12 April 2025, 03:32 PM IST

ഡി.പി. മനു | X.com
ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവും ജാവലിന്‍ താരവുമായ ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ വിലക്കിയത്. നേരത്തേ ദേശീയ ഇന്റര്‍-സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നാഡ താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബെംഗളൂരുവിലെ അത്‌ലറ്റിക് മീറ്റില്‍ ജേതാവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മനു നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. 2023 ഏപ്രിലില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 81.91 മീറ്റര്‍ ദൂരം എറിഞ്ഞാണ് മനു ജേതാവായത്. മീഥൈല്‍ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇത് ഉപയോഗിക്കുന്നതായി മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ജൂണ്‍ 24 മുതല്‍ തന്നെ താരത്തിന്റെ വിലക്ക് ബാധകമാണ്. 2023-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് 25-കാരനായ മനു വെള്ളി മെഡല്‍ നേടിയത്. ബുഡാപെസ്റ്റിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം ആറാമതെത്തിയിരുന്നു.
Content Highlights: javelin thrower DP Manu banned for 4 years doping








English (US) ·