10 April 2025, 09:05 PM IST

കങ്കണ റണൗട്ട് | Photo: ANI
ഷിംല: ഇപ്പോള്‍ താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടെന്ന നടിയും എംപിയുമായ കങ്കണ റണൗട്ടിന്റെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ്. പല കാലത്തായി കുടിശ്ശികയാക്കിയതും രണ്ടുമാസത്തെ ഉപയോഗത്തിന്റേതും ഉള്‍പ്പെടുന്നതാണ് ബില്‍ തുകയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. ഒരുലക്ഷമല്ല, 90,384 രൂപയാണ് ബില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 16-ന് ശേഷം കങ്കണ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. കങ്കണ സ്ഥിരമായി ബില്‍ അടവ് വൈകിപ്പിക്കാറുണ്ട്. 32,000 രൂപയോളം കുടിശ്ശികയുണ്ടായിരുന്നു. മാര്‍ച്ചിലെ 28 ദിവസത്തിന് മാത്രം 55,000-ത്തിനടുത്താണ് ബില്‍. നവംബര്‍- ഡിസംബര്‍ മാസത്തെ ബില്‍ ജനുവരി 16-ന് അടച്ചശേഷം ജനുവരി- ഫെബ്രുവരി മാസത്തെ ബില്‍ അടച്ചിട്ടില്ലെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.
സാധാരണ വീടുകളേക്കാള്‍ 1500% അധികമാണ് കങ്കണയുടെ വീട്ടിലെ വൈദ്യുതി ഉപയോഗം. 700 രൂപയുടെ സബ്‌സിഡി താരത്തിന് ലഭിച്ചു. പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പ് കങ്കണ ബോര്‍ഡിനെ സമീപിക്കേണ്ടിയിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഹിമാചലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് വിമര്‍ശനം ഉന്നയിക്കവെ കങ്കണ തന്റെ വൈദ്യുതി ബില്ലിനെക്കുറിച്ച് സംസാരിച്ചത്. 'ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്‍ കണ്ട് എന്താണ് നടക്കുന്നതെന്നോര്‍ത്ത് എനിക്ക് ലജ്ജ തോന്നി', എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.
Content Highlights: Kangana Ranaut`s ₹1 Lakh Electricity Bill: Himachal Pradesh Responds
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·