ഉമ്മ മരിച്ചിട്ട് 40 ദിവസങ്ങള്‍! ഒരു യാത്ര പോയതാണ്, തിരിച്ചുവരും എന്ന വിശ്വാസത്തോടെ അനു സിത്താര

1 month ago 3
നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര . തനിക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ വേദനയിലാണിപ്പോള്‍ നടി. ഉപ്പയുടെ ഉമ്മ മരിച്ചിട്ട് നാല്‍പത് ദിവസം പിന്നിടുമ്പോള്‍ അനു സിത്താര പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറിയും സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നു.

അനു സിത്താരയുടെ വാപ്പ അബ്ദുള്‍ സലാമിന്റെ ഉമ്മയാണ് മരണപ്പെട്ടത്. അനു സിത്താരയും അവരെ ഉമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. ഉമ്മ ഒരു യാത്ര പോയതാണ്, തിരിച്ചുവരും- എന്ന ക്യാപ്ഷനോടെയാണ് ഉമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഉമ്മയില്ലാത്ത 40 ദിവസങ്ങള്‍. കുട്ടിക്കാലത്ത് ഉമ്മ എവിടെയെങ്കിലും പോയാല്‍ തിരിച്ചുവരുന്നത് വരെ ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു. ഇന്നും ഞാന്‍ ആ പഴയ കുട്ടി തന്നെയാണ്. ഉമ്മ വരുന്നതും കാത്ത് ഇന്നും ഞാനിവിടെ ഇരിക്കുകയാണ്- എന്നും അനു സിത്താര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിക്കുന്നു.

Also Read: സര്‍ജറിയോ, ഇന്‍ഞ്ചക്ഷനോ? ഈ മാറ്റം സംഭവിച്ചതെങ്ങനെ? അപ്പോഴും ഇപ്പോഴും വരുന്ന കളിയാക്കലുകൾക്ക് ഖശ്ബുവിൻറെ മകളുടെ മറുപടി

അനു സിത്താരയുടെ യൂട്യൂബ് ചാനലുകളിലൂടെ ഉമ്മ ആരാധകര്‍ക്ക് വളരെ അധികം പരിചിതയാണ്. ഉമ്മയുടെ സ്‌പെഷ്യല്‍ കുക്കിങ് വ്‌ളോഗുകള്‍ എല്ലാം അനു സ്ഥിരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്തിനും അനുവിന് പിന്തുണ നല്‍കുന്ന ആളാണ് ഉമ്മ.

രേണുക എന്നാണ് അനു സിത്താരയുടെ അമ്മയുടെ പേര്. വാപ്പയും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. മതം അവര്‍ക്കിടയില്‍ ഒരു വലിയ വിഷയമേ ആയിരുന്നില്ല. പത്താം ക്ലാസ് വരെയൊക്കെ തന്റെ സര്‍ട്ടിഫിക്കറ്റില്‍ മതം മുസ്ലീം എന്നായിരുന്നു, പിന്നീട് മാറ്റിയതാണ് എന്നും അനു സിത്താര പറഞ്ഞിട്ടുണ്ട്. അനു സിത്താരയുടെ ഭര്‍ത്താവ് ഹിന്ദുവാണ്. ജാതിയോ മതമോ തങ്ങളുടെ വീട്ടില്‍ വലിയ വിഷയമല്ല, ഹിന്ദു - മുസ്ലീം മതങ്ങളിലെ എല്ലാ ആചാരങ്ങളും താന്‍ ഫോളോ ചെയ്യാറുണ്ട് എന്നാണ് അനു സിത്താര മുന്‍പ് പറഞ്ഞിട്ടുള്ളത്.

ഉമ്മ മരണപ്പെട്ട ദിവസം അനു സിത്താര പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്

എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല... കുട്ടിക്കാലം മുതല്‍ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുന്നുണ്ട്. എന്റെ അടുത്തുതന്നെ ഇരുന്ന് 'മോളേ' എന്ന് വിളിക്കുന്നത് പോലെ.

എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാന്‍ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്‌നേഹിച്ച്, ഒരുപാട് നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് എന്റെ ഉമ്മ പോയി.

ഇടയ്ക്ക് ഉമ്മ സുധീര്‍ ആപ്പയുടെ അടുത്തും സുല്‍ഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോള്‍, 'പോകല്ലേ ഉമ്മ' എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാന്‍ തോന്നുകയാണ്. 'ഉമ്മ പോകല്ലേ' എന്ന് പറഞ്ഞ്.


അമ്പലങ്ങളില്‍ ഉത്സവ സമയത്ത് ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാന്‍ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാന്‍ മുന്‍നിരയില്‍ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്. ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാള്‍ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.

ഒരിക്കല്‍ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം. ഉമ്മയുടെ കഥകള്‍ കേള്‍ക്കണം, ഉമ്മയുടെ കവിളില്‍ ഒരുപാട് ഉമ്മകള്‍ നല്‍കണം. തമാശകള്‍ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം. എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം. ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം
Read Entire Article