Published: August 09, 2025 09:24 AM IST
1 minute Read
ന്യൂഡൽഹി ∙ ഉത്തേജക ഉപയോഗത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ കായിക താരങ്ങൾ. കഴിഞ്ഞവർഷം രാജ്യത്തെ 260 കായികതാരങ്ങളാണ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഉത്തേജക ഉപയോഗം കണ്ടെത്തിയ വർഷമാണിത്. 2021മുതൽ 24 വരെയുള്ള 4 വർഷത്തിനുള്ളിൽ 640 കായിക താരങ്ങൾ ഉത്തേജകം ഉപയോഗിച്ചെന്ന് കണ്ടെത്തിയതായും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
ദേശീയ, രാജ്യാന്തര താരങ്ങളാണ് ഇതിൽ ഭൂരിഭാഗം പേരും. ദേശീയ ഉത്തേജക പരിശോധന ഏജൻസിയായ നാഡ നടത്തിയ പരിശോധനയിലെ കണക്കുകളാണിവ. 4 വർഷത്തിനിടയിൽ രാജ്യത്തെ 19,218 കായിക താരങ്ങളാണ് പരിശോധനയ്ക്കു വിധേയരായത്.
ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) കണക്കുകളിലും പരിശോധനയിലും ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനങ്ങളിലും (എഡിആർവി) ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2019ൽ 225 കായിക താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ് കേസ്. 2023ലും ലോകത്ത് ഏറ്റവും അധികം ഉത്തേജക ഉപയോഗം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്; 213 കേസുകൾ. 2021ൽ 42 കായിക താരങ്ങളും 2022ൽ 125 പേരും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്.
അത്‌ലറ്റിക്സ് താരങ്ങളാണ് ഉത്തേജക ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ളത്. 77 അത്‍ലീറ്റുകളാണ് കഴിഞ്ഞ വർഷം പിടിക്കപ്പെട്ടത്. 43 കേസുകളുമായി വെയ്റ്റ്ലിഫ്റ്റിങ്ങും 29 കേസുകളുമായി ഗുസ്തി താരങ്ങളും തൊട്ടുപിന്നിലുണ്ട്. 2023ൽ 9 കേസുകൾ രേഖപ്പെടുത്തിയ ബോക്സിങ്ങിൽ 2024ൽ 17 കേസുകൾ ഉണ്ടായി.
ഉത്തേജക വിരുദ്ധ നിയമം നടപ്പാക്കിയ വളരെ ചുരുക്കം രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് കനത്ത നാണക്കേട് ഉണ്ടാക്കുന്നതാണ് കണക്കുകളെന്ന് കായിക മന്ത്രാലയം അറിയിച്ചു. 2022ൽ ആണ് ദേശീയ ഉത്തേജക വിരുദ്ധ നിയമം രാജ്യത്ത് നടപ്പാക്കിയത്. ദേശീയ ഉത്തേജക പരിശോധന ലബോറട്ടറിയുടെ (എൻഡിടിഎൽ) പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാനും നാഡയ്ക്ക് അധികാരം നൽകുന്നതായിരുന്നു ബിൽ. നാഡയുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഉത്തേജക വിരുദ്ധ ബില്ലിന്റെ ഭേദഗതി, നടപ്പു പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
∙ മുന്നറിയിപ്പുമായി ഐഒസി
ഉത്തേജക പരിശോധനയിൽ പരാജയപ്പെടുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം വർധിക്കുന്നതായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ഇന്ത്യൻ ഒളിംപിക് അസോസിയേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. 2036ലെ ഒളിംപിക്സ് നടത്താൻ താൽപര്യമറിയിച്ച ഇന്ത്യയുടെ മുന്നിലെ വലിയ വെല്ലുവിളിയായി ഐഒസി ചൂണ്ടിക്കാണിച്ചതും വർധിച്ചുവരുന്ന ഉത്തേജക ഉപയോഗമാണ്.
കായിക താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടാൽ അവരുടെ പരിശീലകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എഎഫ്ഐ) അടുത്തിടെ അറിയിച്ചിരുന്നു.
English Summary:








English (US) ·