Published: September 22, 2025 12:56 PM IST
1 minute Read
കൊച്ചി∙ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഉണ്ണി മുകുന്ദൻ നയിക്കും. ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായാണ് ടീം മാനേജ്മെന്റ് ഉണ്ണിമുകുന്ദനെ ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടങ്ങിയകാലം തൊട്ട് ടീമിന്റെ ഭാഗമായിരുന്നു ഉണ്ണി. ക്രിക്കറ്റിനോടുള്ള താൽപര്യവും ടൂർണമെന്റുകളിൽ കളിച്ച പരിചയവുമാണ് ഉണ്ണിയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ടീം കോ–ഓണർ രാജ്കുമാർ സേതുപതി പറഞ്ഞു.
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബറിൽ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാൾ പഞ്ചാബി, ഭോജ്പുരി എന്നീ എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് കേരള സ്ട്രൈക്കേഴ്സ്.
കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സിസിഎലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണറപ്പായിരുന്നു. പഴയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളെയും ഇറക്കിയുള്ള ടീമായിരിക്കും ഇത്തവണ കേരള സ്ട്രൈക്കേഴ്സിന്റേത്. ഈ സീസണിൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാംപ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഇവിടെ വച്ചാണ് മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.
English Summary:








English (US) ·