Published: November 08, 2026 10:35 AM IST Updated: November 08, 2026 03:55 PM IST
1 minute Read
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ‘പോസ്റ്റർ ബോയ്’ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ; മുഹമ്മദ് സനാൻ. ജംഷഡ്പുർ എഫ്സിയുടെ മുന്നേറ്റനിരയിൽ കളിച്ച അനുഭവസമ്പത്തുമായാണു സനാൻ ബ്ലാസ്റ്റേഴ്സിന്റെ ഇടതു വിങ്ങിൽ ചേക്കേറിയത്. ഇരുപത്തിരണ്ടുകാരൻ സനാന്റെ മുഖത്തൊരു കുട്ടിത്തം ബാക്കിയുണ്ട്; കളത്തിൽ പക്ഷേ, തികച്ചും മച്വർ!
‘‘കൊൽക്കത്ത ക്ലബ്ബുകളും മുംബൈ സിറ്റി എഫ്സിയുമൊക്കെ എന്റെ ആലോചനകളിൽ ഉണ്ടായിരുന്നു. പക്ഷേ, ഞാൻ ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. പിന്നെ, ബ്ലാസ്റ്റേഴ്സ് സ്വന്തം നാട്ടിലെ ക്ലബ്ബല്ലേ? ഞാനെവിടെ കളിച്ചാലും എന്നെ ഫോളോ ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും മലയാളികളാണ്. സോ, ഐ ചോസ് ബ്ലാസ്റ്റേഴ്സ്’’ – 5–ാം ക്ലാസ് കഴിഞ്ഞു കേരളം വിട്ട സനാന്റെ സംസാരത്തിൽ ഇടയ്ക്കിടെ ഇംഗ്ലിഷും ഹിന്ദിയുമെല്ലാം കയറി വരും!
എങ്ങനെയാണു തുടക്കം?മലപ്പുറം മഞ്ചേരിക്കാരനാണു ഞാൻ. 6 –ാം ക്ലാസ് മുതൽ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സ് അക്കാദമിയിൽ പഠനം. റിലയൻസ് ഫൗണ്ടേഷന്റെ ഡവലപ്മെന്റ് ലീഗുകളിൽ കളിച്ചു. 2023ൽ ജംഷഡ്പുർ എഫ്സിയിലൂടെ ഐഎസ്എലിൽ എത്തി. ഏറ്റവും ഇളയ കുട്ടിയായിട്ടും ചെറുപ്പത്തിൽത്തന്നെ ഉപ്പയും ഉമ്മയും എന്നെ വളരെ ദൂരെ വിടാൻ മടിച്ചില്ല. അതെന്റെ ആത്മവിശ്വാസം കൂട്ടി. തുടക്കക്കാലത്തു പക്ഷേ, ഹോം സിക്‌നസും ഭക്ഷണവും (ദാലും ചോറും!) ഇത്തിരി വിഷമിപ്പിച്ചു. ഇപ്പോൾ, കൂൾ!
എന്താണു ബ്ലാസ്റ്റേഴ്സിലെ വൈബ്?ഒരുക്കങ്ങൾക്കു കുറച്ചു സമയമേ കിട്ടിയുള്ളൂ. നമ്മൾ മെച്ചപ്പെട്ടു വരുന്നു. ടീമിൽ എല്ലാവരും ഹാർഡ് വർക് ചെയ്യുന്നു. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ജയിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. എനിക്കും കരിയറിൽ കപ്പ് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ജംഷഡ്പുരിനൊപ്പം സൂപ്പർകപ്പ് ഫൈനൽ വരെ കളിച്ചു. ഇവിടെ, കപ്പ് ജയിക്കണം. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് ഉള്ളതുകൊണ്ടു കൂടിയാണു ഞാൻ ബ്ലാസ്റ്റേഴ്സിലേയ്ക്കു വന്നത്. അദ്ദേഹം ഡിമാൻഡിങ് ആണ്, ഡിസിപ്ലിൻഡ് ആണ്.
എന്താണു സനാന്റെ ഡ്രീം?ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു ആദ്യ സ്വപ്നം. അതു സാധിച്ചു. തുടർന്നും ദേശീയ ടീമിൽ കളിക്കണം. മത്സര പരിചയവും പ്ലെയിങ് ടൈമുമാണു നമുക്കു വേണ്ടത്. അതിപ്പോൾ കിട്ടിത്തുടങ്ങി. ഇപ്പോഴത്തെ സ്വപ്നം ബ്ലാസ്റ്റേഴ്സിനായി കപ്പ് ജയിക്കുക തന്നെ. ഫുട്ബോളിനു പുറത്ത്, വിഡിയോ ഗെയിം കളിക്കലാണ് ഇഷ്ടം. ഞാൻ നല്ലൊരു കേൾവിക്കാരനാണ്. കൗൺസലിങ് ചെയ്യാനിഷ്ടമാണ്; ഐ ആം ട്രയിങ് ടു ബി എ കൗൺസലർ!
English Summary:






English (US) ·