ഉഗ്രപ്രതാപിയായിരുന്ന ഗാവസ്ക്കർ; ബാറ്റിങ്ങിലെ ഏകാഗ്രത പോകും, പ്രധാനമന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല

5 months ago 6

1970-കളിലും 1980-കളിലും ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജാവായിരുന്നു സുനില്‍ ഗാവസ്‌ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ അക്കാലത്ത് ഗാവസ്‌ക്കറായിരുന്നു. എതിര്‍ ടീം പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇപ്പോഴിതാ കളിച്ചിരുന്ന കാലത്ത് ഗാവസ്‌ക്കര്‍ ആസ്വദിച്ചിരുന്ന ഗര്‍വിനെക്കുറിച്ചും അധികാരത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഗാവസ്‌ക്കറുടെ സഹതാരമായിരുന്ന കര്‍സണ്‍ ഗാവ്രി.

1975-ലെ പ്രഥമ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 174 പന്തില്‍ നിന്ന് 36* റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാവസ്‌ക്കറുടെ ബാറ്റിങ് ഏറെ കുപ്രസിദ്ധമാണ്. അന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന പലരും ഗാവസ്‌ക്കറുടെ ഈ സമീപനത്തില്‍ അതൃപ്തരായിരുന്നുവെന്നും അടിച്ചുകളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ നിര്‍ബന്ധബുദ്ധിയോടെ നിന്നുവെന്നും ഗാവ്രി പറഞ്ഞു. വിക്കി ലാല്‍വാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഞങ്ങള്‍ക്ക് ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് അറിയില്ലായിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 334 റണ്‍സ് നേടി, പക്ഷേ ഞങ്ങള്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍, ആ മത്സരത്തില്‍ സുനില്‍ 60 ഓവറുകളും കളിച്ചു. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനോ അല്ലെങ്കില്‍ പുറത്താകാനോ ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ഡ്രസ്സിങ് റൂമില്‍നിന്ന് സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ സുനില്‍ ഗവാസ്‌ക്കര്‍ 1970-കളിലെ സുനില്‍ ഗവാസ്‌ക്കര്‍ ആയിരുന്നു. അദ്ദേഹം ആരുപറയുന്നതും അനുസരിക്കുമായിരുന്നില്ല'', ഗാവ്രി വ്യക്തമാക്കി.

''ടോണി ഗ്രിഗ്, ജെഫ് അര്‍നോള്‍ഡ്, ക്രിസ് ഓള്‍ഡ്, ബോബ് വില്ലിസ് എന്നിവരുടെ ഓവറുകളെല്ലാം അദ്ദേഹം കളിച്ചുതീര്‍ത്തു. 'ഭാവിയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഞാന്‍ ഈ ആളുകളെ നേരിടുകയായിരുന്നു, അവര്‍ക്കെതിരെ പരിശീലനം നടത്തുകയായിരുന്നു' എന്നായിരുന്നു മത്സര ശേഷം അദ്ദേഹം പറഞ്ഞ കാരണം. ഡ്രസ്സിങ് റൂമില്‍ വലിയ കോലാഹലങ്ങളുണ്ടായി. ഞങ്ങളുടെ മാനേജര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, 'എന്നെ ഒറ്റയ്ക്ക് വിടൂ' എന്നാണ് ഗാവസ്‌ക്കര്‍ പറഞ്ഞത്'', ഗാവ്രി കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങിലെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി ഗാവസ്‌ക്കര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാന്‍ വിസമ്മതിച്ച മറ്റൊരു സംഭവവും ഗാവ്രി വെളിപ്പെടുത്തി.

''അന്ന് സുനില്‍ ഗാവസ്‌ക്കര്‍ ബാറ്റിങ്ങിന് തയ്യാറായി പാഡ് ചെയ്ത് ഇരിക്കുകയാണ്. അദ്ദേഹം ഡ്രസ്സിങ് റൂമിലിരുന്ന് മനസ്സ് ഏകാഗ്രമാക്കുകയായിരുന്നു. രാജ് സിങ് ദുന്‍ഗര്‍പുര്‍ അവിടെ ഉണ്ടായിരുന്നു. ഗാവസ്‌ക്കറാകട്ടെ കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ പോകുന്നു. അതിനിടയില്‍ അദ്ദേഹം ഏകാഗ്രതയോടെ ഇരിക്കുകയായിരുന്നു. ഈ സമയം രാജ് സിങ് പറഞ്ഞു, 'എല്ലാവരും വരൂ, പ്രധാനമന്ത്രി ഇവിടെയുണ്ട്. കൂടിക്കാഴ്ച നടക്കും, രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ എടുക്കൂ'. എല്ലാവരും പുറത്തേക്ക് പോയി. പക്ഷേ സുനില്‍ പറഞ്ഞു. 'ഞാന്‍ വരുന്നില്ല, ഞാന്‍ ഏകാഗ്രതയോടെ ഇരിക്കട്ടെ, എന്റെ ബാറ്റിങ് എനിക്കും എന്റെ ടീമിനും പ്രധാനമാണ്'. അവര്‍ അദ്ദേഹത്തെ ഒറ്റയ്ക്കു വിട്ടു'', ഗാവ്രി പറഞ്ഞു. അന്ന് ഗാവസ്‌ക്കറെ കാണാന്‍ മാത്രമാണ് പ്രധാനമന്ത്രി ഡ്രസ്സിങ് റൂമില്‍ വന്നതെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1971 മുതല്‍ 1987 വരെ തന്റെ പ്രതാപകാലത്ത് സുനില്‍ ഗവാസ്‌കര്‍ എപ്പോഴും ഒരു ചാമ്പ്യനായിരുന്നുവെന്നും ഗാവ്രി ചൂണ്ടിക്കാട്ടി.

Content Highlights: Karsan Ghavri reveals Sunil Gavaskar`s arrogance during his playing days, including refusing to meet

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article