ഉത്തരവാദിത്തങ്ങൾ കടിഞ്ഞാണിടാത്ത സാഹസികത, ബാറ്റിങ്ങിൽ എന്തൊരു പന്തടക്കം! ഹിന്ദി പറഞ്ഞ് ‘മൈൻഡ് ഗെയിം’ തന്ത്രം

7 months ago 7

അജയ് ബെൻ

അജയ് ബെൻ

Published: June 23 , 2025 09:44 AM IST

2 minute Read

  • വിമർശകരെക്കൊണ്ട് കയ്യടിപ്പിച്ച് ഋഷഭ് പന്തിന്റെ സെഞ്ചറി നേട്ടം

CRICKET-ENG-IND
ഋഷഭ് പന്തിന്റെ ബാറ്റിങ്. Photo: DARREN STAPLES / AFP

ആറു മാസം മുൻപ് മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിനിടെ അലക്ഷ്യമായ ഷോട്ടിൽ ഋഷഭ് പന്ത് വിക്കറ്റ് നഷ്ടമാക്കിയപ്പോൾ, കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗാവസ്കറിനു സമനില തെറ്റി. പന്തിന്റെ ഷോട്ടിനെ ‘അസംബന്ധം’ എന്നു പല തവണ വിളിച്ചുപറഞ്ഞാണ് സുനിൽ ഗാവസ്കർ അന്നു രോഷം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനമായ ശനിയാഴ്ച 99ൽ നിൽക്കെ ഒറ്റക്കൈ ബാറ്റുകൊണ്ട് സിക്സർ പറത്തി സെഞ്ചറി തികച്ചപ്പോൾ പന്തിന്റെ ചങ്കൂറ്റത്തെ വാഴ്ത്തുന്ന തിരക്കിലായിരുന്നു കമന്റേറ്റർ ഗാവസ്കർ. സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കണമെന്നും ബോളർമാരെ ബഹുമാനിക്കണമെന്നുമെല്ലാം വിമർശിച്ചവരെക്കൊണ്ട് കയ്യടിപ്പിക്കാൻ ഋഷഭ് പന്തിന് വേണ്ടിവന്നത് ഒരൊറ്റ ടെസ്റ്റ് ഇന്നിങ്സ്. ടെസ്റ്റിൽ കൂടുതൽ സെഞ്ചറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ (7), ഇംഗ്ലണ്ടിൽ കൂടുതൽ സെഞ്ചറികൾ നേടുന്ന വിക്കറ്റ് കീപ്പർ (3), വിദേശ ബാറ്റർ (17) തുടങ്ങിയ റെക്കോർഡുകളെല്ലാം ഒരൊറ്റ ഇന്നിങ്സിലൂടെ ഇരുപത്തേഴുകാരനു സ്വന്തമായി.

ഇന്ത്യൻ ടീമിലെ സാഹസികതയുടെ പര്യായമായ ഋഷഭ് പന്തിന്റെ മറ്റൊരു അസാധാരണ ഇന്നിങ്സിനാണ് ലീഡ്സ് ടെസ്റ്റ് വേദിയായത്. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിരമിക്കലിനുശേഷം തലമുറമാറ്റം സംഭവിച്ച ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബാറ്റർമാരിൽ പരിചയ സമ്പത്തിൽ രണ്ടാംസ്ഥാനക്കാരനാണ് പന്ത്. കൂടാതെ ടീമിന്റെ വൈസ് ക്യാപ്റ്റനും. പുതിയ ഉത്തരവാദിത്തങ്ങൾ പന്തിന്റെ സാഹസികതയ്ക്ക് കടിഞ്ഞാണിടുമോയെന്ന് ആശങ്കപ്പെട്ടവർക്കെല്ലാം ഒരൊറ്റ സെഞ്ചറിയിലൂടെ മറുപടിയായി. ബാറ്റിങ്ങിനിടെ കയ്യിൽനിന്നു ബാറ്റു തെറിച്ചുപോകുന്നതും ഷൂസ് ഊരിപ്പോകുന്നതും നിയന്ത്രണം വിട്ട് ക്രീസി‍ൽ വീഴുന്നതുമായ പതിവുകളെല്ലാം ഇത്തവണയുമുണ്ടായിരുന്നു. അതിനൊപ്പം ആരെയും കൂസാതെയുള്ള നിർഭയ ബാറ്റിങ്ങിനും മാറ്റമുണ്ടായില്ല. 178 പന്തുകളിൽ 12 ഫോറും 6 സിക്സും ഉൾപ്പെടെ പന്ത് നേടിയ 134 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ സ്കോറിങ് വേഗത്തിലാക്കിയത്.

സ്കോർ 99ൽ നിൽക്കെ ക്രീസ് വിട്ടിറങ്ങി നേടിയ സിക്സറിലൂടെ പന്ത് ഏഴാം ടെസ്റ്റ് സെഞ്ചറി തികച്ചപ്പോൾ മുൻപ് നഷ്ടമായ 7 സെഞ്ചറികളുടെ ഓർമകൾകൂടി ഒപ്പമോടിയെത്തി. ടെസ്റ്റ് കരിയറിൽ മുൻപ് 7 തവണയാണ് 91–99 റൺസുകൾക്കിടെ പന്തിനു വിക്കറ്റ് നഷ്ടമായത്. അതിൽ 3 പുറത്താകലുകൾ സിക്സറിലൂടെ സെഞ്ചറി തികയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു. കഴിഞ്ഞവർഷം ന്യൂസീലൻഡ‍ിനെതിരെ 99ൽ പുറത്തായതാണ് അവസാനത്തേത്.

വിലയുറപ്പിച്ച സെഞ്ചറി

കരിയറിനു തന്നെ ഭീഷണിയായി മാറിയ കാർ അപകടത്തെ അതിജീവിച്ച് 2024ൽ മടങ്ങിയെത്തിയെങ്കിലും തിരിച്ചുവരവിൽ പന്തിന്റെ ബാറ്റിങ് പ്രകടനങ്ങൾ ആശാവഹമായിരുന്നില്ല. സെപ്റ്റംബറിൽ ബംഗ്ലദേശിനെതിരായ പരമ്പര മുത‍ൽ 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പന്തിന്റെ ബാറ്റിങ് ശരാശരി ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് 37.61 മാത്രമായിരുന്നു. 2024ൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അതിനുശേഷം ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമായി. കഴി‍ഞ്ഞ വർഷത്തെ ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. 27 കോടി രൂപയ്ക്ക് ഐപിഎലിൽ ലക്നൗ ടീമിൽ എത്തിയിട്ടും പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ഈ തിരിച്ചടികൾക്കെല്ലാം മറുപടിയെന്നോണം ഇന്ത്യൻ സീനിയർ ടീമിൽ പന്തിന്റെ നിലയും വിലയും ഉറപ്പിക്കുന്ന ഇന്നിങ്സാണ് ലീഡ്സ് ഗ്രൗണ്ടിൽ ശനിയാഴ്ച കണ്ടത്.  

പന്തിന്റെ മൈൻഡ് ഗെയിം

പാഡിൽ സ്വീപ്പിന് ശ്രമിക്കുമ്പോൾ പന്ത് നിലത്തേക്കു വീഴുന്നത് മനഃപൂർവമാണെന്ന് പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ്. സ്വീപ്പിൽ കൂടുതൽ കൺട്രോൾ ലഭിക്കുന്നതിനും ബോളിനെ പരമാവധി ദൂരത്തേക്ക് പറത്താനുള്ള പന്തിന്റെ തന്ത്രമാണിതെന്ന് ശനിയാഴ്ചത്തെ മത്സരത്തിനിടെ സച്ചിൻ എക്സിൽ കുറിച്ചു. പാക്ക് വംശജനായ ശുഐബ് ബഷീറിനെയാണ് ഋഷഭ് പന്തിനെ വീഴ്ത്തുന്നതിനായി ഇംഗ്ലിഷ് ക്യാപ്റ്റൻ സ്റ്റോക്സ് തുടരെ പരീക്ഷിച്ചത്. ഹിന്ദി 
അറിയാവുന്ന ശുഐബിന്റെ ഏകാഗ്രത തകർക്കാൻ ഋഷഭ് പന്ത് നോൺ സ്ട്രൈക്കർ എൻഡിലുള്ള ശുഭ്മൻ 
ഗില്ലിനോട് തുടരെ ഹിന്ദിയിൽ 
സംസാരിച്ചു കൊണ്ടിരുന്നു. പന്തിന്റെ ഈ മൈൻഡ് ഗെയിമിനെയും 
സച്ചിൻ പുകഴ്ത്തി.

English Summary:

Rishabh Pant: Rishabh Pant's period successful the caller Test lucifer against England has silenced his critics. The innings showcased his fearless batting benignant and secured his presumption successful the Indian team.

Read Entire Article