Published: November 10, 2025 11:06 AM IST
1 minute Read
ബെംഗളൂരു ∙ ‘‘മുത്തച്ഛന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഇതിലേക്ക് ഏറെ ദൂരമുണ്ടായിരുന്നു. ക്ഷമയോടെ പരിശ്രമിച്ചു. ഒടുവിൽ അതു സഫലമായി’’– ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോളറായ റയാൻ വില്യംസ് പറയുന്നു. വിദേശത്തു കളിക്കുന്ന ഇന്ത്യൻ വംശജരെ ഉൾപ്പെടുത്തി ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ശ്രമഫലമായാണ് റയാൻ വില്യംസ് ടീമിലെത്തിയത്. വിദേശികൾ അവരുടെ പൗരത്വം റദ്ദാക്കി ഇന്ത്യൻ പൗരത്വം നേടണം എന്നതായിരുന്നു പ്രധാന നിബന്ധന. റയാൻ ഇത് അംഗീകരിച്ചതോടെയാണ് മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ പൗരത്വവും ടീമിൽ അംഗത്വവും നൽകിയത്.
ഓസ്ട്രേലിയൻ ഫുട്ബോൾ ടീമംഗമായിരുന്ന റയാൻ വില്യംസ് അമ്മ വഴി ഇന്ത്യക്കാരനാണ്. മുംബൈയിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽനിന്ന് ഓസ്ട്രേലിയയിലേക്കു കുടിയേറിയ കുടുംബം. റയാൻ വില്യംസിന്റെ മുത്തച്ഛൻ ലിങ്കൺ ഗ്രോസ്റ്റേറ്റ് 1950കളിൽ ബോംബെ ടീമിനായി സന്തോഷ് ട്രോഫി ഫുട്ബോളിൽ കളിച്ചിട്ടുണ്ട്. ഒരുനാൾ ഇന്ത്യൻ ടീമംഗമാവുകയെന്നത് അന്നു മുതൽ കുടുംബം ഉള്ളിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. റയാന്റെ ഇരട്ടസഹോദരൻ ആര്യൻ ഈ സ്വപ്നവുമായി കുറച്ചുകാലം ഇന്ത്യയിലുണ്ടായിരുന്നു. നെറോക്ക എഫ്സിക്കായി വർഷങ്ങളോളം കളിക്കുകയും ചെയ്തു. എന്നാൽ, 2019ലെ കോവിഡ് മഹാമാരി എല്ലാം തകിടം മറിച്ചു. ഇന്ത്യൻ പാസ്പോർട്ട് എന്ന സ്വപ്നം ഉപേക്ഷിച്ച് ആര്യന് ഓസ്ട്രേലിയയിലേക്കു മടങ്ങേണ്ടി വന്നു.
റയാൻ വില്യംസിന്റെ പരിശ്രമം പിന്നീടാണ് ആരംഭിക്കുന്നത്. 2 വർഷം മുൻപ് ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിയിലെത്തിയ അന്നുമുതൽ റയാൻ വില്യംസ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തിരഞ്ഞു തുടങ്ങിയതാണ്. ഇന്ത്യൻ പൗരത്വം ലഭിക്കാൻ 12 മാസം തുടർച്ചയായി ഇവിടെ താമസിക്കണമെന്ന നിബന്ധനയായിരുന്നു ആദ്യത്തേത്. ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ബെംഗളൂരുവിൽ താമസമാക്കിയ റയാൻ ആദ്യ നിബന്ധന മറികടന്നു. ഓസ്ട്രേലിയൻ പാസ്പോർട്ട് ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനമായിരുന്നു അടുത്തതായി വേണ്ടിയിരുന്നത്. മറ്റു 2 താരങ്ങൾ ബ്രിട്ടിഷ് പാസ്പോർട്ട് ഉപേക്ഷിക്കാൻ തയാറല്ലാത്തതിന്റെ പേരിൽ ഇന്ത്യൻ ടീമിൽ എത്താൻ പറ്റാതെ പോയതിന്റെ കഥകൾ റയാനെ പലരും ഓർമിപ്പിച്ചു. ഇന്ത്യൻ പൗരത്വം കിട്ടില്ലെന്നു പറഞ്ഞവരാണ് അധികവും. പക്ഷേ, താൻ പ്രതീക്ഷ കൈവിട്ടില്ലെന്നു റയാൻ പറയുന്നു.
ഒടുവിൽ, കഴിഞ്ഞ ദിവസം റയാൻ വില്യംസ് എന്നു പേരെഴുതിയ ഇന്ത്യൻ പാസ്പോർട്ട് കൈയിൽ കിട്ടി. ‘‘ജീവിതത്തിൽ ഇതിനെക്കാൾ വലിയൊരു സന്തോഷ നിമിഷമില്ല. അത്യധികമായ അഭിമാനം തോന്നുന്നു’’– റയാൻ പറയുന്നു. റയാൻ വില്യംസ് എന്ന സ്ട്രൈക്കർ ഇന്ത്യൻ ടീമിലേക്കു വരുമ്പോൾ പക്ഷേ, അത്ര ശുഭകരമല്ല ടീമിന്റെ അവസ്ഥ. ഏഷ്യൻ കപ്പിനു യോഗ്യത നഷ്ടമായതോടെ ഇന്ത്യയ്ക്ക് ഇനി പ്രധാനപ്പെട്ട മത്സരങ്ങളില്ല.
‘‘കുറച്ചു കൂടി നേരത്തേ പൗരത്വം ലഭിച്ചിരുന്നെങ്കിൽ എനിക്കു മുൻപത്തെ കളികൾക്കും ഇറങ്ങാൻ പറ്റുമായിരുന്നു. ഒരുപക്ഷേ, അത് എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവന്നിരുന്നെങ്കിലോ...!’’– റയാൻ വില്യംസിന്റെ നിരാശ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടേതു കൂടിയാവുന്നു.
English Summary:








English (US) ·