16 July 2025, 07:52 PM IST
.jpg?%24p=7c255b7&f=16x10&w=852&q=0.8)
Photo: AFP
ബാഴ്‌സലോണ: പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സ്പാനിഷ് താരം ലാമിന്‍ യമാല്‍ നടത്തിയ പാര്‍ട്ടി വിവാദത്തില്‍. ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ശാരീരികവെല്ലുവിളി നേരിടുന്നവരെ വിനോദോപാധിയായി ഉപയോഗിച്ചുവെന്നാണ് ഉയരുന്ന പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടായേക്കും. യമാലിന്റെ 18-ാം പിറന്നാള്‍ ആഘോഷമാണ് വിവാദത്തിലായത്.
വലിയ തോതില്‍ ആഘോഷപരിപാടികള്‍ നിറഞ്ഞതായിരുന്നു പിറന്നാള്‍ പാര്‍ട്ടി. ബാഴ്‌സലോണയില്‍ വെച്ച് നടന്ന പാര്‍ട്ടിയില്‍ ഡി.ജെ.യും വിവിധ നൃത്തപരിപാടികളും ഉണ്ടായിരുന്നു. എന്നാൽ ആഘോഷത്തിൽ ഉയരക്കുറവുള്ളവരെ പങ്കെടുപ്പിച്ചത് വിവാദത്തിലായി. പരിപാടി നടക്കുന്ന വേദിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹാളിന് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരത്തിനെതിരേ പരാതികളുയര്‍ന്നത്.
എഡിഇഇ എന്ന സംഘടന സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉയരക്കുറവുള്ളവരെ വിനോദമാര്‍ഗമായി ഉപയോഗിച്ചുവെന്നും ഇത് സ്പാനിഷ് നിയമങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖനായ ഒരാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എഡിഇഇ പ്രസിഡന്റ് കരോളിന പറഞ്ഞു.
വിഷയത്തില്‍ ആഴത്തിലുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് അധികൃതര്‍. യമാല്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ വന്‍ തുക പിഴ അടക്കേണ്ടിവരും. ഒരു മില്ല്യണ്‍ യൂറോയോളം താരത്തിന് പിഴ ലഭിച്ചേക്കാനാണ് സാധ്യത. വിഷയത്തില്‍ യമാലോ ബാഴ്‌സലോണയോ പ്രതികരിച്ചിട്ടില്ല.
Content Highlights: Lamine Yamal allegations of dwarf entertainers day party








English (US) ·