തിരുവനന്തപുരം: കേരളാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം എഡിഷന് വ്യാഴാഴ്ച തുടക്കം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 17 ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ സഞ്ജു സാംസൺ ഉൾപ്പെടെ 106 താരങ്ങൾ ആറ് ടീമുകളിലായി അണിനിരക്കും. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ. ദിവസവും നടക്കുന്ന രണ്ട് കളികളിൽ ഒരെണ്ണം ഫ്ളഡ്‌ലിറ്റിലായിരിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരവും പ്രതിഫലവും ലഭിക്കുന്ന ചാമ്പ്യൻഷിപ്പിനായി വമ്പൻ നിക്ഷേപമാണ് ഫ്രാഞ്ചൈസികൾ നടത്തിയിരിക്കുന്നത്.
താരലേലത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ (കെസിഎ) രജിസ്റ്റർ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്. കെസിഎൽ ചാമ്പ്യൻമാർക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. റോളിങ് ട്രോഫിയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. മോഹൻലാലാണ് കെസിഎൽ ബ്രാൻഡ് അംബാസഡർ.
ആറ് ടീമുകൾ
അദാനി ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫിന്നസ് തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ടുതവണ വീതം ഏറ്റുമുട്ടും. നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബർ അഞ്ചിനാണ് സെമിഫൈനൽ. ഏഴിന് ഫൈനലും അരങ്ങേറും.
തത്സമയ സംപ്രേഷണം
ഉച്ചയ്ക്ക് 2.45-നും വൈകീട്ട് 6.45-നുമാണ് മത്സരങ്ങൾ. സ്റ്റാർ സ്പോർട്സ് -3 യിലും ഏഷ്യാനെറ്റ് പ്ലസിലും ഫാൻകോഡിന്റെ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങൾ ലൈവായി കാണാം. ഡിആർഎസ് റിവ്യൂ സംവിധാനം ഇത്തവണയുണ്ടാകും.
അഞ്ച് പിച്ചുകൾ
റണ്ണൊഴുകുന്ന അഞ്ച് പിച്ചുകളാണ് ഗ്രിൻഫീൽഡ് സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ നാല് പിച്ച് മാണ്ഡ്യ ക്ലേയിൽ തയ്യാറാക്കിയതാണ്. ഈ പിച്ചുകൾ ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. വടകര ക്ലേയിൽ നിർമിച്ച അഞ്ചാം പിച്ചിന് വേഗം കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.
മോഹൻലാൽ ഉദ്ഘാടനം ചെയ്യും; സഞ്ജു ഇന്നിറങ്ങും
നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയിലേഴ്സും റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും തമ്മിൽ ഉച്ചയ്ക്ക് 2.30-നാണ് ആദ്യ മത്സരം. തുടർന്ന് വൈകീട്ട് 6.30-ന് കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. 50 കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും. 7.45-ന് ട്രിവാൻഡ്രം റോയൽസും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരവും നടക്കും. കൊച്ചിക്കായി ഇന്ത്യൻതാരം സഞ്ജു സാംസൺ കളത്തിലിറങ്ങും.
ക്യാപ്റ്റൻമാർ
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്- രോഹൻ കുന്നുമ്മൽ
തൃശ്ശൂർ ടൈറ്റൻസ്- സിജോമോൻ ജോസഫ്
കൊച്ചി ബ്ളൂ ടൈഗേഴ്സ്- സാലി സാംസൺ
ആലപ്പി റിപ്പിൾസ്- മുഹമ്മദ് അസ്ഹറുദ്ദീൻ
ഏരീസ് കൊല്ലം സെയിലേഴ്സ്- സച്ചിൻ ബേബി
ട്രിവാൻഡ്രം റോയൽസ്- കൃഷ്ണപ്രസാദ്
കെസിഎൽ 2024
മത്സരം- 33
റൺസ്- 9625
വിക്കറ്റ്- 414
ബൗണ്ടറി - 695
സിക്സ്- 483
അർധസെഞ്ചുറി 42
സെഞ്ചുറി- 6
ഏറ്റവും കൂടുതൽ വിക്കറ്റ് - അഖിൽ സ്കറിയ (25)
ഏറ്റവും കൂടുതൽ റൺസ് - സച്ചിൻ ബേബി (528)
Content Highlights: KCL 2025 starts contiguous with Sanju Samson among 106 players successful 6 teams
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·