'ഉണ്ട’ ചിത്രീകരണത്തിനിടെ നിക്ഷിപ്ത വനമേഖലയിലുണ്ടായ നാശനഷ്ടം,വന്യജീവി സങ്കേതങ്ങളിൽ ഷൂട്ടിങ് വേണ്ട- HC

5 months ago 6

29 July 2025, 09:01 AM IST

wildlife sanctuary

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കൊച്ചി: സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളിലും ദേശീയപാർക്കുകളിലും വാണിജ്യസിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണത്തിന്‌ അനുമതി നൽകി സർക്കാർ 2013 മാർച്ച് 30-ന് പുറപ്പെടുവിച്ച ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി. നാലാഴ്ചയ്ക്കകം ഇതിനനുസൃതമായ ഉചിതമായ തുടർനിർദേശങ്ങൾ വനം ഉദ്യോഗസ്ഥർക്ക് നൽകാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

ഷൂട്ടിങ് തടയണമെന്ന ആവശ്യം നിരാകരിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരേ പെരുമ്പാവൂർ സ്വദേശി ഏഞ്ചൽസ് നായർ സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് ഉത്തരവ്.

2018-ൽ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെ കാസർകോട് നിക്ഷിപ്ത വനമേഖലയിൽ നാശനഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. വിദ്യാഭ്യാസതാത്‌പര്യമുള്ളതടക്കം വിവിധ വിഭാഗം ചലച്ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് വ്യത്യസ്ത ഫീസ് നിരക്കുകൾ നിശ്ചയിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുള്ളതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സംരക്ഷിതവനത്തിൽ അനുമതി നൽകാനുള്ള തീരുമാനം 1972-ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

പുഴയും വനവും തടാകങ്ങളും പോലുള്ള പ്രകൃതിവിഭവങ്ങൾ പൊതുജനത്തിൻറേതാണ്. ഈ തലമുറയുടെ മാത്രമല്ല, ഭാവി തലമുറയുടേതുകൂടിയാണ്. അത് സംരക്ഷിക്കാനുള്ള ട്രസ്റ്റി മാത്രമാണ് സർക്കാരെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളത് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Content Highlights: Kerala High Court deems 2013 bid allowing commercialized filming successful protected areas

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article