ്രഹമുള്ള നടനായിട്ടാണ് തോന്നിയിട്ടുള്ളത്. തൊട്ടടുത്ത നിമിഷംവരെ മറ്റെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടന്ന് ഒരു പരകായ പ്രവേശം പോലെ കഥാപാത്രമായി മാറുകയാണ്. അദ്ദേഹ​ത്തിന്റെയുള്ളിൽ നിറയുന്ന ചൈതന്യമായിട്ടാണ് തോന്നുന്നത്. അത് ചിലപ്പോൾ ജന്മനാ ഉള്ളതോ ഈശ്വരന്റേതോ ആവാം. പക്ഷേ ഒരു കഥാപാത്രത്തിനെ അദ്ദേഹം ആവേശത്തോടെ ആവാഹിക്കുന്ന അവസ്ഥയുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ലാലേട്ടൻതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട് തനിക്കിങ്ങനെയൊക്കെ ചെയ്യാനാവുമെന്ന് എഴുതുമ്പോൾ ഉറപ്പുണ്ടാവുമോയെന്ന്. പക്ഷേ അദ്ദേഹം അതിനെല്ലാം തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Content Highlights: Director Blessy expresses joyousness implicit Mohanlal receiving the Dadasaheb Phalke Award

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article